2012, ജൂലൈ 29, ഞായറാഴ്‌ച

വീണ്ടും ഒരു പ്രണയം കൂടി...

നല്ല കാര്‍മേഘമുണ്ട് .. സന്ധ്യ ആയതു പോലെ ഇരുണ്ടു...
ഡെസ്കില്‍ തല വച്ച് നോക്കിയാല്‍ ചാര നിറമുള്ള ആകാശം കാണാം..
ഭൂമിയും ആകാശവും കാമുകി കാമുകന്മാര്‍ ആണെന്ന് തോന്നും... എപ്പൊഴും കണ്ണോടു കണ്ണും നോക്കി ഇരിക്കും(?), അല്ല കിടക്കും..
പരസ്പരം ചിരിക്കും, കരയും, ഇടയ്ക്ക്  അടികൂടി മുഖം വീര്‍പ്പിചിരിക്കും, ദൂരെ ചക്രവാളങ്ങളില്‍ എവിടെയൊക്കെയോ വച്ച് അവര്‍ ആരും കാണാതെ കണ്ടു മുട്ടും...

മഴ തുടങ്ങി.. സൈഡിലെ ജനാലയില്‍ നിന്ന് ചാറല്‍ മുഖത്തേക്ക് അടിച്ചു... ഭൂമിക്കുള്ള പ്രണയ സന്ദേശം...

"വേണെങ്കില്‍ ബെഞ്ച്‌ ഇങ്ങോട്ടേക്കു നീക്കി ഇട്ടോളൂ കേട്ടോ.."
തീരെ സഹൃദയ അല്ലാത്ത ടീച്ചറും അത് കേട്ട് ബെഞ്ച്‌ മാറ്റി ടീച്ചര്‍-ന്റെ വായിലേക്ക് ഇരിക്കാന്‍ കുറച്ചു പഠിപ്പിസ്റ്റുകളും ...

ഈ ടീച്ചര്‍ വന്‍ സംഭവം ആണു...
വല്ല ചങ്ങന്പുഴ കവിതയോ, ബാല്യകാല സഖിയോ ആണ് ഇന്നത്തെ വിഷയമെങ്കില്‍ ടീച്ചര്‍ ഈ മഴയെ ഇപ്പോള്‍ പുകഴ്ത്തിയേനെ...
പക്ഷെ ഇന്ന് ഒരു താത്വചിന്തകയാണ് ടീച്ചര്‍..  ഇന്നത്തെ വിഷയം അങ്ങനത്തെ എന്തോ ആണെന്ന് പറയുന്നത് കേട്ടു..

പാഠങ്ങള്‍ മാറുമ്പോള്‍ ടീച്ചറും ആളാകെ മാറും.. അങ്ങനെ ഓരോ വര്‍ഷവും ഒരു പോലെ മാറി മാറി ഒരു പാട് വേഷങ്ങളിലൂടെ ...
നമ്മുടെ ഋതുഭേദങ്ങള്‍ പോലെ... കൊള്ളാം ആ ഉപമ നന്നായിട്ടുണ്ട്. എനിക്ക് എന്നെ തന്നെ അഭിനന്ദിക്കാന്‍ തോന്നി...

"നല്ല മഴ അല്ലെ? നിന്റെ വീട്ടിലെ കിണറില്‍ ഇനി എത്ര പട വെള്ളം കൂടെ കേരാനുണ്ട്  നിറയാന്‍?"

അടുത്തിരിക്കുന്ന കുട്ടി ഇത് ചോദിച്ചപ്പോള്‍ ഉള്ളില്‍ ചിരിച്ചു.. അപ്പൊ എല്ലാരും മഴയിലാ... ആരും ക്ലാസ്സില്‍ ഇല്ല... എന്നാല്‍ പിന്നെ ബെഞ്ച്‌ മാറ്റാന്‍ പറഞ്ഞപ്പോള്‍ എന്തിനാ ഇവരൊക്കെ സമ്മതിച്ചത്...
ആ ചാറല്‍ മഴ ആസ്വദിച്ചു വരികയാരുന്നു..
ഇപ്പോള്‍ ആകാശം കാണാന്‍ പറ്റുന്നില്ല... നനഞ്ഞു നില്‍ക്കുന്ന ഭൂമി മാത്രം...

