2010, ഡിസംബർ 21, ചൊവ്വാഴ്ച

ഉത്രാട കാഴ്ച


"അതേയ് ... ഇതുപയോഗിച്ച് പെട്ടെന്ന് ഇട്ലി, ദോശ ഉണ്ടാക്കാം .... " വളരെ പതിഞ്ഞ ശബ്ദം.

നല്ല തിരക്കുള്ള തിരുവനന്തപുരം statue junction -ലെ ഒരു കട, സന്ധ്യ ആയി, ഉത്രാട പാച്ചില്‍ തിമിര്‍ക്കുന്നു, ഓണം ആയതിനാല്‍ എല്ലായിടവും ഭയങ്കര തിരക്ക്  ...

"ഒരു പാലും കൂടെ വാങ്ങിച്ചു നമുക്ക് ഇപ്പൊ തന്നെ പോവാം" - എന്നും പറഞ്ഞു ചിറ്റ അടുത്തുള്ള ഒരു കടയിലേക്ക് കേറി. കടയില്‍ നല്ല തിരക്ക്. ഞാന്‍ പുറത്തു നിന്നു...

പെട്ടെന്ന് അടുത്ത് നിന്ന്‍ വീണ്ടും ചോദ്യം. വളരെ പതുക്കെ.
"ഇട്ലി, ദോശ ഉണ്ടാക്കാം ....  ഒരു കവര്‍ മാവ് എടുക്കുമോ ?"
അടുത്ത് നില്‍ക്കുന്നയാള്‍ - കണ്ടാല്‍ ഏതോ സര്‍ക്കാര്‍ ഉദ്യോഗസ്തനാണെന്ന് തോന്നും.

വേഷം പാന്റും ഷര്‍ട്ടും, മെലിഞ്ഞിട്ടാണ് എങ്കിലും നല്ല ആരോഗ്യം ഉള്ള പ്രകൃതം... മുഖത്തൊരു കണ്ണാടി  അല്പം ഗൗരവമുള്ള നോട്ടം...കയില്‍ ഒരു ചെറിയ ബാഗും ഈ മാവിന്റെ കവറും മാത്രം...

എനിക്കാദ്യം എന്താ ഇത് എന്ന് മനസ്സിലായില്ല ... അന്ന് നഗര സംസ്കാരം പഠിച്ചു വരുന്നതെ ഉള്ളു...
ഞാന്‍ ഇത് വരെ മാവ് പാക്കറ്റില്‍ കണ്ടിട്ടില്ല... കിട്ടും എന്നു  അറിഞ്ഞിട്ടും ഇല്ല ..
സാധാരണ അമ്മ അരിയും ഉഴുന്നും വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ച്ചെടുക്കുന്നതെ പരിചയം ഉള്ളു... പക്ഷെ സംഭവം  ഇന്‍സ്റ്റന്റ് മിക്സ്‌ ആണെന്ന് പിന്നെ മനസ്സിലായി.

പക്ഷെ ഇങ്ങനൊരാള്‍ - ഇത് വില്‍ക്കാനായിരിക്കുമോ ?
ചോദ്യം എന്നോട് തന്നെ ആണോന്നു, ഇരു വശത്തേക്കും നോക്കി ഞാന്‍ ഒന്ന് ഉറപ്പിച്ചു ...
"മോളെ ഇത് നല്ല മാവാ... ഒരു കവര്‍ എടുക്കുമോ ?" വളരെ പതുക്കെ ആരും കേള്‍ക്കാതെ വീണ്ടും അയാള്‍ പറഞ്ഞു.

ഇനി വല്ല തട്ടിപ്പും ആയിരിക്കുമോ ? സന്ധ്യ കഴിഞ്ഞാല്‍ ഈ നാട് ഞാന്‍ കണ്ടിടത്തോളം അത്ര പന്തിയല്ല. വേണ്ട എന്ന് പറഞ്ഞ് ഞാന്‍ കുറച്ചു മാറി നിന്നു.

ഒരു ഭാവഭേദവും ഇല്ലാതെ അയാള്‍ വീണ്ടും പറഞ്ഞു . "Please ഒരു കവര്‍ ?"
എന്തോ മനസ്സില്‍ ഒരു ഇടിവെട്ടിയത് പോലെ - പരിചയമുള്ള പലരുടെയും മുഖം ഓര്മ വന്നു. അച്ഛന്‍, അമ്മാവന്‍, വല്യച്ചന്‍  അങ്ങനെ പല  ഗൃഹനാഥന്‍മാരുടെയും മുഖങ്ങള്‍...
കണ്ടാല്‍ ഏതോ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ വീട്ടിലേക്കു സാധനവും വാങ്ങി ഓഫീസ്  കഴിഞ്ഞു പൊവുകയാണെന്നേ തോന്നു...

എനിക്കെന്തോ പോലെ തോന്നി, പാവം മനുഷ്യന്‍... ഇത് വിറ്റു കിട്ടിയിട്ട് അയാള്‍ക്ക്  വീടിലേക്ക്‌ എന്തൊക്കെയോ വാങ്ങനുണ്ടാകും, ഒരു പക്ഷെ ഒരു പാട് വയറുകള്‍ വീട്ടില്‍ ഉറങ്ങാതെ കാവല്‍ ഇരിക്കുന്നുണ്ടാകുമോ ? അറിയില്ല ..

ദൈവമേ ഇത് വിറ്റു കിട്ടിയാല്‍ എന്ത് കിട്ടും ? അല്ലെങ്കിലും ഒരു കവര്‍ ?

എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍  കുറച്ചു നേരം ആലോചിച്ചു നിന്നു...

"ഇതിനെത്രയാ?" - ഞാന്‍ അറിയാതെ ചോദിച്ചു പോയി...
 ഭാവ ഭേദമില്ലാതിരുന്ന കണ്ണുകള്‍ ചെറുതായി വികസിച്ചത് ആ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു 36
രൂപ.

പക്ഷെ ഇതും വാങ്ങിച്ചു അങ്ങോട്ട്‌ ചെന്നാല്‍..
അവളുടെ ഒരു മനസ്സലിവ്  എന്നോ,എടീ ഇതൊക്കെ സ്ഥിരം തട്ടിപ്പ് പാര്‍ട്ടികള്‍ അല്ലെ ?എന്നോ ഒക്കെ പറഞ്ഞ് വഴക്ക് കേള്‍ക്കുമോ എന്നൊരു പേടി. 
പക്ഷെ ഇതിപ്പോ എന്താ ചെയ്യാ  ?
ഞാന്‍ എന്റെ പേഴ്സ്  എടുത്തു പോയി...

ആകെ അതില്‍ 10ന്റെ 2 നോട്ട് - ഉം പിന്നെ കുറച്ചു ചില്ലറ പൈസയും...
36 രൂപ ഇല്ല... അപ്പൊ പിന്നെ - "വേണ്ട ..." ഞാന്‍ പറഞ്ഞൊഴിഞ്ഞു മാറി നിന്നു

വീണ്ടും ആ നിര്‍വികാരത കണ്ണുകളില്‍ കയറി...
പതിഞ്ഞ സ്വരത്തില്‍ ഒരിക്കല്‍ കൂടി "ഒരെണ്ണം എടുത്തു കൂടെ ?" - ആ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുമ്പ്, അല്ലെങ്കില്‍ ഞാന്‍ തിരിച്ച്  എന്തെങ്കിലും പറയുന്നതിന് മുമ്പ് അയാള്‍ അതേ നിര്‍വികാരതയോടെ അടുത്ത ആളെ തേടി പോയി...

2010, ഡിസംബർ 11, ശനിയാഴ്‌ച

ഭഗവതീടെ കോപം


അന്ന് മനസ്സാകെ പാറി പറന്നു നടക്കുക ആയിരുന്നു... സന്തോഷിക്കാന്‍ രണ്ടു കാര്യങ്ങള്‍....

ഒന്ന് : ഞങ്ങളുടെ കാവില്‍ ഉത്സവം തുടങ്ങുന്ന ദിവസം... അത് കൊണ്ട് സ്കൂള്‍ നേരത്തെ വിടും.... ഉച്ചയ്ക്ക് 2 പീരീഡ്‌ മാത്രമേ കാണു...

രണ്ട് : എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആണ് ചെരിപ്പിടാതെ റോഡിലൂടെ ഒന്ന് നടക്കണംന്നു ...

അന്നുച്ചയ്ക്ക്‌ ചോറുണ്ട് തിരിച്ചു പോരുമ്പോള്‍, അമ്മയുടെ കണ്ണ് വെട്ടിച്ച്, ചെരിപ്പിടാതെ ഒറ്റ ഓട്ടം വച്ചു....

സാധാരണ അമ്മയുടെയും അനിയന്റെയും കൂടെ ആണ് പോകാറ്,  പിന്നെ വഴിക്ക് നിന്ന് എന്റെ ക്ലാസ്സിലെ രണ്ട് കുട്ടികളും കൂടും. പക്ഷെ അന്ന് ആരെയും കാത്തു നിന്നില്ല. അവരെന്റെ നഗ്ന‍ പാദം കണ്ടാല്‍... പ്രത്യേകിച്ചും അമ്മ ചെരിപ്പിടാതെ വരാന്‍ സമ്മതിക്കില്ല...

റോഡിലെ ചെളിയും, വെള്ളവും എന്റെ കാലുകളെ പുണര്‍ന്നു....ഞാന്‍ നിര്‍വൃതി അടഞ്ഞു...

സ്കൂള്‍ എത്താറായപ്പോള്‍ ഒരു ചെളി കുണ്ടില്‍ന്നു കാല് കഴുകി ക്ലാസ്സിലേക്കോടി കേറി....
കാവില്‍ നിന്ന്നു ചെണ്ട കൊട്ട് നന്നായി കേള്‍ക്കാം... ഹോ ഈ രണ്ട് period കൂടെ കഴിഞ്ഞാല്‍ വീണ്ടും ചെളിയിലൂടെ ഓടി, അമ്മ കാണാതെ വീട്ടില്‍ കേറി കുളിച്ചു കാവിലേക്കും ഓടണം...

"ഹരി... നിങ്ങടെ കാവിലെ ദെവീന്റെ പെരെന്ത്ന്നാ  ?? " എന്റെ ചെരിപ്പില്ലായ്മ കാണാതിരിക്കാന്‍ ഞാന്‍ തത്രപ്പെട്ടു ഒന്നിരിക്കുന്നതിനിടയിലാണ് ഈ ചോദ്യം  bench - നിടയിലനെങ്കില്‍ കാല് കാണില്ലല്ലോ ....  

പക്ഷെ ആ നാട്ടുകാരിയായ അവള്‍ക്കു ആ കാവിലെ ദേവീടെ പേരറിയില്ല എന്നത് വെറുതെ ആണെന്ന് എനിക്ക് അറിയാം...

