2018, മാർച്ച് 24, ശനിയാഴ്‌ച

എന്റെ 'ഡ്രൈവാ'ന്വേഷണ പരീക്ഷണങ്ങള്‍

പൊക്കമില്ലായ്മയാണെന്റെ പൊക്കം' എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് നമ്മള്‍ക്കു വേണ്ടി കൂടെയാണെന്നാണ് പണ്ട് അമ്മ പറയാറ്. അതാണെന്റെ പില്‍ക്കാലത്തെ  ആപ്തവാക്യം. നീളമില്ലാത്തതു കൊണ്ട് ഉണ്ടാകുന്ന എന്ത് പ്രശ്‌നത്തെയും കളിയാക്കലുകളെയും  ഈ ഉത്തരം കൊണ്ട് തടുക്കും.
പക്ഷേ അങ്ങനെ വാക്കുകള്‍ കൊണ്ട് മാത്രം ഒതുങ്ങുന്നവയല്ലല്ലോ ജീവിത പ്രശ്‌നങ്ങള്‍. കുഞ്ഞിനെ നഴ്‌സറിയില്‍ നിന്ന് വിളിച്ച് കൊണ്ട് വരിക എന്ന കര്‍മ്മം എന്നില്‍ നിക്ഷിപ്തമാവുകയും അത് ദുര്‍ഘടമായ ഒന്നായി തീരെ 'കുറുകിയ' എന്നെ അലട്ടുകയും ചെയ്തു തുടങ്ങിയ കാലം.
ബസില്‍ കയറിയാല്‍ കഷ്ടിച്ചേ മുകളിലെ കമ്പിയില്‍ എത്തൂ. ചിലപ്പോള്‍ എത്തുകയുമില്ല. ഒറ്റയ്ക്ക് തന്നെ ഹീലുള്ള ചെരുപ്പൊക്കെ ഇട്ട് അഡ്ജസ്റ്റ് ചെയ്യുന്ന ഞാന്‍ എങ്ങനെ മോളെയും എടുത്ത് അവളുടെ ബാഗും, കിറ്റും എന്റെ ബാഗും ഒക്കെ കൊണ്ട് ബസ്സില്‍ കേറും?
ആദ്യം എനിക്കൊരു വലിയ ബാഗ് വാങ്ങി മോളുടെ ബാഗ് അതില്‍ കയറ്റി നോക്കി. എന്നാലും അതും, മോളെയും  വച്ച് ബസ്സില്‍ ഒരു സന്തുലനാവസ്ഥ കൈവരിക്കാന്‍ എനിക്ക് കഴിയുന്നില്ലായിരുന്നു.
കുറച്ചൂടെ നീളം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ 'പൊളിച്ചേനെ' എന്ന് വിചാരിച്ച് വിഷമിച്ച് നില്‍ക്കുമ്പോഴാണ് സ്വന്തമായി വണ്ടി എന്ന ആശയം ഞാന്‍ തന്നെ എനിക്ക് 'സജസ്‌റ്' ചെയ്തത്.
അങ്ങനെ അതായി പിന്നത്തെ അങ്കം.
സംഭവം നമ്മളീ ലൈസന്‍സ് ഒക്കെ നേരത്തെ എടുത്തത് കൊണ്ട് യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനമൊക്കെ അറിയാം എന്നൊരു 'ഇത്' ഉണ്ടായിരുന്നു.
വീട്ടിലെ വണ്ടി, രാവിലേം വൈകുന്നേരവും എല്ലാ ദിവസവും ചുമ്മാ ഒന്ന് ഓടിച്ചു നോക്കിയാല്‍ മതി എന്ന തണുപ്പന്‍ തീരുമാനം ഫലം കാണാതെ പോയി.
പക്ഷേ അതില്‍ തളര്‍ന്നാല്‍ നമ്മുടെ ആവശ്യം നടക്കില്ലല്ലോ.
അങ്ങനെ ഒരു റിഫ്രഷ് കോഴ്‌സിന് ചേരാന്‍ തന്നെ തീരുമാനിച്ചു.