പറഞ്ഞത് പോലെ വീടിലെ കിണറും രണ്ടു പട കൂടെ നിറയാനുണ്ട് .... അതും കൂടെ നിറഞ്ഞിട്ടു  വേണം കൈ വച്ച് വെള്ളം കോരാന്‍...

ഉച്ചയ്ക്ക് , ചോറുണ്ട് വരാന്തയില്‍ നിന്നപ്പോള്‍ പുറകില്‍ നിന്നൊരു വിളി...
"ഞാന്‍ കാണാന്‍ ഇരിക്കയാരുന്നു... ഒരു സഹായം വേണം... "
സ്കൂളിലെ ആസ്ഥാന കവി ആണു...
എന്താണാവോ? ആളെ അറിയാം.. വന്‍ പുലി ആണെന്നാ കേട്ടിട്ടുള്ളത്.. ആദ്യായിട്ടാ സംസാരിക്കുന്നത്..

"ഒരു ചിത്രം വരച്ചു തരണം... "
ഞെട്ടി പോയി.. പടച്ചോനെ.. ഞാന്‍ അത്ര വല്യ സംഭവം ആയോ? ഇങ്ങോട്ട് വന്നു ചിത്രം വരയ്ക്കാന്‍ എല്ലാം പറയാന്‍... വിശ്വസിക്കാന്‍ പറ്റുന്നില്ല...
എന്നാലും ചോദിച്ചു...

"എന്തിന്റെ ചിത്രമാ?"

"അത് സിമ്പിള്‍ .. ഒരു കണ്ണിന്റെ .. ഒറ്റ കണ്ണ്... അത് ചിരിക്കണം... അതായത് ചിരിക്കുന്ന ഒരു കണ്ണ് ... "
"നല്ല ഭംഗി ഉള്ളത് തന്നെ ആയിക്കോട്ടെ.. ഭംഗി വേണെങ്കില്‍ compromise  ചെയ്യാം.. പക്ഷെ കണ്ണ് ചിരിക്കണം .. നല്ല തെളിഞ്ഞു ചിരിക്കണം..."

കവിയല്ലേ.. ഏതെങ്കിലും കവിതയ്ക്ക് വേണ്ടി ആകും. വരച്ചു കൊടുത്തേക്കാം... അല്ലെങ്കിലും പുള്ളി പറഞ്ഞാല്‍ പറ്റില്ലാന്നു പറയാന്‍ പറ്റില്ലല്ലോ..

"ഓഹോ.. അങ്ങനെയോ... ഞാന്‍ നോക്കാം... "
"സമയം പോലെ മതി... പക്ഷെ പെട്ടെന്ന് കിട്ടുമെങ്കില്‍ അത്രേം നല്ലത്... "

എന്നാല്‍ പിന്നെ വേഗം വേണംന്നു പറഞ്ഞാല്‍ പോരെ.. എന്തിനാ ഈ സമയം പോലെ മതിന്നുള്ള ചുമ്മാ പറച്ചില്‍? formality ആവും..

"ആ പിന്നേ... കണ്ണാടി നോക്കി വരച്ചാല്‍ മതി... കേട്ടോ.."

അതിനെന്തു പറയണംന്നു ആലോചിക്കുന്നതിനും മുന്‍പേ കവി മഴയത്ത് മറഞ്ഞു...

വൈകുന്നേരം വീട്ടിലേക്കു നടക്കുമ്പോള്‍ ഭൂമിയും എന്റെ മനസ്സും ഒരു പോലെ മഴയില്‍ കുതിര്‍ന്നിരുന്നു...
കുതിര്‍ന്ന മനസ്സില്‍ ചിരിക്കുന്ന കവിയുടെ കണ്ണുകളും..

