2016, മാർച്ച് 19, ശനിയാഴ്‌ച

ഒറ്റ


ഒരേ വഴിയിലൂടെ, ഒന്നിനെ മാത്രം തേടിയുള്ള നാലാമത്തെ സഞ്ചാരമായിരുന്നു അത്.
കാണാതെ പോയൊരു പാദസരം തേടിയുള്ള നടത്തങ്ങൾ.

ട്യൂഷനു പോകാൻ ഇറങ്ങിയപ്പോഴാണ് ഒരു കാലിൽ പാദസരം ഇല്ലെന്ന് കണ്ടത്.

സ്കൂളിൽ നിന്ന് വന്നവഴി മുഴുവൻ തിരിച്ച് നടന്നു. ഇടതു വശം നോക്കി അങ്ങോട്ടും, വലതു വശം നോക്കി ഇങ്ങോട്ടും. പിന്നെ റോഡിനു നടുഭാഗം നോക്കി വീണ്ടും അങ്ങോട്ട്. എവിടെയും കാണാഞ്ഞപ്പോൾ നേരെ നടന്നു ടൂഷൻ ക്ലാസ്സിലേക്ക്. ഒരുപാട് താമസിച്ചിരുന്നു.
അമ്മയേക്കാളും വിശ്വസ്ത ട്യൂഷൻ ടീച്ചർ ആയതു കൊണ്ട് അവിടെ സത്യം പറഞ്ഞു.

എന്തായാലും ഈ വിഷയത്തിൽ സത്യവും കള്ളവും വീട്ടിൽ ജയിക്കില്ല.
കാണാതെ പോയത് കണ്ടുപിടിച്ചേ പറ്റൂ.

തിരിച്ച് വീണ്ടും റോഡിനു നടുഭാഗം നോക്കി നടന്നു.
വലതും ഇടതും നോക്കാൻ ചങ്ങാതിമാരെയും ഏൽപ്പിച്ചു.

മഴക്കാലമാണ്. എങ്കിലും അന്ന് മഴ കുറവായിരുന്നു. റോഡിനു ഇടതു വശം വെള്ളം ഒഴുകുന്നുണ്ട്.
ഒഴുക്കിൽപ്പെട്ട് പോയിക്കാണും എന്ന് വലതു ഭാഗം നോക്കുന്ന കുട്ടി പറഞ്ഞു. അതിനു മാത്രം ഒഴുക്കില്ലായെന്ന് ഇടതു ഭാഗവും.

ഇനി ഒഴുക്കിൽ പോയിട്ടുണ്ടെങ്കിൽ നോക്കണ്ട. വഴിയിൽ എത്ര ഒഴുക്കുകൾ ഉണ്ട്.. എല്ലാത്തിലും ഇറങ്ങി നടക്കാറുമുണ്ട്.
പാദസരം വേണ്ടായിരുന്നു. നടുവിലത്തെ കുട്ടിക്ക് കരച്ചിൽ വന്നു.

മറ്റേക്കാലിൽ ചിരിച്ചു നടക്കുന്ന പാദസരം അലോസരം ഉണ്ടാക്കി.
ലോകത്തിലെ ഏറ്റവും വലിയ ദുഖങ്ങളിൽ ഒന്നാണ് ഒറ്റപാദസരം!

കൂട്ടുകാരി കടിച്ചൂരി സഹായിച്ചു. അതും കയ്യിൽ വച്ചായി പിന്നെ നടത്തം.

നീ വെള്ളത്തിൽ ഇറങ്ങിയിരുന്നോ ?
'കാലു കഴുകാൻ കണ്ടിക്ക പീടിയേന്റെ ആട എറങ്ങീന്, പക്ഷേ ഇന്ന് ഒഴുക്കില്ലല്ലോ'.

ഒരു കാര്യം ചെയ്യാം.
ഈ പാദസരം വെള്ളത്തിലിട്ട് നോക്കിയാലോ, ഒഴുകി പോയോന്ന് ഉറപ്പിക്കാല്ലോ.

എല്ലാരും ആ ബുദ്ധി സമ്മതിച്ചു.
പാദസരം കുട്ടി വെള്ളത്തിലിടും, പിടിക്കാൻ ബാക്കി രണ്ടു പേർ മുന്നിലെ ഒഴുക്കില് നില്ക്കും.

പക്ഷേ വെള്ളം അതിബുദ്ധിമതിയായിരുന്നു.
ചെളിയിൽ ഒളിപ്പിച്ച് അത് പാദസരത്തെ കടത്തി കൊണ്ട് പോയി.

ആദ്യത്തെയാൾ കാലുകൊണ്ടും, രണ്ടാമത്തെയാൾ ഒഴിക്കിന് കുറുകെ കിടന്ന് മുഴുവൻ ശരീരം കൊണ്ടും തടയാൻ നോക്കിയെങ്കിലും,
അത് പോയി. അന്തമില്ലാത്തോരൊഴുക്കിലേക്ക്...

രണ്ടും നഷ്ടപ്പെട്ട കുട്ടി കണ്ണുകൾ കഴയ്ക്കുന്നത് വരെ ഒഴുക്ക് നോക്കി നിന്നു.