ഇതൊരു സുപ്രധാന തീരുമാനമായിരുന്നു. ലക്ഷ്യത്തിലേക്കെത്തിച്ച തുറുപ്പ് ഗുലാന്‍.
കോഴ്‌സ് എത്ര കത്തി ആണെങ്കിലും അതു വഴി ലഭിക്കുന്ന അറിവ് നമ്മളെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തതാണ്. ആ ഒറ്റ ബോധ്യത്തിലാണ് ചേര്‍ന്നത്.
അങ്ങനെ റോഡ് മുറിച്ച് കടക്കാന്‍ പോലും പേടിയുള്ള ഞാന്‍ ഡ്രൈവിംഗ് തുടങ്ങി. റോഡിനെ അറിഞ്ഞു തുടങ്ങിപ്പോയപ്പോഴാണ് ആദ്യമായി ഒരു സ്ത്രീ ആയതു കൊണ്ട് മാത്രം  നമ്മളിലേക്ക് എത്താതെ പോകുന്ന ചില അറിവുകളിലേക്ക് ഞാന്‍ കണ്ണ് തുറന്നത്.
ഒരു പുരുഷന്‍ റോഡില്‍ പെരുമാറുന്നത് പോലെയല്ല ഒരു സ്ത്രീ (ഭൂരിഭാഗവും). അതിനു കാരണം തേടിയാല്‍ നമ്മള്‍ കുറച്ച് പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും.
ചെറുപ്പം മുതലേ നടക്കാനല്ലാതെ നമ്മള്‍ ഭൂരിഭാഗം സ്ത്രീകളും തനിയെ റോഡില്‍ ഇറങ്ങിയിട്ടില്ല. സൈക്കിള്‍ പഠിക്കാനായി പഠിച്ചിട്ടുണ്ടെങ്കിലും ഒരു ആവശ്യത്തിനായി അത് ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ല. എപ്പൊഴെങ്കിലും മാത്രം വണ്ടി വരുന്ന നാട്ടുറോഡിലൂടെ ആണെങ്കിലും അര കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്‌കൂളിലേക്കോ ഇരുന്നൂറു മീറ്റര്‍ അടുത്തുള്ള കടയിലേക്കോ ഒരിക്കല്‍ പോലും ഞാനും സ്വന്തമായി സൈക്കിള്‍ പോലും ഓടിച്ചിട്ടില്ല. എന്താല്ലേ? ഇതു പോലെ ആയിരിക്കും മിക്കവരും.
പക്ഷേ അങ്ങനെ ഉള്ളവരാണ് നഗരത്തിലെ തിരക്കേറിയ ഗതാതഗത്തിനിടയിലൂടെ, സമര്‍ത്ഥരും അതിസമര്‍ത്ഥരും തുടക്കക്കാരുമടങ്ങുന്ന   ഡ്രൈവര്‍മാര്‍ക്കിടയില്‍ സ്‌കൂട്ടിയും കാറുമൊക്കെയായി വരുന്നത്. നന്നായി ഓടിക്കുന്നവര്‍ക്ക് ഇത്തരക്കാര്‍ പൊതുവേ ശല്യമാണ്(?). കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ അവര്‍ പെരുമാറുന്നത് പോലെയല്ല പുതിയവര്‍. പ്രത്യേകിച്ച് സ്ത്രീകള്‍. കാരണം പുരുഷന്മാര്‍ക്ക് ചെറുപ്പം മുതലേ സൈക്കിളോ ബൈക്കോ ഒക്കെ ഓടിച്ച് റോഡിന്റെ ഒരു സ്വഭാവം അറിയുന്നുണ്ടാവും.