നേരെ ചെന്നത് കിണറ്റിന്‍ കരയിലേക്ക്... കിണറ്റില്‍ വെള്ളം അധികം കൂടിയോന്നുമില്ല... ഇനിയും രണ്ടു പട പൊങ്ങണം.. വെള്ളത്തിന്‌ നല്ല നീല നിറം വച്ചിട്ടുണ്ടെന്ന് തോന്നി...

കിണറ്റിന്‍ കരയില്‍ നിന്നപ്പോഴും വരയ്ക്കാന്‍ ഇരുന്നപ്പോഴും ഓര്‍ത്തു കമിതാക്കളെ കുറിച്ച്... ഭൂമിയുടെയും ആകാശത്തിനിന്റെയും പ്രണയത്തിനിടയിലൂടെ പ്രണയിക്കുന്ന മനുഷ്യരെ കുറിച്ചും...

എത്ര കണ്ണുകള്‍ വരച്ചിട്ടും ശരിയാകാത്തത് പോലെ.. നിറഞ്ഞ ചിരി ഒന്നിലും വരുന്നില്ല..
അല്ലെങ്കിലും ഒരു കണ്ണ് കൊണ്ട് നിറഞ്ഞു ചിരിക്കാന്‍ പ്രയാസമായി തോന്നി...

സാധാരണ കണ്ണ്  ചിരിപ്പിക്കുന്നത്.. ചെറുതാക്കി വരച്ച്  സൈഡില്‍ ചുളിവുകള്‍ ഇട്ടാണ്..
ഒറ്റ കണ്ണാകുമ്പോള്‍ അത് ശരിയാവുന്നില്ല ... ചുളിവുകള്‍ ചേരാത്തത് പോലെ... വരയ്ക്കാന്‍ അറിയില്ല എന്നും പറയാം ഈ അവസ്ഥയെ ....
കരയുന്ന കണ്ണായിരുന്നെങ്കില്‍ എളുപ്പം ആയിരുന്നു..

അല്ലെങ്കിലും ഈ കണ്ണ് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്ന് പറയാതെ എങ്ങനെയാ?
ആരുടെ കണ്ണ് ആണെന്നെങ്കിലും അറിയണ്ടേ... കണ്ണാടിയില്‍ നോക്കി വരയ്ക്കാന്‍ പറഞ്ഞ സ്ഥിതിക്ക് ഒരു പെണ്കുട്ടിയുടെതാകും..
കണ്ണിലെ ഭാവം? പ്രണയം ആകുമോ?
ഹേയ് അതാവില്ല...
അതൊന്നും പറഞ്ഞില്ലല്ലോ...

പറ്റുന്നത് പോലെ വരച്ചു നിര്‍ത്തി...
പക്ഷെ ഒരു തൃപ്തി വന്നില്ല...

ഭൂമിയും ആകാശവും ഉറങ്ങിയിരുന്നു.... അവരുടെ കണ്ണുകളിലെ പ്രണയം കെട്ടടങ്ങിയത് പോലെ തോന്നി... രാത്രി അല്ലെങ്കിലും എനിക്കിഷ്ടമല്ല..
എന്നും വേഗം നാളെ ആകണേ എന്ന് പ്രാര്‍ത്ഥിക്കും സന്ധ്യ ആയാല്‍.. ഇരുട്ടിനെ പണ്ട് തൊട്ടേ പേടിയാണ്...

homework  ഒക്കെ തീര്‍ത്തു പഠിച്ചെന്നു വരുത്തി വീണ്ടും പടം വരയ്ക്കാന്‍ ഇരുന്നു..
"ഇന്നെന്താ tv  കാണുന്നില്ലേ? " അമ്മയ്ക്ക് ആശ്ചര്യം ..
"ഇല്ല .. നാളെത്തേക്ക്  ഒരു ചിത്രം വരച്ചു കൊടുക്കണം... സ്കൂളിലെ ഒരു എട്ടന് ..."
"ഹും... "
ഏട്ടന്മാരുടെ കാര്യം പറഞ്ഞാല്‍ എപ്പളും ഉള്ളതാ ഈ ഇരുത്തി മൂളല്‍..