ഞങ്ങളുടെ ക്ലാസ്സില്‍ ഉള്ള കുട്ടികളെ പ്രധാനമായും രണ്ട് തരത്തില്‍ തിരിക്കാം.
കുന്നിന്റെ മോളില്‍ (മുകളില്‍) ഉള്ളവരെന്നും, കുന്നിന്റെ തായേ(താഴെ) ഉള്ളവരെന്നും.
കുന്നിന്റെ മോളില്‍ ഉള്ളവരുടെ കൂട്ടത്തില്‍ ആണ് ഞാന്‍ …

സ്കൂള്‍ കുന്നിനു മുകളില്‍ ആണ്, കുന്നിന്റെ ഇറക്കത്തില്‍ ....
സത്യത്തില്‍ സ്കൂള്‍ ആണ് നമ്മുടെ border...

മുകളിലുള്ളവര്‍ ഉച്ചയ്ക്ക് ചോറുണ്ണാന്‍ വീടിലേക്ക്‌ പോവും, കുന്നു കേറാന്‍ ഇത്തിരി പണി ആയതു കൊണ്ട് താഴത്തെ പൈതങ്ങള്‍ ഉച്ചയ്ക്ക് ചോറ് കൊണ്ട് വരും...

ഇതൊക്കെ ആണ് ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍...

മുകളിലും താഴെയും രണ്ട് ദേവീ ക്ഷേത്രങ്ങള്‍ ഉണ്ട്... രണ്ടും പുതിയ ഭഗവതി ക്ഷേത്രങ്ങള്‍...
മുകളില്‍ പണ്ടാരത്തും കണ്ടി പുതിയ ഭഗവതി ക്ഷേത്രവും, താഴെ കളത്തില്‍ കാവ്‌ പുതിയ ഭഗവതിക്ഷേത്രവും.

നാട്ടുകാര്‍ക്ക് രണ്ടും ഒരു പോലെ പ്രധാനമായവ, രണ്ടിടത്തും മുകളിലുള്ളവരും, താഴെ ഉള്ളവരും പോവും. ഒരേ പ്രതിഷ്ഠ..

പക്ഷെ നമ്മുടെ ക്ലാസ്സില്‍ മാത്രം ആ വിവേചനവും, അതിന്റെ പേരിലുള്ള ചില പ്രശ്നങ്ങളും നില നിന്ന് പോവുന്നു...
പേരു വച്ചുള്ള കളിയാക്കല്‍ - പണ്ടാരം എന്നത് സാധാരണ ആയി നമ്മള്‍ ഇത്തിരി മോശം അര്‍ത്ഥത്തിലാണ് ഉപഗയോഗിക്കാറ്...ആ പേരിലുള്ള കളിയാക്കല്‍  കുന്നിന്റെ മുകളിലുള്ളവര്‍ അനുഭവിക്കുന്നു.

തിരിച്ചു കളിയാക്കാന്‍ തക്കതായ ഒന്നും കാണാഞ്ഞതു കൊണ്ടല്ല...  ദൈവത്തിന്റെ കാര്യമായത് കൊണ്ട്  ഒരു ഭയം...

സത്യം പറയാമല്ലോ പണ്ടാരത്തും കണ്ടി എന്ന് പറയുമ്പോള്‍ എന്തോ ഒരു പന്തികേട്‌ എനിക്ക് പലപ്പോഴും  അന്ന് തോന്നാറുണ്ടായിരുന്നു..
പക്ഷെ അത് വച്ചു അവര് കളിയാക്കുന്നത് എനിക്കും അത്ര പിടിച്ചില്ല...പേരിട്ടത് നമ്മള്‍ ഒന്നും അല്ലല്ലോ ?
അങ്ങനെ ചെറിയ ഒരു ശീത സമരം ഇതിന്റെ പേരില്‍ അവിടെ ഉണ്ട് .

ആ ഒരു അവസ്ഥയില്‍ എന്നോട് ദേവിയുടെ പേരു ചോദിച്ചതിന്റെ പുറകിലുള്ള മനോവികാരം ഞാന്‍ ശെരിക്കും ഊഹിച്ചു....
ഞാന്‍ ഒന്നും മിണ്ടിയില്ല
"എന്തോളി ദെവീന്റെ പേരു പറയാന്‍ ഇത്ര മടി ?"
അടുത്ത ചോദ്യം
അതിനും ഞാന്‍ ഒന്നും മിണ്ടിയില്ല
ക്ലാസ്സിലെ കുന്നിന്റെ മോളിലുള്ള ഒരുത്തനെയും , ഒരുത്തിയും കാണാനും ഇല്ല ... ഓടിയത് കൊണ്ട് ഞാന്‍ മാത്രമാണ് നേരത്തെ എത്തിയത്...
എല്ലാരുടെയും മുന്നില്‍ വച്ചു ആ പദം - "പണ്ടാരം"  ഉപയോഗിക്കാന്‍ അന്ന് എന്റെ ദുരഭിമാനം അനുവദിച്ചില്ല …

ഞാന്‍ ഒരു വലിയ നുണ അങ്ങ് കാച്ചി.... അവര്‍ക്ക് മനസ്സിലായാലും സാരമില്ല...

"അതെ എനിക്ക് ഓര്മ കിട്ടുന്നില്ല. ദേവിന്റെ  പേരു ..."
പച്ചക്കള്ളം എന്ന് എല്ലാര്ക്കും അറിയാം എന്ന് പറയണ്ടല്ലോ ....

പിന്നെ എന്നെ അവര്‍ എതിരെട്ടത്‌  ഒരു നൂറു ഉപദേശങ്ങള്‍ വച്ചായിരുന്നു ...
ദേവിയുടെ പേരറിയില്ല എന്ന് പറഞ്ഞത് വല്യ ദോഷം ആണ്.
എന്ത് പേരായാലും എങ്ങനെയാ നിനിക്ക് അറീല്ലെന്നു പറയാന്‍ തോന്നിയെ ??
നിന്നെയും അന്നയും ഈ നാടിനെയും കാക്കുന്ന ഭഗവതിയാ ...കോപിക്കും നീ നോക്കിക്കോ...

പണ്ട് അന്റ വീട്ടിന്റടുത്ത്ണ്ടായ ഒരു ഏട്ടന്‍ ഇങ്ങനെ - പേരറിയൂല്ലാന്ന് പറഞ്ഞിറ്റ്  ഓറെ ഒരു പാമ്പ് കടിച് ... അറിയോ ??

ഉപദേശങ്ങളും, താക്കീതുകളും with example.....

ഓടി വന്നതിന്റെയോ ഈ ശകാരത്തിന്റെയോ  എന്നറിയില്ല ... ഞാന്‍ നന്നായി വിയര്‍ത്തു....

കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കൂട്ടാതെ വന്ന പരിഭവവുമായി എന്റെ കൂട്ടുകാര്‍ എത്തി... പരിഭവം ഈ വിവേചനത്തിന്റെ കഥ കേട്ടപ്പോള്‍ അവര്‍ മാറ്റി വച്ചു....
ബെല്ലടിച്ചപ്പോള്‍ ഇതിനു പകരം ചൊദിക്കാമെന്നേറ്റു ചിലര്‍ സമാധാനിപ്പിച്ചു സീറ്റുകളില്‍ പോയിരുന്നു...

സംസ്കൃതം ആണ് വിഷയം.... എനിക്ക് ഒരു ലവലേശം ഇഷ്ടമില്ലാത്ത സാധനം... എന്ന് വച്ചാല്‍ ഒറ്റ ക്ലാസ്സില്‍ പോലും നേരെ ശ്രദ്ധിക്കാറില്ല.... പിന്നെ പരീക്ഷയ്ക്ക്  ഓരോന്നിന്റെയും ഹിന്ദി കലര്‍ത്തിയ അസംസ്കൃതം എഴുതി (പെട്ടെന്ന് കണ്ടാല്‍ ടീച്ചര്‍ക്ക്‌ പോലും മനസ്സിലാവില്ല  - എഴുത്ത് ഒരു പോലെ ആണല്ലോ... ലിപി ;) ) അഡ്ജസ്റ്റ് ചെയ്യും...

അങ്ങനെ അന്നും എന്നത്തേയും പോലെ ക്ലാസ്സില്‍ ശ്രദ്ധിക്കാതെ ഇരുന്നു, മനസ്സ് നിറയെ ഭഗവതീടെ കോപം ആരുന്നു ...അത് കൊണ്ട് അന്ന് ക്ലാസ്സിനിടയ്ക്കു  “extra curricular activities” - ല്‍ ഒന്നും പോയില്ല...

അന്ന് പഠിപ്പിച്ച പാഠത്തിലെ ഗുരു നിന്ദയ്ക്ക്  പ്രായശ്ചിത്തമായി ഉമിതീയില്‍ നീറി മരിക്കാന്‍ വിധിക്കപ്പെട്ട ഒരു മഹാന്...  ഗുരു നിന്ദ മഹാ പപമെന്നൊക്കെ ടീച്ചര്‍ പറയുന്നത് ഒരു പാട് കാര്യങ്ങള്‍ ഓര്‍ക്കുന്നതിനിടയില്‍ എപ്പോഴോ കേട്ടു...

നീറുന്ന എന്റെ മനസ്സ് വീണ്ടും ഒന്ന്  പിടഞ്ഞു.... ചെയ്യുന്ന തെറ്റിന് ന്യായീകരണങ്ങള്‍ തേടി ഞാന്‍ വിഷമിച്ചു...
ശെരിയാണ്‌ ഞാന്‍ മാത്രമല്ല ആ ക്ലാസ്സില്‍ ശ്രദ്ധിക്കാത്തത്... എന്റെ അടുത്തിരിക്കുന്ന അശ്വതി... അവള്‍ ഇപ്പൊ ഞാന്‍ കേട്ട കാര്യം പോലും കേള്‍ക്കുന്നില്ല... പക്ഷെ അതിനിടയില്‍ എന്നോട് വര്‍ത്തമാനം പറഞ്ഞു കൊണ്ട്  അവള്‍ക്കു കിട്ടിയ imposition എഴുതുകയാണ്.... അതവള്‍ക്ക്‌ ഒരു ന്യായമായി വേണമെങ്കില്‍ പറയാം.. വീട്ടില്‍ നിന്ന് എന്ത് കൊണ്ട്  ചെയ്തില്ലെന്നും ഇന്നലെ എന്ത് കൊണ്ട് പഠിച്ചില്ലെന്നും ചോദിച്ചാല്‍ അതിനുള്ള ഉത്തരവും അവളുടെ കയ്യിലുണ്ടെന്ന് എനിക്കറിയാം... പക്ഷെ എന്റെ കാര്യം അങ്ങനെ അല്ല ...

