2016, ജൂലൈ 28, വ്യാഴാഴ്‌ച

ശേഷം ചിന്ത്യം


പ്രണയത്തിന്റെ , അല്ല, പരസ്പര ആകര്ഷണത്തിന്റെ ആദ്യ ദിനങ്ങളിൽ അവനു ചെറിയ ക്ഷീണമുണ്ടായിരുന്നു, എന്തോ തളർച്ച.
അവനുള്ളത്‌ കൊണ്ട്, തളർച്ച ആദ്യം തളർന്നിരുന്നു, പിന്നെ വളർന്നു.

എന്തോ കാരണത്താൽ അവളെ ശ്രദ്ധിച്ചു, അത് കൊണ്ട് അവളും തിരിച്ച് ശ്രദ്ധിച്ചു. തികച്ചും സ്വാഭാവികം.

ചിരിയും, നോട്ടങ്ങളും വയറ്റിൽ പൂമ്പാറ്റകളെ പറത്തിയില്ല, പകരം ഒരു വേദനയാണ് തൊടുത്തു വിട്ടത്.
അവളുടെ കണ്ണിലും മുഖത്തും തിളക്കം കൂടി വന്നു, അവനു ക്ഷീണവും!

അടുത്ത പടി പ്രണയം എന്നിരിക്കേ അവൻ പറഞ്ഞു -
എനിക്കൊരു വേദനയുണ്ട്.
അവൾ പറഞ്ഞു - എനിക്കും.
"എനിക്കൊരു വയറു വേദനയാ"
"എനിക്ക് ഹൃദയ വേദനയും"
"അറിയാം, പക്ഷെ എന്റേത് അങ്ങനെയല്ല, അങ്ങനെ മാത്രമല്ല".
"ഉം"
"നാളെ മംഗലാപുരത്ത് പോയി കാണിക്കണം, എന്നിട്ടാവാം!"
"എന്ത് ?"
"അല്ല, പ്രേമിക്കാൻ മിനിമം താലികെട്ടാനുള്ള ആരോഗ്യമെങ്കിലും വേണല്ലോ? "
"ഏ? താലിയോ?"
"അയ്യോ അങ്ങനെയല്ല, ഞാൻ സന്ദര്ഭത്തിന് യോജിച്ച ഒരു സിനിമാ സംഭാഷണം പറഞ്ഞുന്നേ ഉള്ളൂ.. "
"ഉം, ഇപ്പൊ എല്ലാം സിനിമാ സ്റ്റൈൽ ആണല്ലോ "
"അങ്ങനെയാണോ?, സിനിമ ജീവിത സ്റ്റൈൽ ആവുകയല്ലേ, നമുക്ക് പറയാൻ പലതും അവിടുന്ന് കടമെടുക്കാൻ പറ്റുന്നുണ്ടല്ലോ, അവ ജീവിതത്തോടടുത്ത് തുടങ്ങുന്നു" !
"ഉം, ആയിക്കോട്ടെ"
"അപ്പൊ പറഞ്ഞു വന്നത്, നാളെ പോയി എന്റെ വേദനയുടെ കാര്യം ഒന്ന് തീരുമാനമാകട്ടെ, എന്നിട്ട് മതിയല്ലോ നിന്റെ വേദന"
"പക്ഷേ, അത് തുടങ്ങി പോയി "
"തുടങ്ങിയല്ലേ ഉള്ളു, നിർത്താൻ എളുപ്പമാകും "
"ഉം, നോക്കാം "
"നോക്കാം"

2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഫേസ്ബുക്ക്‌ ജാരന്മാരോടുള്ള ചോദ്യങ്ങൾ


അങ്ങനെ ഇങ്ങനെ ചാറ്റ് ചെയ്ത് ബോറടിക്കുമ്പോൾ,
എന്നെ ഇപ്പൊ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു തുടങ്ങാം - ഒരു അവിവാഹിതയ്ക്ക്.
കള്ളകാമുകർ ഒഴിവുകഴിവുകൾ, ഉത്തരവാദിത്ത്വം നീട്ടി നിരത്തും, ബ്ലോക്ക്‌ ചെയ്യപ്പെടും.
എനിക്കാരും ഇല്ലെന്നോ, ഭർത്താവ് ശരിയല്ലെന്നോ തുടങ്ങി
ഞാനും വരുന്നു കൂടെ എന്ന് പറയാം - ഒരു വിവാഹിതയ്ക്ക്.
എന്റെ ജീവിതം എന്നോ, വീട്ടുകാരുടെ പ്രതീക്ഷയെന്നോ,
ജീവിതത്തിന്റെ നെട്ടൊട്ടമെന്നൊ പറഞ്ഞ് ഓഫ്‌ലൈൻ ആകും.
എന്റെ കുഞ്ഞിനെ കൂടെ കൊണ്ട് വരും എന്ന് പറയാം - ഒരു അമ്മയ്ക്ക്
എനിക്ക് നിന്നെ മതിയെന്നോ, ഇതുപോലെത്ര വേണമെങ്കിലും ഞാൻ തരുമെന്നോ പറഞ്ഞേക്കും.
ഇനി കുഞ്ഞിനെയുമെടുത്തോ എന്നാണ് ഉത്തരമെങ്കിൽ,
ബാക്കി ജീവിതം മുഴുവൻ കണ്ണ് രണ്ടും അവരിലേക്ക്‌ സമർപ്പിക്കണം.
ആണായാലും പെണ്ണായാലും! അത് വേണ്ട! ലോഗൌട്ട് ചെയ്തേക്ക്.
ഇതിലൊന്നും പെടാതെ,
എനിക്ക് നിന്റെ ജാരനായി ഈ ഇല്ലാ ലോകത്തിൽ കഴിയാനാണിഷ്ടം എന്നാണെങ്കിൽ മടിക്കണ്ട,
അതൊരു കുടുംബത്ത് പെറന്ന ജാരൻ തന്നെ. പൂർണമായും അവിശ്വസിക്കാം!