അവരു വിചാരിക്കുന്ന പോലെ നമ്മളുടെ വണ്ടി പോകാത്തപ്പോള്‍ ഉണ്ടാകുന്ന നീരസം, അവര്‍ തിരക്കിലാണെങ്കില്‍ വരുന്ന ദേഷ്യം ഒക്കെ സ്വാഭാവികം. കുറച്ച് നന്നായാല്‍ സ്ത്രീകളും പുരുഷന്മാരും തുടങ്ങും തുടക്കക്കാരെ പുച്ഛിക്കാന്‍.
പക്ഷേ അതും വിചാരിച്ച് നമുക്ക് പുറത്തിറങ്ങാണ്ടിരിക്കാന്‍ പറ്റുമോ ? റോഡ് അവരെപ്പോലെ നമുക്കും കൂടെ ഉള്ളതാണ്.
ഏതവസരത്തിലാണെങ്കിലും നമുക്ക് വേണ്ടി ഒരല്‍പം സ്ഥലം ഉണ്ടെന്ന് ഓര്‍ക്കുക.
ഡ്രൈവിങ്ങിനെ നമുക്ക് ജീവിതവുമായി ഉപമിക്കാം. ഈ ലോകത്തെ റോഡുമായും.
നമുക്ക് നമ്മുടെ ജീവിതമാകുന്ന വണ്ടിയുമെടുത്ത് നിരത്തിലേക്കിറങ്ങാം. നമ്മള്‍ സഞ്ചരിക്കുന്ന സമയം നിരത്തിന്റെ ആ ഭാഗം നമ്മളുടേതാണ്.
നമുക്ക് മുന്നേ വേറെ ആരുടേതോ ആയിരുന്നു. നമുക്ക്  ശേഷം മറ്റാരുടേതോ ആകും. പക്ഷേ വര്‍ത്തമാനത്തില്‍ അത് നമ്മളുടേത് മാത്രമാണ്.
അവിടെ വേണ്ടുന്ന വേഗതയില്‍ നമുക്ക് വണ്ടിയുമായി മുന്നോട്ട് നീങ്ങാം. ആവശ്യമില്ലാതെ വേഗത കൂട്ടി മുന്പുള്ളവരെയോ, കുറച്ച് പിന്നിലുള്ളവരെയോ, തെറ്റായ ദിശയില്‍ കയറി ഇരുവശമുള്ളവരെയോ അസ്വസ്ഥരാക്കരുത്. ഇതൊക്കെ ചെയ്യേണ്ടി വരുമ്പോള്‍ മുന്‍കൂട്ടിക്കണ്ട് അതിനേറെതായ രീതിയില്‍ ചെയ്യുക.
ഹോ കുറച്ചു ഫിലോസഫിക്കൽ ആയി പോയി.
എന്തായാലും പിറകില്‍ നിന്ന് സ്വൈര്യം തരാതെ ഹോണടിക്കുന്ന ബസ്‌കാരേയും, തെറിവിളിച്ച് സൈഡാക്കുന്ന ചേട്ടന്മാരെയും ശ്രദ്ധിക്കാതെ, നമ്മളെ പരിഗണിക്കുന്നവര്‍ക്കു നന്ദിയോടെ ചിരിച്ച് കൊണ്ട് യാത്ര തുടങ്ങി.
ആദ്യമാദ്യം ഉണ്ടാവുന്ന അങ്കലാപ്പും പേടിയുമൊക്കെ കുറച്ച് ദിവസങ്ങള്‍ തുടര്‍ച്ചയായി ഡ്രൈവ് ചെയ്താല്‍ മാറും. അങ്ങനെയേ മാറൂ. അതുകൊണ്ട് ഒഴികഴിവുകള്‍ മാറ്റിവച്ച് ഡ്രൈവ് ചെയ്യാന്‍ കിട്ടുന്ന ഏതവസരവും ഉപയോഗിക്കുക. രാത്രിയായാലും, മഴയായാലും, തിരക്കായാലും, വളവും കയറ്റവുമുള്ള റോഡായാലും ഒക്കെ വണ്ടി അറിയുന്ന ഒരാളുടെ സാന്നിധ്യത്തില്‍ ഓടിക്കുക. പിന്നെ തനിയെ ആയിക്കൊള്ളും. 
പക്ഷേ അതുമാത്രമായിരുന്നില്ല വന്ന വെല്ലുവിളികള്‍. ചെലപ്പോ സിഗ്‌നലില്‍ കിടക്കുമ്പോഴായിരിക്കും 'കുഞ്ഞൂന് മൂത്തരം ഒഴിച്ചണം ' എന്നൊരു പ്രസ്താവന. അല്ലെങ്കില്‍ 'കുഞ്ഞൂന് വെള്ളം വേണം'. അതുമല്ലെങ്കില്‍ 'നോക്കമ്മേ നോക്ക് നോക്ക് കൊച്ചു ടീവീലെ ചേച്ചീന്റെ ഫോട്ടോ'. 'എനിക്ക് കിന്‍ഡര്‍ജോയ് വേണം. ആ കടയില്‍ കുഞ്ഞു കണ്ടതാ നിറത്തമ്മേ വണ്ടി...' നോക്കിയില്ലെങ്കില്‍ ബഹളമായി, കരച്ചിലായി...
