2013, മേയ് 20, തിങ്കളാഴ്‌ച

അച്ഛൻവയസ്സാവട്ടെ...

 ഉറങ്ങാൻ കിടന്നപ്പോൾ അമ്മുവും അനിയനും നാളെ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരുപാട് ചർച്ച ചെയ്യാൻ ഉണ്ടായിരുന്നു... എന്ത്? എങ്ങനെ? എപ്പോൾ ? അങ്ങനെ കുറെ ചോദ്യങ്ങൾ വന്നു അവരുടെ മനസ്സിൽ...

ചർച്ച ഉച്ചത്തിലായപ്പോൾഅപ്പുറത്തെ മുറിയിൽ നിന്ന് അച്ഛൻ വിളിച്ചു പറഞ്ഞു 'രണ്ടു പേരും കിടന്നു ഉറങ്ങിയേ... നേരം കുറെ ആയി...'
അച്ഛന്റെ ദേഷ്യപ്പെടൽ കേട്ടപ്പോൾ അനിയന്റെ മുഖം വാടിയത് അരണ്ട വെളിച്ചത്തിൽ അമ്മു കണ്ടു..

അമ്മു അവനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.. "നമ്മൾ അച്ഛനെ സഹായിക്കാനായിരുന്നു എന്ന് നാളെ അറിയുമ്പോൾ ഈ ദേഷ്യമൊക്കെ പോകും.."

പിറ്റേന്ന് പതിവിലും നേരത്തെ അമ്മു എഴുന്നേറ്റു.. അനിയനെയും വിളിച്ചു..
രണ്ടുപേരും അച്ഛനെ സഹായിക്കാൻ തയ്യാറെടുക്കുകയായിരുന്നു...

ഇന്നലെ ടിവിയിൽ കണ്ടതാണ്, ടിവിയിലെ 'ഒരു അച്ഛന്' കുറെ പൈസയുടെ ആവശ്യം വന്നു...
ഗത്യന്തരമില്ലാതെ അച്ഛൻ വിഷമിക്കുമ്പോൾ, മകൾ അവളുടെ മാലയും, വളയും ഊരി കൊടുത്ത് കൊണ്ട് പറഞ്ഞു..
"അച്ഛൻ ഇത് കൊണ്ട് പോയി വില്ക്കുകയോ പണയം വെക്കുകയോ ചെയ്തോളു.... "

ആ അച്ഛന്റെ മുഖം വിടർന്നു.. അന്ന് 'ആ' സ്വർണം കൊണ്ട്  'ആ' അച്ഛൻ എല്ലാ കാര്യങ്ങും നടത്തി സന്തോഷവാനായി വൈകുന്നേരം വീട്ടിലെത്തി...

ഇത് പോലെ തന്റെ അച്ഛനെയും സഹായിക്കണം അതാണ് അമ്മുവും അനിയനും ഇന്നലെ മുതൽ ചർച്ച ചെയ്തത്..

പക്ഷെ അമ്മുവിനു ഒരു മാലയും, കമ്മലുമാണുള്ളത് .. രണ്ടും അവൾക്കഴിക്കാൻ പറ്റില്ല... അമ്മ മാലയുടെ കൊളുത്ത് കടിച്ചു മുറുക്കി ഇട്ടു തന്നതാണ്.. കമ്മൽ അഴിക്കാൻ അറിയുകയും ഇല്ല...

പിന്നെ ഉള്ളത് പാദസരമാണ്... അത് കൊളുത്തഴിക്കാതെ കാലിലൂടെ ഊരാം..
അനിയൻ അത് കൊടുക്കാം എന്ന് പറഞ്ഞു... "വെള്ളിയും സ്വർണം പോലെ തന്നെ.. കുറെ കാശുകിട്ടും.."

പക്ഷെ... അമ്മുവിന് പാദസരം ഇഷ്ടമാണ്... പാദസരമില്ലാത്ത കാല് കാണാൻ ഒരു രസവും ഇല്ല...
"പാദസരം ഞാൻ കൊടുക്കൂല്ല...." അവൾ ഉറപ്പിച്ചു...

പിന്നെ എന്താ കൊടുക്കുക?

"മാല ഊരാം... നീ കൊളുത്ത് കടിച്ചു തന്നാൽ മതി..." അമ്മു..
"അല്ലെങ്കിൽ അച്ഛനോട് തന്നെ മാല ഊരി എടുക്കാൻ പറഞ്ഞാലോ..." അനിയൻ
"അത്  വേണ്ട... നമ്മൾ കയ്യിൽ തന്നെ കൊടുക്കണം.. അങ്ങനെയാ ആ കുട്ടി ചെയ്തെ..." - അമ്മു ടിവിയിൽ കണ്ട കുട്ടിയെ ഓർത്തു...

മാല ഊരാനുള്ള നീണ്ട പരിശ്രമം വിജയിച്ചില്ല..
കമ്മൽ ഊരാനുള്ള ധൈര്യവും ഇല്ല... "ചെലപ്പോ അതിന്റെ ആണി എങ്ങോട്ടെങ്കിലും തെറിച്ചു പോകും.. അത് വലിയവർ തന്നെ ഊരണം... " കൊളുത്ത് കടിച്ച് പല്ല് പുളിച്ച അനിയൻ സമ്മതിച്ചു...