പിറ്റേന്ന് രാവിലെ നേരെ ചെന്നു കവിയുടെ അടുത്തേക്ക്...
"അതേയ് , എനിക്ക് വരയ്ക്കാന്‍ പറ്റണില്ല... ഇതാണ് ഞാന്‍ വരച്ചതില്‍ ഭേദപ്പെട്ട രണ്ടെണ്ണം.. ഇത് ഉദ്ദേശിച്ചത്ര ശരിയായി കാണില്ല എന്നറിയാം..."
"ഹും.." കവിയും ഇരുത്തി മൂളി..
എന്തിനാണെന്ന് പറയുകയാണെങ്കില്‍ വരയ്ക്കാന്‍ എളുപ്പമായിരുന്നു..
ആ കവിത കാണിച്ചു തരുമെങ്കില്‍ അപ്പൊ കുറച്ചൂടെ ഐഡിയ കിട്ടുമല്ലോ...ഞാന്‍ ഒന്നൂടെ വരച്ചു നോക്കാം...
"അതിനു കവിത റെഡി അല്ല... മനസ്സില്‍ ചെറിയ ഐഡിയ ഉണ്ട്... ഇന്ന് രാത്രി എഴുതണം എന്ന് വിചാരിക്കുന്നു... കണ്ണിന്റെ പടം കൂടെ കിട്ടിയാലേ അത് നടക്കൂ..."
കൊള്ളാം .... പടം കിട്ടിയാലേ കവിതയുള്ളൂ  .. കവിത കിട്ടിയാലേ പടം ഉള്ളു...

"ഹും .. എന്നാല്‍ ഞാന്‍ ഒന്നും കൂടെ നോക്കാം.."

"കണ്ണാടി  നോക്കി വരച്ചാല്‍ മതി കേട്ടോ.. "
തുടങ്ങി വീണ്ടും കണ്ണാടി..

"കണ്ണിലെ ഭാവം എന്താരിക്കണം ?"


"അത്...
രണ്ടു വരി ഞാന്‍ ചൊല്ലാം... അപ്പോള്‍ എന്ത് തോന്നുന്നോ അത്.. ആ ഭാവം മതി... ചിരിക്കരുത്... ഞാന്‍ പാടുന്നത് കേട്ടാല്‍ ചിരി വരും എന്നാലും ... "

കവി തൊണ്ട ശരിയാക്കി തുടങ്ങി...

 "ഇനി എന്ന് കാണും സഖീ നിന്‍ ചിരിയില്‍ കുളിരാന്‍ ?
  ഇനി എന്ന് കാണും ഞാന്‍ എന്നെ നിന്നഴാങ്ങളില്‍..."

"എന്ത് തോന്നുന്നു? "
"വിരഹം? അതാണോ? "
"മണ്ണാങ്കട്ട ... ഇത് കണ്ണിനെ കുറിച്ചാ... പ്രണയിനിയുടെ കണ്ണിനെ ആണ്  കവി സഖിയാക്കിയത്..."
"ഓഹോ .. അപ്പൊ..."
"അപ്പൊ ഒന്നും ഇല്ല... ആ കണ്ണില്‍ പ്രണയം മതി ഭാവം...അത്രേ ഉള്ളു... മനസ്സിലായോ? "


തകര്‍ത്തു പെയ്യുന്ന മഴയത്ത് ഇറങ്ങി ഓടാന്‍ തോന്നി... കണ്ണാടി നോക്കി വരച്ചാല്‍ മതിന്നും പറഞ്ഞ് ഇന്നലെ പോയപ്പോഴേ  എന്തോ ഒരിത് തോന്നിയതാ...

അന്നത്തെ ക്ലാസ്സില്‍ ആകാശവും ഉണ്ടായിരുന്നില്ല, ഭൂമിയും ഉണ്ടായിരുന്നില്ല... മനസ്സെവിടെയോ ആയിരുന്നു...
നിറഞ്ഞ മനസ്സോടെ എവിടെക്കെന്നില്ലാതെ ആലോചിച്ചിരുന്നപ്പോള്‍ അന്ന് പെയ്യുന്ന മഴയില്‍ മഴയില്‍ ഇന്ന്  കിണര്‍ നിറയും എന്നുറപ്പായിരുന്നു...
 