ഇപ്പൊ ഞാന്‍ ഈ കാണിക്കുന്ന, ഇത് വരെ ഞാന്‍ കാണിച്ച ഗുരു നിന്ദ സത്യത്തില്‍ ന്യായീകരണം ഒന്നും ഇല്ലാത്ത നിന്ദ മാത്രമാണ്... എനിക്ക് മനസ്സില്ലാ മനസ്സോടെ അത് അംഗീകരിച്ചു മുഖം താഴ്ത്തി ഇരിക്കേണ്ടി വന്നു.

Desk - നിടയിലൂടെ എന്റെ കാല്‍ ഞാന്‍ കണ്ടു... കാല്‍ കഴുകിയ ചെളി വെള്ളം ഉങ്ങങ്ങി വൃത്തികേടായിരിക്കുന്നു.. ഇതെങ്ങാനും ആരെങ്കിലും കണ്ടാല്‍ എന്നെ പറ്റി എന്ത് കരുതും? വെറുതെ അല്ല
ചെരിപ്പിടാതെ വരാന്‍ അമ്മ സമ്മതിക്കാത്തത്...

മാതാ പിതാ ഗുരു ദൈവം എന്ന ടീച്ചര്‍ന്റെ  സമര്‍ത്ഥനയില്‍ എന്റെ ഒരു തെറ്റും കൂടെ ഞാന്‍ അംഗീകരിച്ചു...  അമ്മ കാണാതെ ആണ് ചെരിപ്പിടാതോടിയത്...

എല്ലാം കൂടെ ഇന്നോരുമിച്ചു എന്നിലേക്ക്‌ വന്നോ ? ദൈവമേ...
ഗുരു നിന്ദ, അമ്മയെ പറ്റിച്ച് കാണിച്ച കള്ളത്തരം, ദേവീടെ പേര്‍ അറിയില്ലാന്നു  പറഞ്ഞത് ... എല്ലാത്തിനും കൂടെ ഒരുമിച്ചാണോ അതോ വേറെ വേറെയാണോ കൊപിക്കുന്നത്.... ??

തിരിച്ചുള്ള, ഒറ്റയ്ക്കുള്ള ഓട്ടത്തിനിടെ, എന്റെ കാലുകള്‍ വേദന അറിഞ്ഞു...
ചെളിക്കും മണ്ണിനും കൂടെ റോഡില്‍ ഒരു പാട് കല്ലുകള്‍ ഉണ്ടായിരുന്നു എന്നും....
അത് കാവിലേക്കു ചെരിപ്പിട്ടു തന്നെ പോവാം എന്ന തീരുമാനതിലെക്കെന്നെ എത്തിച്ചു ...

എല്ലാത്തിനും പ്രായശ്ചിത്തം അത്യാവശ്യം.. ഞാന്‍ ഓര്‍ത്തു...
സ്വയം ഞാന്‍ എന്റെ കയ്യില്‍ നുള്ളി, ചോര പൊടിയുന്നത് വരെ... വേദന ബാധ്യതയോടെ ഞാന്‍ അനുഭവിച്ചു...

കുളിച്ചപ്പോള്‍ ആ മുറിവുകള്‍ വീണ്ടും നീറി... അതിനിടയില്‍ എന്റെ കൂട്ടുകാര്‍ വന്നതും വേഗം കുളിചിറങ്ങാന്‍ അമ്മ പറയുന്നതും ഞാന്‍ അറിഞ്ഞു...

എന്റെ കയ്യില്‍ 6 മുറിവുകള്‍... ചെയ്ത മൂന്നു മഹാപരധങ്ങള്‍ക്ക് 2 എണ്ണം വീതം...അത്യാവശ്യം ആഴത്തില്‍...

"അവര് നടന്നു ... നീ വേഗം റെഡി ആയി പോയെ... സന്ധ്യ ആയി..." അമ്മ ഓര്‍മ്മിപ്പിച്ചു...
അമ്മ തേച്ചു വച്ച ഉടുപ്പിടാതെ എനിക്കേറ്റവും ഇഷ്ടമില്ലാത്തതും, നീളന്‍ കയ്യും ഉള്ള ഉടുപ്പ് ഞാന്‍ തിരഞ്ഞു പിടിച്ചെടുത്തു... അതാകുമ്പോള്‍ എന്റെ കയ്യിലെ പ്രായശ്ചിത്തം ആരും കാണില്ല...

കൂട്ടുകാരുടെ ഒപ്പം എത്താന്‍ എളുപ്പ വഴി സ്വീകരിച്ചു ഞാന്‍ ഓടി...അപ്പൊ ഓര്‍ത്തു .. ഇന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ ഓടിയ ദിവസം ആണ്...

മനസ്സില്‍ന്റെ ഭാരം ചെറുതായി കുറഞ്ഞ പോലെ തോന്നി...
ഠപ്പ്...... തൊട്ടു പുറകില്‍ ഒരു വല്ലാത്ത ശബ്ദം...

എന്തന്നറിയാന്‍ തിരിഞ്ഞതെ ഉള്ളു .... എന്റെ തൊട്ടു പുറകെ ഒരു മരത്തില്‍ന്നു കറുത്ത നിറത്തില്‍ ഒരു പാമ്പ് താഴെ വീണു പിടഞ്ഞ്, ഇഴഞ്ഞ് ആ വഴി ക്രോസ് ചെയ്തു...ഒരടി പുറകെ ആയിരുന്നു ഞാന്‍ എങ്കില്‍ ....  ദൈവമേ ഓര്‍ക്കാനും കൂടെ വയ്യാ..

പേടിച്ചു പറവശയായ എനിക്ക് ഒരക്ഷരം മിണ്ടാനോ, ഒരടി അനങ്ങാനോ പറ്റിയില്ല. പോകുന്ന വഴിക്ക് പത്തി ഉയര്‍ത്തി എന്നെ ഒന്ന് തിരിഞ്ഞു നോക്കി അത് …

ഭഗവതിടെ കോപം, എന്റെ തെറ്റിനുള്ള താക്കീതു ആയിരിക്കും എന്ന് ഞാന്‍ ഓര്‍ത്തു... പക്ഷെ എന്റെ ഏതു
തെറ്റിനുള്ളതാകും ഇത് ?? ബാക്കി ഇനി എന്തൊക്കെയാണോ ആവൊ?? കണ്ണും അടച്ചു ഞാന്‍ വീണ്ടും ഓടി...

2010, നവംബർ 26, വെള്ളിയാഴ്‌ച

ഇവിടെ കഥകളുടെ ജനനം ഇങ്ങനെ....

"മോളേതു ക്ലാസ്സിലാ ? " എന്ന ചോദ്യത്തിനു
"ഇനി എട്ടാം ക്ലാസ്സിലേക്ക് " എന്ന ഉത്തരം നല്‍കി വരുന്ന കാലം. മധ്യ വേനലവധി...

അച്ഛനു പേപ്പര്‍ evaluation ഉണ്ടായിരുന്നത്  കൊണ്ട് നാട്ടില്‍ പോക്ക് കുറച്ചു നീക്കി വച്ചു.... വീട്ടില്‍ ഞാനും അനിയനും ഒരു പണിയും ഇല്ലാതെ തിന്നും കളിച്ചും ഉറങ്ങിയും സമയം കളയല്‍ പതിവാക്കി...

"വെറുതെ നടക്കാണ്ട് വല്ലതും എടുത്തു വായിച്ചൂടെ?" - ഈ ഉപദേശം അഥവാ ശകാരം അനുസരിച്ചു അടുക്കി വൃത്തിയാക്കിയ ബുക്ക്‌ ഷെല്‍ഫ് വരെ ഒന്ന് പോയി... അതുവരെ എല്ലാ അവസാന പരീക്ഷയും കഴിഞ്ഞാല്‍ ഇവയെ അടുക്കിവെക്കാന്‍ മാത്രമാണ് ഒന്ന് തൊടാറ് ... . അപ്പോഴൊന്നും ഒരിക്കല്‍ പോലും അവയുടെ വാക്കുകള്‍ക്ക് ചെവി കൊടുത്ത്തിട്ടില്ലായിരുന്നു....

ആ അവധി മുതല്‍ പുസ്തകങ്ങള്‍ എന്റെയും കൂട്ടുകാരായി മാറി. ജീവനുള്ളവരുടെ അലര്‍‌ച്ചകളെക്കാളും, ജീവനില്ലാത്ത ഈ മിതഭാഷകരെ ഞാന്‍ ആസ്വദിച്ചു.

എല്ലാവരും പറയുന്നത് പോലെ ഇരുണ്ട എന്റെ ലോകത്തേക്ക് അവ പ്രകാശം പരത്തി...


സ്വന്തമായി എഴുതിയത്  വീണ്ടും ഒരു വര്ഷം കൂടി കഴിഞ്ഞായിരുന്നു..
"ഒരു കഥ ജനിക്കുന്നു " എന്ന M .T  യുടെ "കാഥികന്റെ പണിപ്പുര" എന്ന പുസ്തകത്തിലെ ഒരേട്‌ .... അത് ഞങ്ങള്‍ക്ക് 9-ആം ക്ലാസ്സില്‍ പഠിക്കാനുണ്ടായിരുന്നു...

ആ പാഠം മലയാളം ടീച്ചര്‍ വളരെ നന്നായി തന്നെ എടുത്തു...  ഒരു കഥാകാരിയുടെ (അല്ലെങ്കില്‍ സാഹിത്യകാരി എന്ന് പൊതുവേ പറയാം ) മനസ്സോടെ, വാക്കുകളോടെ ടീച്ചര്‍ പഠിപ്പിച്ചു...

അവസാന ക്ലാസ്സില്‍ - "ഈ പാഠം പഠിച്ചിട്ടു നിങ്ങള്‍ ആരുടെ എങ്കിലും മനസ്സില്‍ ഒരു കഥ ജനിച്ചോ?" എന്ന്  പകുതി തമാശയും പകുതി കാര്യമായും ടീച്ചര്‍ ചോദിച്ചു...
പക്ഷെ പൂര്‍ണമായും അത് തമാശയ്ക്ക് എടുത്ത ഞാനടക്കമുള്ള ക്ലാസ്സ്‌ അതിനു ഒരു പൊട്ടിച്ചിരി മാത്രം മറുപടി നല്‍കി...

പ്രതീക്ഷിച്ച പോലെ ഞങ്ങള്‍ പ്രതികരിച്ചില്ലെങ്കിലും ടീച്ചര്‍ വിട്ടില്ല...

"നിങ്ങള്‍ക്കറിയാമല്ലോ നമ്മുടെ സ്കൂളില്‍ നിന്ന് എല്ലാ വര്‍ഷവും ഒരു കയ്യെഴുത്ത് മാസിക പുറത്തിറക്കാറുണ്ടെന്ന്. അതിനു വേണ്ട കലാസ്രിഷ്ടികള്‍ ക്ഷണിക്കുന്നു എന്ന ഒരു നോട്ടീസ് വായിച്ചിരുന്നു... നിങ്ങള്‍ അതും ഒരു ചെവിയില്‍ കേട്ട് മറ്റേതു വഴി വിട്ടു കാണും... പക്ഷെ ഈ പാഠം പഠിച്ച നിങ്ങള്‍ ഓരോരുത്തരില്‍ നിന്നും ഞാന്‍ ഓരോ കഥ പ്രതീക്ഷിക്കുന്നു.
അടുത്ത ആഴ്ച എല്ലാവരും എനിക്ക് കഥ submit  ചെയ്യണം..."