അപ്പോഴാണ് അവരുടെ ആട്ടിൻകുട്ടി രംഗപ്രവേശനം ചെയ്യുന്നത്...

"കിട്ടി പോയി..." അനിയൻ തുള്ളിച്ചാടി..

 ആട്ടിൻ കുട്ടിയുടെ കഴുത്തിലുണ്ട് ഒരു വെള്ളി മണി.. അമ്മൂമ്മ കെട്ടി കൊടുത്തതാണ്..

"ആ... ആട്ടിൻ കുട്ടിക്ക് എന്റെ മുത്തുമാല കൊടുക്കാം... എന്നിട്ട് ആ മണി നമുക്കഴിച്ചെടുക്കാം... " അമ്മു പറഞ്ഞു...

അനിയൻ പോയി അടുക്കളയിൽ നന്ന് കത്തി കൊണ്ട് വന്നു.. രണ്ടു പേരും ആട്ടിൻ കുട്ടിയുടെ കാതിൽ എല്ലാ കാര്യങ്ങളും പറഞ്ഞ് നെറ്റിയിൽ തടവി... അത് സമ്മതത്തോടെ തലയാട്ടി...

വൈകുന്നേരം അച്ഛന്റെ വരവും കാത്ത് ഇരിക്കയാണ് രണ്ടാളും പടിക്കൽ തന്നെ...

അച്ഛൻ വന്നു കേറിയപ്പോൾ തന്നെ അമ്മുവും അനിയനും അച്ഛനെ ആ മണി ഏൽപ്പിച്ച് പറഞ്ഞു..

"അച്ഛൻ ഇത് കൊണ്ട് പോയി വില്ക്കുകയോ പണയം വെക്കുകയോ ചെയ്തോളു.... "

ഒന്നും മനസ്സിലാകാതെ അച്ഛൻ മുഖം ചുളിച്ചു..

അച്ഛന് ചായയുമായെത്തിയ അമ്മ കേറി പറഞ്ഞു... അറിഞ്ഞില്ലേ ഇന്നലെ തൊട്ട് രണ്ടു പേരും, പിന്നെ നമ്മടെ ആട്ടിൻ കുട്ടിയും, അച്ഛനെ സഹായിക്കാൻ ഓടി നടക്കുകയായിരുന്നു..

അച്ഛൻ ഒറ്റയ്ക്ക് കുടുംബഭാരം ചുമക്കണ്ടല്ലോ... ഇന്നലെ ടിവിയിൽ കണ്ടതാണത്രേ ഇങ്ങനെ എന്തോ...

എന്നിട്ടും  കാര്യം മുഴുവനും അച്ഛന് കത്തിയില്ല...

"അച്ഛാ.... ഇത് വെള്ളി മണിയാണ്... സ്വർണത്തിനെ പോലെ തന്നെ കുറേ കാശ് കിട്ടും വിറ്റാൽ... " അനിയൻ പറഞ്ഞു...
"പണയം വെച്ചാലും കിട്ടും.. " അമ്മുവും കൂടി...

കുടുംബഭാരം തലയിൽ വയ്ക്കാൻ തയ്യാറായി നില്ക്കുന്ന കുട്ടികളെയും ആട്ടിൻകുട്ടിയേയും നോക്കി അച്ഛൻ ചിരിച്ചു...
ആ മണി ആടിനു കെട്ടി കൊടുത്തു കൊണ്ട് പറഞ്ഞു...

 "നിങ്ങൾ വലുതായി, അച്ഛൻ വയസ്സാവുമ്പോൾ, സഹായിച്ചാൽ മതി കേട്ടോ... ഇപ്പൊ പോയി കളിച്ചോളൂ എല്ലാരും... "

"എന്നാൽ ശരി.. അച്ഛൻ വയസ്സാകുമ്പോൾ തരാം ഈ മണി... " - അനിയൻ മണി കെട്ടാൻ സഹായിച്ചു കൊണ്ട് പറഞ്ഞു...
"എടാ നമ്മൾ എത്ര വിചാരിച്ചാലും ഈ സിനിമയിൽ ഉള്ളത് പോലൊന്നും ആകുന്നില്ലല്ലോ ഒരു സീനും..." അമ്മു വിഷമിച്ചു... "അച്ഛന് പൈസ വേണ്ടേ?"

"അതിനു അച്ഛൻ വയസ്സാവട്ടെ... എല്ലാം ശരിയാവും.." അനിയൻ ഉറപ്പിച്ചു..

19 അഭിപ്രായങ്ങൾ:

  1. പിള്ള മനസ്സുകൾക്ക് കള്ളമില്ല.
    ഈ നല്ല മനസ്സ് വലുതായാലും കുട്ടികളിൽ ഉണ്ടായാൽ മതി.

    ആശംസകൾ നേരുന്നു

    www.ettavattam.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. കുട്ടികളില്‍ ഇവകളുടെ സ്വാധീനം നല്ല രീതിയില്‍ ആയാല്‍ നന്നായിരുന്നു..നല്ലൊരു കഥ നന്മകള്‍ വിളയട്ടെ ...