അല്ലെങ്കിലും ആകാശവും ഭൂമിയും അവര്‍ക്കിടയിലുള്ള എല്ലാരുടെയും മനസ്സില്‍ മഴയായ് പെയ്തും, മഞ്ഞായി ഉരുകിയും, വെയിലായ് ചിരിച്ചും ഇത്തിരി പ്രണയം വിടര്‍ത്തും.. എല്ലാരും സ്വന്തം പ്രണയത്തില്‍ ആയിരുക്കുമ്പോള്‍ അവരുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടില്ലല്ലോ..  പിന്നെ മഴയും വെയിലും നോക്കി സ്വന്തം പ്രണയം ഓര്‍ത്തു പാടിക്കോളും.. ആരും ഇവരെ കാണില്ല..

19 അഭിപ്രായങ്ങൾ:

 1. കലക്കി ഹരിപ്രിയ.. ഇനിയും എഴുതണം :)

  മറുപടിഇല്ലാതാക്കൂ
 2. നന്നായിരിക്കുന്നു എഴുത്ത്. കണ്ണ് മാത്രമായി വരച്ചാൽ ഉദ്ദേശിച്ച ഭാവം വരുമോ ? കരച്ചിലൊഴിച്ച്..

  എന്തായാലും കമ്പ്ലീറ്റ് മുഖം അങ്ങ്ട് വരച്ച് കവിക്ക് കൊട്ക്കാ.
  ഇംഗ്ലീഷിലെഴുതിയ ചില വാക്കുകൾ കൂടി മലയാളീകരിച്ചാൽങ്കൂടുതൽ നന്ന്

  മറുപടിഇല്ലാതാക്കൂ
 3. പ്രണയത്തിന്റെ നേർത്ത മണിക്കിലുക്കം....
  നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 4. കഥ വളരെ നന്നായി. അഭിനന്ദനങ്ങള്‍., അവിടവിടെ ചില അക്ഷരത്തെറ്റുകള്‍ കാണുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ
 5. മഴയും പ്രണയവും എന്നും വായിപ്പിക്കുന്ന വിഷയങ്ങളാണ്‌. അതിനപുറത്തേക്ക് പോയില്ല.
  കവി കൊടുത്ത വരികള്‍ തീരെപോരാ അക്കാര്യത്തില്‍ സംശയം ഇല്ല.
  പാഠത്തിനനുസരിച്ച് ടീര്‍ച്ചര്‍മ്മാരും മാറും എന്നത് വളരെ ഇഷ്ടപ്പെട്ടു. അത്രയ്ക്ക് കൃത്യമാണ്ത്.

  മറുപടിഇല്ലാതാക്കൂ
 6. kalochithamaaya kurippu
  yevideyum mazha thakarkkukayaanallo
  ithaa ividoru mazhakkatha all mazhaye chuttippattiyulla oru pranaya,,,,,,

  മറുപടിഇല്ലാതാക്കൂ
 7. wow!!!!!!!!!!!!!!!

  ഹരിപ്രിയാ എന്തു രസമായിരുന്നു വായിക്കാൻ.. ഈ കവിയുടെ ഡയലോഗ്സ് ഞാൻ പ്രയോഗിക്കും ഒരിക്കൽ ഒരിടത്ത് തീർച്ച..

  വളരെക്കാലത്തിനു ശേഷം ഒരുപാട് ചിരിപ്പിച്ച,ഒരുപാട് ഫീൽ ചെയ്യിപ്പിച്ച,ഒരു രചന തന്നതിനു ഒരുപാട് നന്ദി..