"ഹെന്ത് ?? ക്ലാസ്സ്‌ ഒന്നടങ്കം ഞെട്ടി..."
എഴുതിയേക്കാം  - അല്ലെങ്കിലും തിരുവായ്ക്കെതിര്‍ വായില്ലല്ലോ ? - എന്നു കുറചു പേര്‍‌

അതിപ്പൊ കഥ എഴുതാനൊക്കെ പറഞ്ഞാല്‍ - എല്ലാര്‍‌ക്കും പറ്റുന്ന കാര്യമാണൊ എന്നു ചിലര്‍‌.  ഈ ചര്‍ച്ചകള്‍ക്കിടയില്‍ എപ്പൊഴൊ ഞാന്‍ എഴുതി നോക്കാം എന്നുറച്ചു.

മിക്കവാറും എല്ലാവരും അതിനെ കുറിച്ചു ചിന്തിച്ചു എന്നു എനിക്കു തൊന്നി. ഇന്ന് അതിലെ പലരും ഇതു പൊലെ അല്ലെങ്കില്‍ വേറെ എതെങ്കിലും രീതിയില്‍ എഴുതുന്നുണ്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നു.


ഇതൊരു വലിയ നിര്‍ബന്ധം ആയിരുന്നില്ലെങ്കിലും അന്ന് തന്നെ ഞാന്‍ തുടങ്ങി എഴുത്ത്.... ഒരു പക്ഷെ ടീച്ചര്‍ അങ്ങനെ അന്ന്  പറഞ്ഞില്ലെങ്കിലും ഞാന്‍ എന്നെങ്കിലും എഴുതുമായിരിക്കാം ... പക്ഷെ അത് തന്നെ ആണ് എന്നില്‍  "എഴുത്ത് പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്നുണ്ടായ കാരണം"...

ഒരു കഥ ജനിക്കുന്നു എന്ന പാഠം പഠിപ്പിച്ച എല്ലാ സിദ്ധാന്തങ്ങളും ഓര്‍ത്തു കൊണ്ട് തന്നെ തുടങ്ങി... അന്ന് സ്കൂള്‍ വിട്ടു തിരിച്ചു വീട്ടിലേക്കു നടക്കുന്ന വഴി മനസ്സില്‍ എഴുതി....
ഏകാന്തത കിട്ടാന്‍ മുറിയും അടച്ചു paper ലേക്ക് പകര്‍ത്തി...

സ്വാഭാവികമായും വീട്ടില്‍ എല്ലാവരും എന്നെ കളിയാക്കി .... കതകടച്ചിരുന്നെഴുതാന്‍ നീ ആരാ? എന്നൊക്കെ :P

എങ്കിലും അന്ന് രാത്രിക്ക് മുമ്പ് ഒന്നര പേജുള്ള ഒരു കഥ ഞാന്‍ എഴുതി.... :P
അങ്ങനെ എന്റെ ആദ്യത്തെ കഥ അവിടെ ജനിച്ച്,ആ വര്‍ഷത്തെ കയ്യെഴുത്ത് മാസികയിലും, എന്റെ മനസ്സിലും ജീവിച്ചു വരുന്നു....