സമയം പോകുന്നു.. യാത്ര തുടരുന്നു.
കൂട്ടുകാരുടെ വീടുകൾ എത്തുന്നു. അവർ പിരിയുന്നു. കുട്ടി ഒറ്റയ്ക്കാവുന്നു.

ഇടവഴിയിലേക്ക് കടന്നു. വീടുകാണാം. കരിയിലകൾ കുതിർന്ന് വഴുതുന്നുണ്ട്.
ചെളിയിൽ പൂണ്ട ഇലകളും മാറ്റി മാറ്റി നോക്കി. എവിടെയെങ്കിലും ആദ്യത്തേത് കാണുമോ ?

വീട്ടിൽ എന്ത് പറയും ?
ചില ബുദ്ധികൾ കൂട്ടുകാർ ഉപദേശിച്ചിരുന്നു.

ഇന്ന് ഇത് വീട്ടിൽ പറയണ്ട. നാളെ ഏതെങ്കിലും ഒരെണ്ണം എവിടുന്നെങ്കിലും കിട്ടും. മിക്കതും സ്കൂളിൽ കാണും. എന്നിട്ട് പറയാം.
ഒരു പാദസരം പോകുന്നത് സാധാരണം.
ഇല്ലെങ്കിൽ സ്കൂളിൽ മറ്റ് ചങ്ങാതിമാരുമായി ആലോചിച്ച് എന്തെങ്കിലും ചെയ്യാം.
ഇന്ന് ഏതായാലും ഒന്നും പറയണ്ട.
ഒന്ന് പോയത് പോട്ടെ. രണ്ടും പോകുന്നത് അസാധാരണം അല്ലേ?

ഉള്ളിൽ കുറെ വെള്ളം ഒളിപ്പിച്ച് കരിയിലകൾ. ഒന്നമർത്തി ചവിട്ടിയാൽ വെള്ളം പൊങ്ങും. അവ മുങ്ങി പോകും.
കാലെടുത്താൽ വെറും നനഞ്ഞ ഇലകൾ.

അമ്മ പുറത്ത് വന്നു നോക്കി..
വീട്ടിൽ പോകാൻ ഭയം.
ചിലപ്പോൾ കേറി ചെല്ലുമ്പോൾ തന്നെ പിടിക്കപ്പെടും.
എന്തായാലും പോകാതെ പറ്റില്ലല്ലോ.

എന്താ വൈകിയേ എന്ന ചോദ്യത്തിന് 'മ്മ്ച്ചും' എന്ന് തോൾ ഉയർത്തി താഴ്ത്തി.

നേരെ മുറിയിലേക്ക് നടന്നു.
'ആ ചളീലൂട്ട വന്നതല്ലേ കാല് കഴ്കീറ്റ് പോ' - അമ്മ.

മുറിയിൽ കട്ടിലിന് താഴെ ആദ്യ പാദസരം കിടന്ന് ചിരിക്കുന്നു.
ഹെന്റമ്മേ! കുട്ടി ഉച്ചത്തിൽ വിളിച്ചു പോയി.


പുറത്തേ പൈപ്പിൽ കാലുകഴുകാൻ നിന്നപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു.

"അയ്യോ അമ്മേ എന്റെയൊരു പാദസരം കാണുന്നില്ല!!"

8 അഭിപ്രായങ്ങൾ:

 1. വളരെ സിമ്പിൾ ആയി പറഞ്ഞ കുട്ടിക്കഥ നന്നായി.

  ആശംസകൾ!!!!

  മറുപടിഇല്ലാതാക്കൂ
 2. കന്യാകുമാരിയിൽ പോയതാരുന്നു സ്കൂളിൽ നിന്ന്
  ആദ്യമായി വാങ്ങിത്തന്ന ചെരിപ്പ് കടലിൽ പോയി
  കുറെ നേരം തിര അത് മടക്കിക്കൊണ്ടുവരും എന്നോർത്ത് നിന്നു.
  കിട്ടാതായപ്പോ മറ്റേ ചെരിപ്പ് എടുത്ത് ദൂരെ കടലിലേക്ക് എറിഞ്ഞു.

  അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോ ദാണ്ടെ ആദ്യം പോയ ചെരിപ്പ് ഒരു തിര ചുമന്നുകൊണ്ട് വരുന്നു!!!

  മറുപടിഇല്ലാതാക്കൂ
 3. "ഒരേ വഴിയിലൂടെ, ഒന്നിനെ മാത്രം തേടിയുള്ള നാലാമത്തെ സഞ്ചാരമായിരുന്നു അത്"

  റീഡർ സ്കെയിലിൽ 8 നു മേൽ തീവ്രത വരക്കുന്നൊരു തുടക്കമുണ്ട് ഇതിൽ .
  തീർത്തും ലാഘവമായൊരു ത്രെഡിൽ നിറയെ നിറം ചേർത്ത് കഥ മെനഞ്ഞ് ഒടുക്കം "മ്മ്ച്ചും" എന്ന് ചുമലു കൂച്ചി സിമ്പ്ലൻ ക്ലൈമാക്സിലേക്ക് കയറി പോകുന്ന മനോഹരമായൊരു കഥപറച്ചിൽ....
  സലാം ഹരിപ്രിയ ..

  മറുപടിഇല്ലാതാക്കൂ