  [NB: നിങ്ങളുടെ ഓഫീസിൽ ഈ രചനയെ എത്തിക്കാൻ പറ്റുമോന്ന് ഞാൻ നോക്കട്ടെ.. ഹി ഹി you got it? ]

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @കണ്ണന്‍
   കഥ ഇഷ്ടപ്പെട്ടുന്നു പറഞ്ഞതിനു നന്ദി.. :)
   ഹിഹി..കവിയുടെ ഡയലോഗ് പ്രയോഗിച്ചു അടി വാങ്ങല്ലേ.. ;)
   അതെന്താ ഓഫീസില്‍ എത്തിക്കുന്ന കാര്യം ?? എനിക്കുള്ള പണി ആണോ ?

   ഇല്ലാതാക്കൂ
 8. കാള വാല് പൊക്കുന്നത് കണ്ടപ്പോഴേ തോന്നി .......:)

  മറുപടിഇല്ലാതാക്കൂ
 9. @കിരാതന്‍, @ശ്രീക്കുട്ടന്‍
  വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും(ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിനു) നന്ദി.. ;)

  @ sumesh vasu
  കണ്ണുകൊണ്ട് ഭാവം വരുന്ന കാര്യം സംശയം ആണു.. പക്ഷെ നന്നായി വരയ്ക്കാന്‍ പറ്റുന്ന പുലികള്‍ക്ക് പറ്റുമെന്ന് തോന്നുന്നു.. :)
  ഇംഗ്ലീഷ് വാക്കുകള്‍ മലയാളീകരിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം.. :)

  @ jayanEvoor
  :)

  @Arif Zain
  അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കാം :)

  @Fousia R
  എഴുതി കഴിഞ്ഞപ്പോള്‍ എനിക്കും തോന്നിയതാണ്.. പബ്ലിഷ് ചെയ്യണോന്നു കുറച്ചു ആലോചിച്ചു.. പിന്നെ കുറെ നാളത്തെക്ക് ശേഷം എഴുതിയത് കൊണ്ട് ചെയ്തു...
  കവിയുടെ വരികള്‍ ഉണ്ടാക്കാന്‍ ഞാന്‍ നന്നേ കഷ്ടപ്പെട്ടു.. ഹിഹി ... എല്ലാം ഇനി വരുന്നവയില്‍ ശ്രദ്ധിക്കാം.. :) അഭിപ്രായം അറിയിച്ചതില്‍ ഒരു പാട് നന്ദി.. :)
  ടീച്ചര്‍-ന്റെ ഭാവ മാറ്റം - പണ്ട് ഞാന്‍ ഇപ്പോഴും അത്ഭുതപ്പെടാറുണ്ട്.. :)

  @P V Ariel
  വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.. :)

  മറുപടിഇല്ലാതാക്കൂ
 10. ഹരിപ്രിയേ,നന്നായിട്ടുണ്ട്.വീണ്ടും വരാം.

  മറുപടിഇല്ലാതാക്കൂ
 11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 12. Kadha nannayi.. gave good reading...congrats...software engineerude kuthikkurippukal iniyum prathekshikkunnu...
  Shaji kurup

  മറുപടിഇല്ലാതാക്കൂ
 13. വായിക്കാന്‍ എത്താന്‍ വൈകിപ്പോയി. നല്ല പോസ്റ്റ്.

  മറുപടിഇല്ലാതാക്കൂ
 14. വളരെ നല്ല ലേഖനം.. ക്ലാസ്സ്‌ റൂമില്‍ ഇരുന്നു മഴ കാണുന്നതും വീട്ടിലെത്തി കിണറ്റിലെ വെള്ളം നോക്കുന്നതും ... ഇതൊക്കെ എന്‍റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി

  മറുപടിഇല്ലാതാക്കൂ
 15. നനുത്ത ഓര്മ ആയി മൃദുല സ്പര്ശം
  ആയി കവിത പോലെ ഒരു പ്രണയം.

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 16. വായിച്ചുകൊണ്ടിരിക്കുമ്പോൾ ചുണ്ടിൽ പുഞ്ചിരി വിടരുന്നത് അറിയുന്നു. മനോഹരം

  മറുപടിഇല്ലാതാക്കൂ