2010, നവംബർ 23, ചൊവ്വാഴ്ച

കാതു കുത്ത്


"അരിപ്രിയാ.... ഈ സാനിയ മിര്‍‌സാന കണ്ടിറ്റ്ണ്ടാ ??"
ചുമ്മാ ഇരിക്കുവല്ലേ വല്ലതും പഠിച്ചേക്കാംന്നു വച്ച് എടുത്ത book -നെ വിട്ടു കൊണ്ട് ഞാന്‍ ചോദ്യം കേട്ട ഭാഗത്തേക്ക്‌ നോക്കി...
ഇതെന്തു ചോദ്യം എന്ന് ഓര്‍ത്തെങ്കിലും ചോദിക്കുന്ന ആളും തരവും നോക്കിയാല്‍ ഈ ചോദ്യം വെറും സ്വാഭാവികം..
ചോദ്യശരം എറിഞ്ഞത് നമ്മുടെ ഫാബി റഷീദ് ...
കോളേജില്‍ join ചെയ്തു 4-ആം ദിവസം എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ചങ്ങാതി...
അതൊരു ചെറിയ flash back കഥ ...
അന്ന് രാവിലെ ഇത്തിരി താമസിച്ചാ എണീറ്റെ... ലേറ്റ് ആയാല്‍ bathroom കിട്ടാന്‍ വലിയ ബുദ്ധിമുട്ടാ ...
ഞാന്‍
ചെന്നപ്പോ ഒരെണ്ണം ഫ്രീ... ഞാന്‍ വിചാരിച്ചു ആരെങ്കിലും ബക്കറ്റ്‌ വച്ച്
ബുക്ക്‌ ചെയ്തതാരിക്കുംന്നു. സാധാരണ അവിടെ രാവിലെ അലാറം വച്ച് എണീറ്റ്‌
ബക്കറ്റ്‌ കൊണ്ട് വച്ച് bathroom ബുക്ക്‌ ചെയ്തു പോയി കിടന്നുറങ്ങുന്ന ഒരു
ശീലം പതിവാണു... അങ്ങനെ ആണെങ്കിലും ബക്കറ്റ്‌ കാണണം....
ബാക്കി എല്ലാ bathroom - ലും 3 - 4 വരി bucket കാത്തു നില്ല്കുമ്പോള്‍ ഇത് മാത്രം ഒഴിഞ്ഞു കിടക്കുന്നു....
whatever ഞാന്‍ കേറി കുളിച്ചു...
കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോ പിന്നില്‍ നിന്ന് ഒരു വിളി....
ദൈവമേ... ആരോ ബുക്ക്‌ ചെയ്ത bathroom ആരുന്നെന്നാ തോന്നുന്നേ... ഉടമസ്ഥ ആയിരിക്കും...
നോക്കിയപ്പോ നമ്മുടെ ഫാബി...
"എന്താ ഫാബ്സ് ?? "
"അതേയ് ഈ അന്റെ ബെസ്റ്റ് ഫ്രണ്ട് ആവ്വോ ??"
"എന്തു ??"
"അയില്ല്ല്ലേ
ഇന്ന് രാവിലെ ഞാന്‍ ഫീസ് കൊടുക്കാന` സിസ്റ്റര്‍-ന്റെ അടുത്ത് പോയപ്പോ
എന്നോട് ചോയിച്ചു ഫാബിന്റെ ബെസ്റ്റ് ഫ്രണ്ട് ആരാന്നു? പെട്ടന്ന് അനക്ക്
ഇന്നയാ ഓര്‍മ്മ വന്നെ .... ഞാബ്ബറഞ്ഞു ഹരിപ്രിയ ആന്നു ... അപ്പാടും
ഒരെന്നോട് ചോയിച് അപ്പൊ ഹരിപ്രിയാന്റെ ബെസ്റ്റ് ഫ്രണ്ട് ആരാന്നു...
അള്ളാ... ഞാന്‍ പറഞ്ഞു അത് ഞാന്‍ തെന്നെന്നു ... ഇനി ഇന്നോട്
ചോയിക്കുമ്പോ ഈ പറയണേ ഞാനാ ഇന്റെ ബെസ്റ്റ് ഫ്രണ്ട്ന്നു...."
ഞാന്‍ വായും പോളിച്ചു നിന്ന് പോയി....
"അരിപ്രിയാ ഈ പറയണേ .... "
"ആ... ഞാന്‍ പറയാം... " ഞാന്‍ ഉറപ്പു നല്‍കി ....
അങ്ങനെ അന്ന് മുതല്‍ "മ്മള` best friends ആയി..."
എന്റെ ഈ ബെസ്റ്റ് ഫ്രണ്ട് ആണു എന്നോട് സാനിയ മിര്‍‌സേനെ കണ്ടിട്ടുണ്ടോന്നു ചോദിച്ചത്...
അല്ല... മ്മളെ ഈ ഫാബി ആരാന്ന വിചാരം?? ഭയങ്കര സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്‌ ആണു...
എന്ന്
വച്ചാല്‍ സ്പോര്‍ട്സ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ആളാണ്
ഇദ്ദേഹം. അവളും അനിയനും വീട്ടുകാരും ഒക്കെ സ്പോര്‍ട്സ് ഉം ആയി അടുത്ത ബന്ധം
പുലര്‍ത്തുന്നവരാണു...
south
india -യില്‍ ഏതു ക്രിക്കറ്റ്‌ മാച്ച് വന്നാലും ലീവ് എടുത്തു പോവാന്‍
തയ്യാര്‍, അനിയനാണെങ്കില്‍ അണ്ടര്‍ 19 team - ലെ player. father എന്തോ
sports council - ന്റെ ആരോ ആണെന്നാ കേട്ടത്...ഇങ്ങനെ പലതും...
മൊത്തത്തില്‍
സ്പോര്‍ട്സ് ഉം ആയി ഇത്ര ആഴത്തിലുള്ള സൌഹൃദം ഉള്ള ഇവള്‍ ചോദിക്കുമ്പോള്‍
ചെലപ്പോ നേരിട്ട് കണ്ടിട്ടുണ്ടോന്നു തന്നെ ആരിക്കുമോന്നു തോന്നി ....
"ആ കണ്ടിട്ടുണ്ടോന്നു ചോദിച്ചാല്‍ TV - ലും , paper - ലും ഒക്കെ.... എന്തെ ? "
"ഓളെ ചെവി കണ്ടാ?? കൊറേ കുത്തീട്ടുണ്ട് ..... എത്രയാ earrings ??? എന്തു മൊഞ്ചത്തിയാ പടച്ചോനേ ..... "
"ഹ്മ്മം ശെരിയാ നല്ല ഭംഗിയാ കാണാന്‍.... "
"അരിപ്രിയാ ഇനിക്കിഷ്ടണോ second stead?"
സത്യം
പറയാല്ലോ പണ്ട് തൊട്ടേ എന്റെ മനസ്സിലെ സുന്ദരിമാര്‍ക്ക് second stead ഉം
മൂക്കുത്തിയും ഉണ്ടായിരുന്നു... അതൊന്നും ഇല്ലാത്തവരെ സുന്ദരികളായി ഞാന്‍
കണക്കാക്കാരെ ഇല്ലാരുന്നു പണ്ട് .... ആ എന്നോടാ second stead ഇഷ്ടണോന്നു...
"എനിക്ക് ഭയങ്കര ഇഷ്ടാ ഫാബീ .."
"ആ എനക്കും അതെ .... നമ്മുക്ക് കുത്തിയാലോ അരിപ്രിയാ ...."
ഒരു പാട് നാളായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു ഇത്.... ശേ അങ്ങനെ അല്ല - കുറെ നാളായി തേടുന്ന ഒരു വള്ളി കാലില്‍ ചുറ്റിയ പോലെ....
എന്ത്
കൊണ്ട് കുത്തിക്കൂടാ.... അല്ല എന്റെ മൊഞ്ചത്തിമാരുടെ പോലെ എനിക്കും
ആയിക്കൂടെ.... അല്ല ആവണം അല്ലോ??? ഈശ്വരാ ഞാന്‍ എന്തെ ഇതിനെ കുറിച്ച്
നേരത്തെ ആലോചിക്കതിരുന്നത്....?
"മം... എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ട് ദാസാ"
അങ്ങനെ തീരുമാനിച്ചുറച്ചു ആ ആഴ്ച ഞാനും ഫാബിയും സ്വന്തം വീടുകളിലേക്ക് .....
"പത്ത് വെളുപ്പിനു മുറ്റത്തു നിക്കണ കസ്തൂരിമുല്ലയ്ക്ക് കാത്തു കുത്ത്... " എന്ന പാട്ടിന്റെ അകമ്പടിയോടെ അമ്മയുടെ മുന്നിലേക്ക്‌ ഈ കാര്യം അവതരിപ്പിച്ചു...
സാനിയ
മിര്‍സ അടക്കമുള്ള 3-4 second stead സുന്ദരിമാരുടെ കഥകളും, എന്റെ പണ്ട്
തൊട്ടേ ഉള്ള ആഗ്രഹവും കൂട്ടി കുഴച്ചു അമ്മയെ അതിനു സമ്മതിപ്പിച്ചു...
പിറ്റേന്ന് തന്നെ അമ്മയും ഞാനും കൂടെ നാട്ടിലെ വിശ്വസ്തനായ ഒരു പഴയ തട്ടാന്റെ അടുത്തേക്ക് .....
പക്ഷെ
അവിടെ പാന്റും ഷര്‍ട്ടും ഇട്ട new version തട്ടാന്‍ second stead ന്റെ
history - യും എന്റെ ചെവിയുടെ geography -യും പറയുന്നതിനിടെ കൃത്യം
നിര്‍വഹിച്ചു...
അങ്ങനെ എന്റെ രണ്ടു കാതിലും കൂടെ 4 കുത്ത്...
കോളേജില്‍ ആരും തന്നെ കൊള്ളാം എന്നൊരു വാക്ക് പറഞ്ഞില്ല....
എന്നാലും ഞാനും ഫാബിയും "ഇപ്പൊ ഈ നല്ല മൊഞ്ചത്തി ആയെന്നും , ആ നല്ല രസണ്ട് കാണാന്‍ന്നും " അന്യോന്യം പറഞ്ഞു സമാധാനിച്ചു...
ഈ കുത്ത് ഒന്ന് ഉണങ്ങിയിട്ടു വേണം ഇപ്പൊ ഉള്ള ചെറിയ കമ്മല്‍ മാറിയിട്ട് മൊഞ്ചുള്ള കുറച്ചു variety സാധനങ്ങള്‍ പരീക്ഷിക്കാന്‍ ....
2 ആഴ്ച കഴിഞ്ഞു .... മുറിവിലെ വേദന കുറഞ്ഞു... നല്ല അഭിപ്രായം ഒന്ന് പോലും കിട്ടിയില്ലെന്നത് സത്യം... അമ്മയും പറയുന്നത് കേട്ടു "വിചാരിച്ചത്ര ഭംഗി ഒന്നും ഇല്ല അല്ലെ " ന്നു....
ശേരിയാക്കം... പുതിയ റിങ്ങ്സ് ഒക്കെ ഇട്ടാല്‍ ഭംഗി ഒക്കെ താനേ വരും...
അങ്ങനെ ഒരു ദിവസം കള്ള പനി പറഞ്ഞു കോളേജില്‍ പോവാതെ വീട്ടില്‍ ഇരുന്നു....
ഞാന്‍
മാത്രമേ വീട്ടില്‍ ഉള്ളു...ഇത് തന്നെ പറ്റിയ അവസരം... ആ ചെറിയ കമ്മല്‍
മാറ്റി ഒരു റിംഗ് ഇട്ടു നോക്കാം ... ഏതായാലും 2 ആഴ്ച കഴിഞ്ഞല്ലോ.. മുറിവും
ഏകദേശം ഉണങ്ങി...
ഒരു
കാതിലെ കമ്മല്‍ ഊരി... മറ്റേതു നോക്കിയിട്ട് കാതില്‍ പിടിക്കാനേ
പറ്റുന്നില്ല... ഭയങ്കര വേദന... അയ്യോ... ആ കാത്തു പഴുക്കുന്നുണ്ടോന്നു ഒരു
സംശയം... കുറച്ചു സമയത്തെ നിഷ്ഫല പ്രയത്നത്തിനു ശേഷം അത് ഉപേക്ഷിച്ചു...
എന്നാ പിന്നെ ഊരിയത് അങ്ങോട്ട്‌ തിരിച്ചു ഇട്ടേക്കാം ....
പക്ഷെ.... അതിടാന്‍ നോക്കിയ ഞാന്‍ തളര്‍ന്നു പോയി... ആ ചെറിയ കമ്മല്‍ കാതില്‍ കേറുന്നില്ല....
ദൈവമേ.... വൈകുന്നേരം വരെ കുളിയും, ഊണും എല്ലാം ഉപേക്ഷിച്ചു ഇത് രണ്ടും പരീക്ഷിച്ചിരുന്നു.... പണ്ടാരം..
ഒരു സുന്ദരമായ കള്ള ലീവ് കളഞ്ഞു കുളിച്ചു ...
വൈകുന്നേരം അനിയന്‍ വന്നു....
ലവന്‍ ആളു പുലിയാ ... പറഞ്ഞു നോക്കിയാല്‍ ചെലപ്പോ ശെരിയാവും....
"ഡാര്‍ലിംഗ് .... എന്നെ ഈ കമ്മല്‍ ഇടാന്‍ ഒന്ന് സഹായിക്കുമോ???"
"എന്തെ ?"
നടന്ന കഥകള്‍ ഒക്കെ പറഞ്ഞു ...
"okay let me try "
അവനും കുറെ ശ്രമിച്ചു. എവിടെ തഥൈവ.
എന്നാല്‍ ഒരു കാര്യം ചെയ്യാം മറ്റേതു ഊരാം.. അതായിരിക്കും എളുപ്പം ....
വേദന കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു ശെരിയാ അതാരിക്കും നല്ലത്.... എന്നാലും ആശിച്ചു കാതു കുത്തിയതാ.... മം സാരമില്ല ...
പക്ഷെ unfortunately അതും നടന്നില്ല ....
"എന്നാലും നിനക്ക് വേറെ ഒരു പണിയും ഇല്ലേ? ഒന്നുകില്‍ കുത്തണ്ടാരുന്നു ... അല്ലെങ്കില്‍ ഊരെണ്ടാരുന്നു... ഇതിപ്പോ..."
വേദന കൊണ്ട് മനുഷ്യന്‍ പിടയുമ്പോഴാ അവന്റെ ഒരു ഉപദേശം...
വേദന കണ്ണുനീരായി പ്രവഹിച്ചപ്പോള്‍ അവന്‍ പറഞ്ഞു നോക്കട്ടെ ശെരിയാക്കാം...
പിന്നെ എന്താണ് നടന്നത് എന്നറിയില്ല .... കാതിലേക്ക് അവന്റെ സര്‍വ ശക്തിയും എടുത്ത് ആ കുഞ്ഞു കമ്മല് കൊണ്ട് ആഞ്ഞു ഒറ്റ കുത്ത്...
ധാരയായി കണ്ണീരും
ചോരയായി രണ്ടു മൂന്നു തുള്ളികളും ഭൂമിയിലേക്ക്‌ പതിഞ്ഞു....
ഈശ്വര ...
എന്നാലും സാരമില്ല .... സംഭവം കാതില്‍ കേറിയല്ലോ ??
എന്റെ കാതുകുത്ത്‌ വേസ്റ്റ് ആയില്ലല്ലോ ? അത് മതി....
അങ്ങനെ കുത്തിയ കാതു വീന്ദും കുത്തി കീറിയപ്പൊള്‍ എന്തെന്നില്ലാത്ത സമാധാനമായി.
ആ മുറിവ് ഒരു പാട് നാള്‍ ഉണ്ടായിരുന്നു...
പലരെയും
അത്ഭുതപ്പെടുത്തി കൊണ്ട് , തലതോര്ത്തുമ്പോള്‍ തോര്‍ത്തിന്റെ ചില നൂലുകള്‍
കുടുങ്ങിയും, ചീപ് കൊണ്ടും ഒക്കെ അത് ഒട്ടും ഉണങ്ങാതെ യൌവനത്തോടെ എന്റെ
കൂടെ ഏകദേശം ഒരു വര്‍ഷത്തിനു മുകളില്‍....

2010, നവംബർ 17, ബുധനാഴ്‌ച

മഴയില്‍....
അസഹ്യം ആണെങ്കിലും വേണ്ടിവന്നു...
ഒരു കാത്തിരിപ്പ് .....

മഴയില്‍ ഉറക്കം സുഖം, എങ്കിലും
അത് ഉപേക്ഷിച്ചു തണുപ്പില്‍ ഇരുന്നു...
കാത്തിരുന്നു...

മരം കോചിയില്ലെങ്കിലും എല്ലുകള്‍ വിറച്ചു...
തണുപ്പല്ല, ഭയം, വേവലാതി ....

ആയിരം ചിന്തകള്‍ എരിഞ്ഞമരുന്ന എന്റെ മനസ്സില്‍
നീ കുളിര്‍ കാറ്റില്‍ പറന്നെത്തി....
ചെതസ്സിലെ കനല്‍ നീയേ കെടുത്തി...
ഭയമെങ്കിലും നിന്റെ താളം ഞാന്‍ അറിഞ്ഞു...

നിന്റെ ചുമലില്‍, തണുപ്പില്‍, അറിയാതെ ഞാന്‍ മയങ്ങി....
ഉറക്കം വരാത്ത ആ രാത്രിയില്‍ നീ എനിക്ക് താരാട്ടു പാടി...

പാതിരാവില്‍ ആരുടെയോ കാല്‍ പടവുകളുടെ താളമായി നീ പെയ്തു തിമിര്‍ത്തു...
അതോ എപ്പോഴോ നിന്റെ താളം തെറ്റിയോ?
അതില്‍ കാത്തിരിപ്പിന്റെ അന്ത്യം എന്ന് നെടുവീര്‍പ്പിട്ടു ഞാന്‍ ഉണര്‍ന്നു ...
അറിയാതെ....