റോഡിലിറങ്ങിയാല്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കണം എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ.അപ്പൊ അടുത്തത് കുഞ്ഞിനെ ബോധവല്‍ക്കരിക്കല്‍ ആയിരുന്നു.
സീറ്റ് ബെല്‍റ്റ് അഴിക്കരുത്, ഡോറില്‍ പിടിക്കരുത്, വണ്ടി ഓടിക്കുമ്പോള്‍ അമ്മയെ വെറുതെ വിടണം ഒക്കെ പറഞ്ഞു മനസ്സിലാക്കി. കുട്ടികള്‍ക്ക് നമ്മളെക്കാള്‍ മനസ്സിലാക്കാനുള്ള കഴിവുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്.
ഇങ്ങനെ ഒക്കെ തുടങ്ങിക്കിട്ടി. ഇത് പോലെ ഒപ്പിച്ചങ്ങു പോകാം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് അറിവില്ലായ്മമൂലം ഉണ്ടായ ഒരു ചെറിയ അപകടം.
വലിയ വളവുള്ള ഒരു കയറ്റത്തില്‍ വച്ച് പെട്ടെന്നൊരു ബസ് ഹോണടിക്കാതെ ഇറങ്ങി വന്നു. അവസാന നിമിഷമാണ് കാണുന്നത്. എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത സാഹചര്യം! അവിടെ ഞാന്‍ വണ്ടി നിര്‍ത്തി. ബസ് എന്നെ കടന്നു പോകാന്‍ തുടങ്ങി. സ്വാഭാവികമായും ഞാന്‍ മുന്നോട്ടെടുക്കുമെന്നു പ്രതീക്ഷിച്ച ബസ് ഡ്രൈവര്‍ക്കു തെറ്റി. ഞാന്‍ അവിടെ തന്നെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ബസിന്റെ പിന്‍ഭാഗം വന്ന് കാറിലിടിച്ചു. അതോടെ ഇനി ഡ്രൈവിംഗ്  നിര്‍ത്തി എന്ന് പറഞ്ഞു 'ചിലങ്കയഴിക്കാന്‍' നിന്ന എന്നെ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ ഡോര്‍ ജാമായിരിക്കുന്നു. ബസിന്റെ ഇടിയില്‍ പറ്റിയത്. വേറെ വഴിയില്ല വീടെത്തുന്നത് വരെ ഓടിക്കുക തന്നെ. പക്ഷേ ആ ഓട്ടത്തിനിടയില്‍ എപ്പോഴോ സ്റ്റിയറിങ് ഞാന്‍ പേടിയില്ലാതെ പിടിച്ചു. വണ്ടിക്കെന്തെങ്കിലും പറ്റിയാലും എനിക്ക് വേദനിക്കുമെന്നറിഞ്ഞു.  അങ്ങനെ എന്റെ വണ്ടിയെ ഞാന്‍ പേടിക്കാതെ സ്‌നേഹിച്ചു തുടങ്ങി.. സ്‌നേഹത്തോടെ എന്ത് ചെയ്താലും അത് 'തകര്‍ക്കുമല്ലോ'!