2016, മാർച്ച് 19, ശനിയാഴ്‌ച

ഒറ്റ


ഒരേ വഴിയിലൂടെ, ഒന്നിനെ മാത്രം തേടിയുള്ള നാലാമത്തെ സഞ്ചാരമായിരുന്നു അത്.
കാണാതെ പോയൊരു പാദസരം തേടിയുള്ള നടത്തങ്ങൾ.

ട്യൂഷനു പോകാൻ ഇറങ്ങിയപ്പോഴാണ് ഒരു കാലിൽ പാദസരം ഇല്ലെന്ന് കണ്ടത്.

സ്കൂളിൽ നിന്ന് വന്നവഴി മുഴുവൻ തിരിച്ച് നടന്നു. ഇടതു വശം നോക്കി അങ്ങോട്ടും, വലതു വശം നോക്കി ഇങ്ങോട്ടും. പിന്നെ റോഡിനു നടുഭാഗം നോക്കി വീണ്ടും അങ്ങോട്ട്. എവിടെയും കാണാഞ്ഞപ്പോൾ നേരെ നടന്നു ടൂഷൻ ക്ലാസ്സിലേക്ക്. ഒരുപാട് താമസിച്ചിരുന്നു.
അമ്മയേക്കാളും വിശ്വസ്ത ട്യൂഷൻ ടീച്ചർ ആയതു കൊണ്ട് അവിടെ സത്യം പറഞ്ഞു.

എന്തായാലും ഈ വിഷയത്തിൽ സത്യവും കള്ളവും വീട്ടിൽ ജയിക്കില്ല.
കാണാതെ പോയത് കണ്ടുപിടിച്ചേ പറ്റൂ.

തിരിച്ച് വീണ്ടും റോഡിനു നടുഭാഗം നോക്കി നടന്നു.
വലതും ഇടതും നോക്കാൻ ചങ്ങാതിമാരെയും ഏൽപ്പിച്ചു.

മഴക്കാലമാണ്. എങ്കിലും അന്ന് മഴ കുറവായിരുന്നു. റോഡിനു ഇടതു വശം വെള്ളം ഒഴുകുന്നുണ്ട്.
ഒഴുക്കിൽപ്പെട്ട് പോയിക്കാണും എന്ന് വലതു ഭാഗം നോക്കുന്ന കുട്ടി പറഞ്ഞു. അതിനു മാത്രം ഒഴുക്കില്ലായെന്ന് ഇടതു ഭാഗവും.

ഇനി ഒഴുക്കിൽ പോയിട്ടുണ്ടെങ്കിൽ നോക്കണ്ട. വഴിയിൽ എത്ര ഒഴുക്കുകൾ ഉണ്ട്.. എല്ലാത്തിലും ഇറങ്ങി നടക്കാറുമുണ്ട്.
പാദസരം വേണ്ടായിരുന്നു. നടുവിലത്തെ കുട്ടിക്ക് കരച്ചിൽ വന്നു.

മറ്റേക്കാലിൽ ചിരിച്ചു നടക്കുന്ന പാദസരം അലോസരം ഉണ്ടാക്കി.
ലോകത്തിലെ ഏറ്റവും വലിയ ദുഖങ്ങളിൽ ഒന്നാണ് ഒറ്റപാദസരം!

കൂട്ടുകാരി കടിച്ചൂരി സഹായിച്ചു. അതും കയ്യിൽ വച്ചായി പിന്നെ നടത്തം.

നീ വെള്ളത്തിൽ ഇറങ്ങിയിരുന്നോ ?
'കാലു കഴുകാൻ കണ്ടിക്ക പീടിയേന്റെ ആട എറങ്ങീന്, പക്ഷേ ഇന്ന് ഒഴുക്കില്ലല്ലോ'.