പക്ഷെ എന്റെ കണ്ണുകളിലെ പ്രതീക്ഷ വിജനത കണ്ടു താഴ്ന്നു ...
തകര്‍ന്ന എനിക്ക് മുന്നില്‍ നീ വീണ്ടും താണ്ടവമാടി
നിന്റെ പൊട്ടിച്ചിരിയില്‍ എന്റെ ഹൃദയം പൊട്ടിച്ചിതറി...
നിന്റെ കളിയാക്കലില്‍ ഞാന്‍ മരവിച്ചു നിന്നു...

എന്റെ കാത്തിരിപ്പിന്റെ വിഫലത, ഒരു കണ്ണുനീര്‍ തുള്ളിയായി
നിന്നിലെക്കലിഞ്ഞു തീര്‍ന്നു .....

2010, നവംബർ 1, തിങ്കളാഴ്‌ച

കേരളപ്പിറവി"അമ്മേ ഈ കേരളപ്പിറവി ന്നു വച്ചാല്‍ ശെരിക്കും എന്താ ?"
"ഇന്ന് കേരളം ഉണ്ടായ ദിവസം ആണ് മോളെ..... "
" ഓഹോ, അപ്പൊ ?ഇന്നാണോ നമ്മുടെ പരശുരാമന്‍ മഴു എറിഞ്ഞ ദിവസം ??"

അമ്മ ചിരിക്കണോ, കരയണോന്നു ഓര്‍ത്തു മൂക്കത്ത് വിരല്‍ വെച്ച് നിന്ന് പോയി...
അത് കുറച്ചു/കുറെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള എന്റെ കേരളപ്പിറവി ദിനം ....

2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

ഉല്‍പ്രേക്ഷ

വ്യാഴാഴ്ച എനിക്ക് ഏറ്റവും പേടിയുള്ള ദിവസം . അന്ന് രണ്ടു മലയാളം പീരീഡ്‌ ഉണ്ട്....
ഒന്ന് രാവിലെയും മറ്റേതു ഉച്ചയ്ക്കും. അന്നൊക്കെ എല്ലാ ബുധനാഴ്ചകളിലും രാത്രി കിടക്കുമ്പോള്‍ തുടങ്ങുന്ന ഒരു തരം വിറയല്‍ വ്യാഴാഴ്ചയിലെ ഉച്ചയ്ക്കത്തെ മലയാളം പീരീഡ്‌ കഴിയുന്നത്‌ വരെ കാണും.... കാരണം ഊഹിക്കാവുന്നതേ ഉള്ളു .. എന്റെ മലയാളം മാഷ് ഒരു സംഭവം തന്നെ ആയിരുന്നു...

എന്തോ മലയാളം വിദ്വാന്‍ ആണെന്നാ അമ്മ പറഞത്... അതെ സ്കൂളില്‍ പഠിപ്പിക്കുന്ന എന്റെ അച്ഛന്റെ അടുത്ത സുഹൃത്ത്‌... പക്ഷെ എന്നെ കണ്ടു കൂടായിരുന്നു.... എന്തിനും ഏതിനും എന്നെ വഴക്ക് പറയും.... അതിലേറെ കളിയാക്കി കൊല്ലും .... അങ്ങനെ ക്ലാസ്സില്‍ എല്ലാവരുടെ മുമ്പിലും മാഷുടെ മോളെന്നുള്ള അഭിമാനമൊക്കെ അച്ഛന്റെ ഈ സുഹൃത്ത്‌ കാരണം ഇല്ലാതായി....

പണ്ടൊക്കെ എന്നെ കാണുമ്പോള്‍ ഫസ്റ്റ് ബെഞ്ചിലെ ചില പടിപ്പിസ്റ്റു ആണ്‍കുട്ടികള്‍ ഒരു ആദരവോടെ നോക്കും എന്ന് എനിക്ക് ചിലപ്പോഴൊക്കെ വെറുതെ എന്കിലും തോന്നാറുണ്ട് ..... :)

അങ്ങനെ കെട്ടിപ്പൊക്കിയ അഭിമാനമൊക്കെ ഓരോ മലയാളം പീരീഡ്‌ കഴിയുമ്പോളും കുറഞ്ഞു കുറഞ്ഞു ഇല്ലാതായി നെഗറ്റീവ് value -ഇല്‍ എത്തിയിരിക്കുന്ന കാലം ... എങ്ങനെ കുറയാതിരിക്കും ? പണ്ട് ഞാന്‍ ചെറുതായിരിക്കുമ്പോള്‍ മാഷ് അച്ഛന്റെ കൂടെ വീട്ടില്‍ വന്നപ്പോ ഞാന്‍ അനിയനോട് അടി കൂടി അച്ഛന്റെ കയ്യിന്നു നല്ലത് മേടിച്ചത് മുതല്‍ മനുഷ്യനെ മാനം കെടുത്തുന്ന പലതും ... പൊടിപ്പും തൊങ്ങലും വെച്ച് വിവരിക്കും.... മലയാള വിദ്വാനായത് കൊണ്ട് മനസ്സില്‍ തോന്നുന്ന എന്തും നന്നായി തന്നെ അങ്ങ് അവതരിപ്പിക്കും....അതില്‍ നര്‍മ്മം കൂടി കലരുമ്പോള്‍ എല്ലാര്ക്കും വളരെ പ്രിയം... frontbenchers കളിയാക്കി ചിരിച്ചു കൊണ്ട് എന്നെനോക്കുമ്പോള്‍ ... പാവം ഞാന്‍ മാത്രം ക്ലാസ്സില്‍ എന്റെ അഭിമാനങ്ങള്‍ ഒരുകുന്നതും നോക്കി നിസ്സഹായയായി....

അങ്ങനെ ഇരിക്കുമ്പോളാണ്‌ ആദ്യത്തെ ടെസ്റ്റ്‌ പേപ്പര്‍ ഇടാംന്നു മാഷ് പ്രഖ്യാപിക്കുന്നത്....
yes എന്റെ കഴിവ് തെളിയിക്കേണ്ട സമയമായി എന്ന് എനിക്കും തോന്നി....
ഫസ്റ്റ് ബെഞ്ചിലെ പടിപ്പിസ്ടുകളെ ഒന്നടംഗം നിലം പരിശാക്കുമെന്നു പതിജ്ഞ ചെയ്തു ഞാന്‍ എന്റെ പഠിത്തം ആരംഭിച്ചു...
ഒടുക്കത്തെ പഠിത്തം... മാത്രവുമല്ല... എങ്ങാനും എനിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ പിന്നെ മാഷ് അത് അച്ഛനോടും പറഞ്ഞു വീട്ടില്‍ എനിക്ക് കിട്ടുന്ന ഇത്തിരി സമാധാനം കൂടെ ഇല്ലാതാക്കും എന്നത് ഉറപ്പു തന്നെ ...

അങ്ങനെ ആ സുദിനം വന്നെത്തി.... അന്ന് ടെസ്റ്റ്‌ പേപ്പര്‍ ആയതു കൊണ്ട് മാഷിന് എന്നെ കളിയാക്കാനും കഴിഞ്ഞില്ല ... എന്നാലും കിട്ടിയ chance-ല്‍ എനിക്കിട്ടു വച്ചു... ഞാന്‍ ഏതോ ഒരു answer ഓര്‍ത്തെടുക്കാന്‍ ചുമ്മാ മുകളിലേക്ക് ഒന്നും നോക്കിയതാ ... സാധാരണയായി എല്ലാ മനുഷ്യരും ചെയ്യുന്ന ഒരു കാര്യം... പക്ഷെ ഞാന്‍ ചെയ്തപ്പോ അതും കുറ്റം... ഉറക്കെ ഒരു ചോദ്യം... "എന്താ ഹരിഹരപ്രിയേ..... തട്ടിന്‍ മുകളിലാണോ ഉത്തരം തപ്പുന്നത്.... പഠിക്കണ്ട സമയത്ത് പഠിച്ചാല്‍ ഇങ്ങനെ പരീക്ഷ നേരത്ത് അട്ടം നോക്കേണ്ടി വരില്ല ...." ഈശവരാ... ഇതെന്തൊരു അവസ്ഥ .... കാണിച്ചുതരാം ഞാന്‍ പഠിച്ചിട്ടുണ്ടോ ഇല്ലയൊന്നു.. ഞാന്‍ വാശിക്ക് ഉത്തരങ്ങള്‍ എഴുതി തള്ളി .... :P

പക്ഷെ ഉടനെ കിട്ടി അടുത്തതു .... "ഇങ്ങനെ വാരി വലിച്ചു എഴുതുന്നോര്‍ക്കെല്ലാം ഞാന്‍ വാരി കോരി മാര്‍ക്ക് തരുംന്നു വിചാരിക്കണ്ട.... എഴുതുന്നതില്‍ എന്തെങ്കിലും ഒക്കെ വേണം .... "

അപ്പൊ ഇനി ഞാന്‍ എത്ര എഴുതിയാലും വലുതായി ഒന്നും പ്രതീക്ഷിക്കണ്ടാന്നു.....ഹ്മ്മം .... ശെരി.... വിധി അല്ലാതെ എന്ത് പറയാനാ....

ഏറ്റവും ഒടുവിലത്തെ question കണ്ടപ്പോ ഞാന്‍ തളര്‍ന്നു പോയി .... ഉല്പ്രേക്ഷയുടെ ലക്ഷണം ....
ദൈവമേ ... ഇത് മനപൂര്‍വമാ .... ഒരു ഗദ്യം ആയിരുന്നു ടെസ്റ്റ്‌ പേപ്പര്‍ നു തന്ന portion. " and how come this bloody ഉല്‍പ്രേക്ഷ in that???

അന്ന് ഞാന്‍ വെറും 8 ആം ക്ലാസ്സ്‌, അതും ക്ലാസ്സ്‌ തുടങ്ങിയിട്ട് വെറും 3 ആഴ്ച ..... 7 ആം ക്ലാസ്സില്‍ ഉല്പ്രേക്ഷയും ഉപമയും പഠിപ്പിച്ചത് എന്റെ സ്വന്തം അമ്മ... എഴുതിയില്ലെങ്കില്‍ ഇവിടുന്നു കിട്ടുന്നതും വീട്ടില്‍ ചെന്ന് അച്ഛന്റെ കയ്യിന്നു കിട്ടുന്നതിലും കൂടുതല്‍ കിട്ടുന്നത് അമ്മയുടെ കയ്യിന്നു തന്നെ ആയിരിക്കും....
എന്തായാലും എവിടുന്നെങ്കിലും, അല്ല .. എല്ലാ വഴിയിലൂടെയും കണക്കിനു കിട്ടുംന്നു ഉറപ്പു... എന്നാലും അങ്ങനെ വിടാനോക്കുമോ ??
എന്റെ സര്‍വ ശക്തിയും എടുത്തു, അറിയുന്ന എല്ലാ ദൈവങ്ങളെയും മനസ്സില്‍ വിളിച്ചു ഞാന്‍ എന്റെ memory മൊത്തത്തില്‍ ഒന്ന് സെര്‍ച്ച്‌ ചെയ്തു... മുക്കും മൂലയും... ഉപമ വന്നു .... കൂടെ ഉല്പ്രേക്ഷയും....

yes ...."മറ്റൊന്നില്‍ കര്‍മയോഗത്താല്‍ അത് താനല്ലയോ ഇതെന്ന്
വര്‍ണ്യതിലാശങ്ക ഉള്പ്രേക്ഷാലംകൃതി"
....