    മറുപടിഇല്ലാതാക്കൂ
  3. നിഷ്കളങ്കമായ കഥ....
    ഈ കുട്ടികളെ ഇപ്പോഴത്തെ ടി വി പ്രോഗ്രാമുകള്‍ കാണികണ്ട ... വഷളായി പോയെന്നു വരും....
    ആശംസകള്‍ .. ..

    മറുപടിഇല്ലാതാക്കൂ
  4. സൂക്ഷ്മവും സുന്ദരവുമായ കഥ. കാണുന്നതും കേള്‍ക്കുന്നതും കുട്ടികളെ സ്വാധീനിക്കുന്നതെങ്ങനെ എന്ന് രസകരമായി പറഞ്ഞു
    "എടാ നമ്മള്‍ എത്ര വിചാരിച്ചാലും ഈ സിനിമയില്‍ ഉള്ളത് പോലൊന്നും ആകുന്നില്ലല്ലോ ഒരു സീനും..."
    കുട്ടികളുടെ മാത്രമല്ല് മുതിര്‍ന്നവരുടേം ഒരു സങ്കടാണിത്.

    മറുപടിഇല്ലാതാക്കൂ
  5. കുട്ടികള്‍ അങ്ങനെയാണ് ...........എല്ലാം വീക്ഷിക്കും ,മനസ്സില്‍ സൂക്ഷിക്കും ,വേണ്ട സമയത്ത് അത് ഉപയോഗിക്കും .

    മറുപടിഇല്ലാതാക്കൂ
  6. ഇങ്ങനായാ എന്ത് ചെയ്യും.
    അച്ചന്‍ പിള്ളേര്‍ക്ക് പഠിക്കണോ അതോ
    പിള്ളേര്‍ അച്ചനു പഠിക്കണോ?
    ചെറുതും സൂക്ഷ്മവുമായ കഥ. ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  7. കുട്ടികളുടെ മനസ്സിൽ സ്വാധീനിക്കുന്ന കാര്യങ്ങൾ
    വളരെ ഭംഗി ആയി അവതരിപ്പിച്ചു...

    ലളിതമായ അവതരണം കഥയുടെ ഭംഗി
    കൂട്ടി....

    ഒരു കവിത ഓര്മ വന്നു...

    ഉണ്ണിക്കു പുതിയൊരു സോപ്പ് വേണം
    ടീവിയിൽ കണ്ടത് തന്നെ വേണം......
    ആശംസകൾ
    .

    മറുപടിഇല്ലാതാക്കൂ
  8. ഓരോരുത്തരുടെ പ്രൊഫൈലിലൂടെ കയറിക്കയറി അറിയാതെ എത്തിപ്പെട്ടതാ...ഇഷ്ടായി ട്ടോ...
    ഇനി ഇവിടുണ്ടാകും...

    മറുപടിഇല്ലാതാക്കൂ
  9. ആ കുഞ്ഞുമനസ്സുകളിൽ നല്ല ചിന്ത വരാനിടയായത് നല്ലതു തന്നെ. പക്ഷെ, അത് അതുപോലെ അനുകരിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. ഇപ്പോഴത്തെ ആളുകൾ അധികവും കാണുന്ന സീരിയലുകൾ അതുപോലെ അനുകരിക്കാൻ പോയാൽ എന്താവും സ്ഥിതി...?
    കഥ നന്നായിരിക്കുന്നു.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  10. കുട്ടുകളുടെ നിഷ്കളങ്കത നിഴലിക്കുന്ന കഥ നന്നായി അവതരിപ്പിച്ചു. ബ്ലോഗിൽ അതാതു സാഹിത്യ ശാഖ - ചെറുകഥ, അനുഭവം, ലേഖനം ഒക്കെ വെക്കണം എന്നാണു എന്റെ അഭിപ്രായം. ഇവിടെ ചെറുകഥ എന്ന് എഴുതാനും. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
    2. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി... :) സാഹിത്യ ശാഖ വച്ച് തരം തിരിക്കാൻ തുടങ്ങി... അഭിപ്രായത്തിനു നന്ദി സർ :)

      ഇല്ലാതാക്കൂ
  11. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും എല്ലാവര്ക്കും നന്ദി... :)

    മറുപടിഇല്ലാതാക്കൂ
  12. കുട്ടികളുടെ നിഷ്കളങ്കത! ആ മനസ്സാണ് വളര്‍ന്നു വലുതാകുമ്പോഴും കൂടെക്കാണേണ്ടത്.

    നല്ലൊരു കൊച്ചു കഥ!

    മറുപടിഇല്ലാതാക്കൂ
  13. കാര്യമായൊരു ഓര്‍മ്മപ്പെടുത്തലുള്ള കഥ.

    മറുപടിഇല്ലാതാക്കൂ
  14. അച്ഛൻ വയസ്സാവട്ടെ... എല്ലാം ശരിയാവും..

    മറുപടിഇല്ലാതാക്കൂ