ഒരു കാര്യം ചെയ്യാം.
ഈ പാദസരം വെള്ളത്തിലിട്ട് നോക്കിയാലോ, ഒഴുകി പോയോന്ന് ഉറപ്പിക്കാല്ലോ.

എല്ലാരും ആ ബുദ്ധി സമ്മതിച്ചു.
പാദസരം കുട്ടി വെള്ളത്തിലിടും, പിടിക്കാൻ ബാക്കി രണ്ടു പേർ മുന്നിലെ ഒഴുക്കില് നില്ക്കും.

പക്ഷേ വെള്ളം അതിബുദ്ധിമതിയായിരുന്നു.
ചെളിയിൽ ഒളിപ്പിച്ച് അത് പാദസരത്തെ കടത്തി കൊണ്ട് പോയി.

ആദ്യത്തെയാൾ കാലുകൊണ്ടും, രണ്ടാമത്തെയാൾ ഒഴിക്കിന് കുറുകെ കിടന്ന് മുഴുവൻ ശരീരം കൊണ്ടും തടയാൻ നോക്കിയെങ്കിലും,
അത് പോയി. അന്തമില്ലാത്തോരൊഴുക്കിലേക്ക്...

രണ്ടും നഷ്ടപ്പെട്ട കുട്ടി കണ്ണുകൾ കഴയ്ക്കുന്നത് വരെ ഒഴുക്ക് നോക്കി നിന്നു.

സമയം പോകുന്നു.. യാത്ര തുടരുന്നു.
കൂട്ടുകാരുടെ വീടുകൾ എത്തുന്നു. അവർ പിരിയുന്നു. കുട്ടി ഒറ്റയ്ക്കാവുന്നു.

ഇടവഴിയിലേക്ക് കടന്നു. വീടുകാണാം. കരിയിലകൾ കുതിർന്ന് വഴുതുന്നുണ്ട്.
ചെളിയിൽ പൂണ്ട ഇലകളും മാറ്റി മാറ്റി നോക്കി. എവിടെയെങ്കിലും ആദ്യത്തേത് കാണുമോ ?

വീട്ടിൽ എന്ത് പറയും ?
ചില ബുദ്ധികൾ കൂട്ടുകാർ ഉപദേശിച്ചിരുന്നു.

ഇന്ന് ഇത് വീട്ടിൽ പറയണ്ട. നാളെ ഏതെങ്കിലും ഒരെണ്ണം എവിടുന്നെങ്കിലും കിട്ടും. മിക്കതും സ്കൂളിൽ കാണും. എന്നിട്ട് പറയാം.
ഒരു പാദസരം പോകുന്നത് സാധാരണം.
ഇല്ലെങ്കിൽ സ്കൂളിൽ മറ്റ് ചങ്ങാതിമാരുമായി ആലോചിച്ച് എന്തെങ്കിലും ചെയ്യാം.
ഇന്ന് ഏതായാലും ഒന്നും പറയണ്ട.
ഒന്ന് പോയത് പോട്ടെ. രണ്ടും പോകുന്നത് അസാധാരണം അല്ലേ?

ഉള്ളിൽ കുറെ വെള്ളം ഒളിപ്പിച്ച് കരിയിലകൾ. ഒന്നമർത്തി ചവിട്ടിയാൽ വെള്ളം പൊങ്ങും. അവ മുങ്ങി പോകും.
കാലെടുത്താൽ വെറും നനഞ്ഞ ഇലകൾ.

അമ്മ പുറത്ത് വന്നു നോക്കി..
വീട്ടിൽ പോകാൻ ഭയം.
ചിലപ്പോൾ കേറി ചെല്ലുമ്പോൾ തന്നെ പിടിക്കപ്പെടും.
എന്തായാലും പോകാതെ പറ്റില്ലല്ലോ.

എന്താ വൈകിയേ എന്ന ചോദ്യത്തിന് 'മ്മ്ച്ചും' എന്ന് തോൾ ഉയർത്തി താഴ്ത്തി.

നേരെ മുറിയിലേക്ക് നടന്നു.
'ആ ചളീലൂട്ട വന്നതല്ലേ കാല് കഴ്കീറ്റ് പോ' - അമ്മ.

മുറിയിൽ കട്ടിലിന് താഴെ ആദ്യ പാദസരം കിടന്ന് ചിരിക്കുന്നു.
ഹെന്റമ്മേ! കുട്ടി ഉച്ചത്തിൽ വിളിച്ചു പോയി.


പുറത്തേ പൈപ്പിൽ കാലുകഴുകാൻ നിന്നപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു.

"അയ്യോ അമ്മേ എന്റെയൊരു പാദസരം കാണുന്നില്ല!!"