ഹ്മ്മം....സന്തോഷം അടക്കാന്‍ എനിക്ക് കഴിഞ്ഞില്ല ..... ഹോ എന്റെ ഒരു കാര്യം ....
അങ്ങനെ അതും ഞാന്‍ എഴുതി ....

test കഴിഞ്ഞു അഭിമാനപൂര്‍വം ഇരുന്നപ്പോള്‍ എനിക്ക് മനസ്സിലായി ക്ലാസ്സിലെ മിക്കവാറും ആരും തന്നെ ലക്ഷണം എഴുതിയില്ല....

ഫ്രന്റ്‌ബെഞ്ചലെ പഠിപ്പിസ്റ്റ് വന്നു എന്നോട് ചോദിച്ചു "ഹരി ... ഉലപ്രേക്ഷയുടെ ലക്ഷണം എന്താരുന്നു .... എനിക്കത് കിട്ടിയില്ല .... "poor boy... ഇതൊന്നു അറിയാതെയാ ... ബാകിയുള്ളവരെ കളിയാക്കി ചിരിക്കാന്‍ മാത്രം ഒരു കുറവും ഇല്ല .... ഞാന്‍ മനസ്സില്‍ ഓര്‍ത്തു....

അടുത്ത് നിന്ന ലീലാവതി ഉടനെ താളത്തില്‍ ...
"മറ്റൊന്നില്‍ ധര്‍മ യോഗത്താല്‍ അത് താനല്ലയോ ഇതെന്ന്
വര്‍ണ്യതിലാശങ്ക ഉള്പ്രേക്ഷാലംകൃതി"
... ഇതല്ലേ ??

എന്ത് .....
ധര്‍മയോഗമാണോ ? കര്‍മയോഗം ന്നാ ഞാന്‍ എഴുതിയെ .... പടച്ചോനേ ....
ഇത് കെട്ടു ആ ഫസ്റ്റ് ബെഞ്ച്‌ പൊട്ടന്‍ ചിരിച്ചു ... ഹ്മം .. ഒന്നും എഴുതതവനാ... ഒരു അക്ഷരം മാറിയ എന്നെ കളിയാക്കുന്നത് .... എന്നാലും ദൈവമേ... എന്നോടീ ചതി വേണ്ടായിരുന്നു...

ഇനി ഞാന്‍ എങ്ങനെ വീട്ടില്‍ പോവും ?എങ്ങനെ അച്ഛന്റെ അമ്മയുടെ മുന്നില്‍ പോവും? ആകെ ഉണ്ടായിരുന്ന ഇത്തിരി അഭിമാനം അമ്മയുടെ മുന്നില്‍ ആയിരുന്നു .... അതും ഇപ്പോള്‍ ..... ഉപമയോ ഉത്പ്രേക്ഷയോ ലക്ഷണമോ എന്താണെന്നു പോലും അറിയാത്ത എന്റെ അനിയന്‍ വരെ തുടങ്ങും എന്നെ കളിയാക്കാന്‍ ....

വൈകുന്നേരം വിട്ടില്‍ എത്തിയത് മുതല്‍ തലവേദന എന്ന് കള്ളം പറഞ്ഞു കിടന്നു... നല്ല വിശപ്പുണ്ടയിട്ടും ചായ പോലും ഉപേക്ഷിച്ചു... ഒരു തീവ്രതയ്ക്ക് ..... അച്ഛന്‍ വന്നു ..... തലവേദനക്കാരിയെ കാണാന്‍ വന്നപ്പോള്‍ ഉറക്കം അഭിനയിച്ചു കിടന്നു... രാത്രി കഴിക്കാന്‍ അമ്മ വിളിച്ചു ..... 3-4 വട്ടം വിളിച്ചപ്പോള്‍ എണീറ്റ്‌ പോയി....വിശപ്പ്‌ അസഹ്യം....

തലവേദനയുടെ അന്വേഷണങ്ങള്‍ ഒക്കെ കഴിഞ്ഞു കഴിച്ചു തുടങ്ങിയപ്പോള്‍ അച്ഛന്‍ ചോദിച്ചു, ഉല്പ്രേക്ഷയുടെ ലക്ഷണം എന്താടീ ? കൂടെ അമ്മയും .... മറ്റൊന്നിന്‍ കര്‍മ യോഗം എന്നാണോ നിന്നെ പഠിച്ചത് ?
അപ്പൊ എന്റെ തലവേദന ഉല്‍പ്രേക്ഷ കാരണമെന്നു രണ്ടു പേരും ഒരുപക്ഷെ ഒന്നും അറിയാത്ത അനിയനും അറിഞ്ഞു കാണും ....

തുടങ്ങിയെ ഉള്ളു.... കറന്റ്‌ പോയി.... ദൈവമേ തുണച്ചു....

"ഓഹോ... ഇതിപ്പോ സ്ഥിരമാണല്ലോ ... നമ്മുടെ ലൈന്‍ മാത്രമേ ഉള്ളു ... ഇങ്ങനെ ഇടയ്ക്കിടയ്ക്ക് .... ആ എമര്‍ജന്‍സി ഓണ്‍ ആകിയെ.... കഴിഞ്ഞ election നു വോട്ട് പിടിക്കാന്‍ വന്നപ്പോ എല്ലാം ശെരിയാവും എന്നൊക്കെ പറഞ്ഞിട്ട് .... "

വിഷയം ഉല്‍പ്രേക്ഷയില്‍ നിന്ന് കറന്റ്‌ - ലെക്കും മറ്റു രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിലെകും....

ദൈവമേ ഒരു പാട് നന്ദി ..... എന്താണ് നടന്നത് എന്നെനിക്കിപ്പോഴും അറിയില്ല .... ചെലപ്പോ ദൈവവും വിചാരിച്ചു കാണും ഇനിയും കുറയാന്‍ അവളുടെ പക്കല്‍ അഭിമാനം ഒന്നും ഇല്ലല്ലോ ??

നോട്ട്: നമ്മുടെ മലയാളം മാഷ് എന്നെ ഒന്ന് "ഇതാക്കാന്‍" ചുമ്മാ തമാശയ്ക്ക് പറയുന്നതായിരുന്നു എന്ന് കുറച്ചു നാളുകള്‍ക്ക് ശേഷം എന്റെ അനിയന്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ എനിക്ക് മനസ്സിലായി.... :) അവന്‍ വന്നു മാഷിന്റെ കളിയാക്കല്‍ സഹിക്കുന്നില്ലെന്നു, ഓരോ ഉദാഹരണങ്ങള്‍ വച്ചു പറഞ്ഞപ്പോ ഇതൊക്കെ ചുമ്മാതല്ലെ എന്ന് ഞാന്‍ തന്നെ പറഞ്ഞു ആശ്വസിപ്പിച്ചു... പിന്നെ പഴയ എന്റെ കാര്യവും ഒരു ചിരിയോടെ ഓര്‍ത്തു...

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

രണ്ടു ചോദ്യങല്‍

ഊണു കഴിഞു വീടിലെല്ലാവരും ഉച്ചയുര്റക്കതിലാണു....
ഏനിക്കു മാത്രം ഉറക്കം വന്നില്ല....
ചുമ്മാ നടന്നു.... വളപ്പിലൂടെ.....
കടല്‍കാറ്റിന്റെ സഹായം.... വെയില്‍ ഒരു ചെറു വെയിലായി മാത്രം എന്നില്‍ പതിന്‍ജ്ജു....
അതൊരു സുഖമുള്ള ഉച്ച വെയിലായി മാറി എനിക്കു.....
പടിഞാറെ മാവില്‍ നിറയെ മാങകല്‍..... നിലത്തു നിന്നു കാണം എന്നല്ലാതെ ... വീഴുന്നവ എല്ലാം എന്തെങ്കിലും കൊത്തിയതായിരിക്കും....
പാവം നാവില്‍ വെള്ളമൂരി നില്‍ക്കുന്ന എന്നൊടു സഹതാപം തൊന്നിയിട്ടാവണം ഒരെണ്ണ വീണു......
സന്തൊഷം സഹിച്ചില്ല.....
ഒടി പൊയി എടുത്തു......
ക്രിതജ്ഞതയൊടെ മാവിനെ നൊക്കിയപ്പൊള്‍ എന്തൊ മനസ്സില്‍ ഒരു മിന്നല്‍......
എന്താണൊ....
അങൊട്ടുമിങൊട്ടും ഞങല്‍ ചൊദിചു....
ഇനി നീയാണൊ എന്റെ ചിതയ്ക്കു തീകൊളുതുന്നതു.... അതൊ ഞാന്‍ അണൊ നിന്റെ ചിതയില്‍ എരിയെണ്ടുന്നതു....

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ഞാനും നീയും....

എനിക്ക് ഇവിടെ പേടിയില്ലതതായി ഒന്നുമില്ല.....
നിനക്ക് അതൊക്കെ വെറും കുട്ടിക്കളികള്‍....
ഞാന്‍ പോകാന്‍ ഭയക്കുന്നവിടെ ഒക്കെ
നീ എന്നെ തള്ളി വിടും .......
ഇരുട്ടുള്ള മുറിയിലേക്ക് പോകാന്‍ ഞാന്‍ ഭയക്കുമ്പോള്‍
നീ ഇരുട്ടില്‍നിന്ന് ആര്‍ത്തു ചിരിച്ചുകൊണ്ട് വരും....
അപ്പോള്‍ എനിക്ക് പേടിയായിരുന്നു നിന്നെയും......
ഇപ്പോളും ... പക്ഷേ എന്നോ നീ അകന്നു... എന്നില്‍ നിന്നും കുറെ അകലേക്ക്‌....
ഇപ്പൊ ഞാന്‍ ഭയക്കാറില്ല.... ആരും എന്നെ കളിയാക്കാറില്ല...
ഇരുട്ടില്‍ ആര്‍ത്തു വിളിച്ചു ആരും എന്റെ നേര്‍ക്ക്‌ വരാറില്ല.....
ഇപ്പോള്‍ ഞാന്‍ ഭയക്കാറില്ല....

2010, ഏപ്രിൽ 21, ബുധനാഴ്‌ച

ഇങ്ങനെയും ഒരു പിറന്നാള്‍......

നേരം വെളുത്തു..... "ഉച്ചയായി എന്നിട്ടും കിടന്നുരങ്ങുവാ" എന്നാ പതിവ് dialog ഇല്‍ പുതപ്പു വലിച്ചുമാറ്റി പ്രാര്‍ത്ഥിച്ചു എഴുന്നേറ്റിരുന്നു........
വലിയച്ചന്‍ കുളിക്കാന്‍ പോവുന്നെ ഉള്ളൂ.... പോയി കഴിഞ്ഞുന്നു ഉറപ്പു വരുത്തിയ ശേഷം പുതപ്പു വലിച്ചിട്ടു തിരിഞ്ഞു കിടന്നു.... കുളി കഴിയുന്നത്‌ വരെ സുഖമായി കിടക്കാം..... അതൊരു നീണ്ട കുളി തന്നെയാണേ.....
ബാക്കി എല്ലാരും ഉറക്കം തന്നെ..... വെറുതെ എനിക്ക് മാത്രം എന്താണാവോ ഈ വഴക്ക് പറച്ചില്‍ പെടിയവുന്നത്..... എല്ലാ ദിവസവും ഈ alarm കേട്ട് എണീക്കുന്നത് ( ഉറക്കം ഞെട്ടുന്നത് ) ഞാന്‍ മാത്രം.... വീണ്ടും തരിഞ്ഞു കിടക്കാമെങ്കിലും ഒരു 2-3 മിനിറ്റ് ഉറക്കം നഷ്ടപ്പെടും....
വല്യച്ചന്‍ കുളി കഴിഞ്ഞു എത്തുമ്പോഴേക്കും എല്ലാരും ചാടി എണീറ്റ്‌ പല്ല് തേപ്പു വരെ കഴിഞ്ഞു കാണും..... പിന്നെ പെട്ടെന്ന് കുളിച്ചു പൂജ മുറി വൃത്തിയാക്കണം .... വല്യച്ചന്‍ പൂക്കളും കൊണ്ട് പൂജ മുറിയിലെത്തുമ്പോള്‍ എല്ലാം റെടി....
ഇതാണ് പതിവ് .... ഇന്നും അങ്ങനെ തന്നെ...
പക്ഷെ സാധാരനയേക്കാലും കുളി താമസിച്ചു.... പൂജ മുറി വൃത്തിയാക്കല്‍ എന്റെ ജോലി ആയിരുന്നു അന്ന്....
പെട്ടെന്ന് അടിച്ചു വാരി വൃത്തിയാക്കി....

ചായ കുടിക്കാന്‍ തുടങ്ങിയപ്പോഴേക്കും വല്യച്ഛന്റെ വിളി... ഇന്നാരാ പൂജാമുറി വൃത്തിയാക്കിയത്....
പുക പാറുന്ന ചായ എങ്ങനെയോ എന്റെ അന്ന നാളത്തിലൂടെ ഇറങ്ങുന്നത് ഞാന്‍ അറിഞ്ഞു....
എന്റമ്മേ .... ഇന്ന് വേഗം വൃത്തിയാക്കിയത് കൊണ്ടാവാം.... ദൈവമേ ശെരിക്കു വൃത്തിയായി കാണില്ല......
കുറെ വഴക്ക് പറഞ്ഞതിന് ശേഷം അത് നിര്‍ത്തി...

അപ്പൊ അടുക്കളയില്‍ നിന്ന് വല്യമ്മ പറഞ്ഞു നിന്റെ പ്രശ്നം അല്ലെടി... ഇന്ന് രാവിലെ മുമ്പിലുള്ള വരാന്ത ഞാന്‍ അടിച്ചു വാരിയില്ല..... അവസാനം അടിക്കാം ന്നു വച്ച് നിന്നതായിരുന്നു.... അതിനിടെ ആ പാല്‍ക്കാരി വന്നപ്പോ ഞാന്‍ പാലും കൊണ്ട് അകത്തു പോയി.... പിന്നെ ഞാന്‍ അത് മറന്നു...
കേട്ടപ്പോ കുറച്ചു സമാധാനം തോന്നിയെങ്കിലും കുറെ വഴക്ക് നേരം വെളുക്കുന്നതിനു മുമ്പേ കിട്ടിയതില്‍ കുറച്ചു വിഷമം ഉണ്ടാരുന്നു....

ആ... പോട്ടെ ന്നു വച്ച് അമ്മയുടെ തറവാട്ടിലേക്ക് നടന്നു.... വല്യമ്മയുടെ വീടും തറവാടും അടുത്തടുത്താണ്... ഒരു 3 മിനിറ്റ് നടന്ന മതി...
പിന്നെ പ്രാതലും കഴിഞ്ഞു കുറച്ചു നേരം കളിച്ചു.... TV കണ്ടു.... അങ്ങനെ... പ്രതേകിച്ചു ഒന്നും സംഭവിച്ചില്ല....

ഒളിച്ചു കളിക്കുന്നതിനിടെ ഞാന്‍ വല്യംമൂമ്മയുടെ ഇടനാഴിയില്‍ ഒളിച്ചു...
വല്യമ്മൂമ്മ എന്റെ അമ്മ യുടെ അമ്മ ആണ്...
10 മണി കഴിഞ്ഞാല്‍ കുറെ നേരം ഇടനാഴിയില് വന്നിരിക്കും ... അവിടിരുന്നു ചിലപ്പോ കറി ക്ക് അറിഞ്ഞു കൊടുക്കുകയോ ആരെങ്കിലും വന്നാല്‍ വര്‍ത്തമാനം പറഞ്ഞിരിക്കുകയോ ഒക്കെ ചെയ്യും....
അന്ന് അമ്മൂമ്മ ഒറ്റയ്ക്കാരുന്നു... എന്നെ കണ്ടപ്പോ ഒച്ചത്തില്‍ വിളിച്ചു ... മോളെ ഹരിപ്രിയെ ..... എനിക്കുണ്ടായ ദേഷ്യം.... ഞാന്‍ ഒളിച്ചിരിക്കുവരുന്നു... ആ വിളിയില്‍ എന്നെ കണ്ടു അച്ചും തൊട്ടു.... അടുത്ത കളിയില്‍ ഞാന്‍ വേണം ആള്‍ക്കാരെ കണ്ടു പിടിക്കാന്‍....
ഹോ.... എനിക്ക് കരച്ചില്‍ വന്നു.... അമ്മൂമ്മയോട് കരഞ്ഞോണ്ട് ഞാന്‍ പറഞ്ഞു എന്തിനാ എന്റെ പേര് വിളിച്ചേ..... ഞാന്‍ കളിയില്‍ തോറ്റില്ലേ...

കരച്ചില്‍ ഏറ്റു... അമ്മുമ്മ തന്നെ ഇനി ഈ കളി വേണ്ടാന്ന് വച്ച്... ഹോ രക്ഷപ്പെട്ടു....

എന്റെ വിഷമം മാറ്റാന്‍ അമ്മുമ്മ കുറെ കള്ള കഥകള്‍ പാട്ടും ചേര്‍ത്ത് ഒരു കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചു.... കുറെ പണ്ടത്തെ തമാശകളും....
"എന്റെ ജാതകത്തില്‍ എന്തോ ചൊവ്വ ദോഷം ഉണ്ടത്രേ.... അത് കൊണ്ട് കല്യാണം 12 വയസ്സില്‍ നടന്നുന്നു.... അതും ഒരു മുന്നാള്‍ന്റെ കൂടെ....." അമ്മുമ്മ തുടങ്ങി... പിന്നെ മുന്നാളിനെ കുറിച്ചും
ജാതക ഫലങ്ങളെ കുറിച്ചും വിവരിക്കാന്‍ പഞ്ചാംഗം എടുത്തു....
കുറച്ചു കഴിഞ്ഞപ്പോ ഡി വിളിച്ചു പറയുന്നു... ഇന്ന് ഹരിപ്രിയെടെ പിറന്നാളാണെന്ന് .....
അപ്പൊ അപ്പൊ ഉണ്ടായ വികാരം എന്താണെന്നു പറയാന്‍ വയ്യ......
സങ്കടമോ ദേഷ്യമോ അങ്ങനെ എന്തൊക്കെയോ.....
കഴിഞ്ഞ മാസം date of birth നു അമ്മ പറഞ്ഞതാ... മോളുടെ പിറന്നാള്‍ അടുത്തമാസം ആണെന്നും അപ്പൊ പുതിയ ഉടുപ്പ് വാങ്ങി തരാംന്നും... എന്നിട്ട് അമ്മയും അച്ഛനും ആരും ഓര്‍ത്തില്ല... ഇപ്പൊ അറിയാതെ അമ്മുമ്മു പഞ്ചാംഗത്തിന്നു കണ്ടു പിടിച്ചതാ....
സങ്കടവും ദേഷ്യവും ഒക്കെ ഒരുമിച്ചു വന്നു.......
എല്ലാര്ക്കും ഓര്‍ക്കാത്തതില്‍ വിഷമം ആയെന്നു തോന്നുന്നു... പക്ഷെ എനിക്ക് വല്ലാത്ത വിഷമം തോന്നി..... എന്നാലും ആരും ഓര്‍ത്തില്ലല്ലോ പാവം ഞാന്‍ .....
ചിറ്റമാരും അമ്മയും വല്യമ്മയും ഒക്കെ കൂടെ പെട്ടെന്നൊരു പായസം വച്ച് ചോറ് വിളമ്പി.... വരുന്നവരോടും പോവുന്നവരോടും ഒക്കെ പറയുന്നുണ്ട് ഇന്ന് എന്റെ പിറന്നാളാണെന്ന്....
പക്ഷെ.... ഹ്മം... എനിക്കിഷ്ടമില്ലാത്ത കറിയും എനിക്കിഷ്ടമില്ലാത്ത പായസവും വച്ചിട്ട് എന്റെ പിറന്നാള് പോലും ഓര്‍ക്കാതെ അത് ആഘോഷിക്കുന്നു ......
പാവം ഞാന്‍ ......
വാശി പിടിച്ചു ചോറ് വേണ്ടാന്ന് വച്ചു......
സാധാരണ പോലെ വേഷക്കുമ്പോള്‍ വന്നു കഴിച്ചോളും എന്ന നിസ്സന്ഗത പുറകെ ഉണ്ട് എന്ന മനസ്സിലാക്കല്‍ കണ്ണില്‍ ഒരു സമുദ്രം തന്നെ സൃഷ്ടിച്ചു....പുതിയ പിറന്നാള്‍ കോടി അടുത്ത ആഴ്ച എന്തായാലും വാങ്ങി തരാം എന്ന അമ്മയുടെ ഉറപ് ഒരു ചെറു പുഞ്ചിരിയും....