Published in Mathrubhumi online.
http://www.mathrubhumi.com/women/specials/womens-day-2018/articles/first-driving-experience-1.2653717

2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച

കല്ല് തിന്നുന്നവർ

ഒരു ശനിയാഴ്ച സന്ധ്യയിലേക്കാണ് ജാനുവേച്ചിയിറങ്ങി പോയത്.
ഓറ് പോയീന്ന് സന്ധ്യയോളം മുഖം കറുപ്പിച്ച് മരുമകൻ വിങ്ങിപ്പൊട്ടി.

ആദ്യമായി ഭയത്തെ മറികടത്തി ദു:ഖം അങ്ങോട്ട് നടത്തി.
മരിച്ചവർ പ്രേതങ്ങളായി പോലും മുന്നിൽ വരാത്തത്ര ഭാവനാശൂന്യയായി മാറുകയായിരുന്നു ഞാൻ.

കുറെ ദിവസം മുന്നേ ക്ഷീണിച്ച ചിരിയുമായി പുതിയൊരു വേദനയെ കുറിച്ച് അവർ പറഞ്ഞിരുന്നു.
പിന്നെ പിന്നെ അതിനെ കുറിച്ചുമാത്രമായി എല്ലാ വർത്തമാനങ്ങളും.

അവിടെ അവനുണ്ടായിരുന്നു.
കല്യാണങ്ങൾക്കും വീട്ടിൽക്കൂട്ടലുകൾക്കും കാണാറുള്ള ചിരിക്കുന്ന മുഖം.
ഇപ്പോൾ ചിരിക്കാൻ പാടില്ലാത്ത സാഹചര്യമാണ് എന്ന്, ചിരിക്കാൻ മാത്രം അറിയുന്ന എന്നെ ഞാൻ ഓർമിപ്പിച്ചു.
നോട്ടങ്ങൾ കൂട്ടിമുട്ടിയപ്പോൾ വളരെ നേർത്ത ഒരു ചിരിയാലെ (വേറെ വഴിയില്ലായിരുന്നു) ഞാൻ കാണിച്ച പരിചയഭാവത്തിന് മറുപടിയായി അടുത്തുവന്നു.
ഒരു നിശ്വാസത്തോടെ ജാന്വേച്ചീന്റെ അവസാന നിമിഷങ്ങൾ വിവരിച്ചു തുടങ്ങി. അത് നീണ്ട്, അസുഖം വന്നത് മുതൽ അവസാന ശ്വാസം വരെയുള്ള വർണ്ണനയായി.

എപ്പോഴോ നടന്നു തുടങ്ങിയ ഞങ്ങൾ മരണ നേരമായപ്പോഴേക്കും ചിറവക്കിലെത്തിയിരുന്നു.
മരണമെന്ന ഫുൾസ്റ്റോപ്പിൽ നീണ്ട മൗനം കടന്നു വന്നപ്പോൾ ഇനി കുറച്ചിരിക്കാം എന്ന് പറഞ്ഞ് രണ്ടുമൂന്നു കല്ലുകളും പെറുക്കി അവനിരുന്നു. ഞാനും!
വെള്ളത്തിൽ പിച്ച് ചെയ്യുന്നത് നോക്കിക്കോ - അവ ഓരോന്നായി കുളത്തിലേക്ക് നീട്ടി എറിയപ്പെട്ടു.

അവന്റെ കല്ലുകൾ തീർന്നപ്പോൾ എനിക്ക് നേരെ കൈനീട്ടി.
ഇത് ചെറിയ കല്ലുകളാ. വലുത് വേണ്ടേ ?

ഞാൻ നിലത്ത് നിന്ന് എടുക്കാൻ പോയപ്പോഴേക്കും കല്ലുകൾ ചുരുട്ടി പിടിച്ച എന്റെ കൈ തുറക്കുകയും ഒരെണ്ണം വായിലേക്കിടുകയും ചെയ്തിരുന്നു.
'എനിക്കും ഇതുപോലെ ചെറിയ, അലിയുന്ന കല്ലുകളാ ഇഷ്ടം'.

കല്ല് മണ്ണാകുന്ന കര കര ശബ്ദം, പിന്നെ ആ രുചി ഇറങ്ങിപ്പോകുന്ന നനഞ്ഞ ശബ്ദം!
നിയന്ത്രിക്കാനാവാതെ ഞാനും ഒരെണ്ണം വായിലിട്ടു.

ആസ്വദിക്കാതെ ഇറക്കേണ്ടി വന്നു.
ഇത്രനാൾ ആരും കാണാതെയേ കഴിച്ചിട്ടുള്ളൂ.

അടുത്തവർക്കു പോലും അറിയാത്ത രഹസ്യമാണിപ്പോൾ അയൽവാസിയുടെ ഏതോ ബന്ധുവിന് വെളിപ്പെട്ടിരിക്കുന്നത്.
ഛേ.. നാണക്കേടാണ്...

നിനക്കെങ്ങനെ അറിയാം ഞാൻ കല്ലുതിന്നുമെന്ന്? ജാനുവേച്ചി പറഞ്ഞതാ?

അതേ. അവരും ഇതിന്റെയാളാ. ഞാനും അവരും പണ്ടേ ഒരുമിച്ച് തിന്നലിണ്ട്. കള്ളുകുടിയന്മാർ കൂടുന്നപോലെ ആരുമറിയാണ്ട്.

പക്ഷെ അവസാനായപ്പോ അവരിക്കൊരു സംശയം, ഇത് കൊണ്ടാരിക്കുമോ സുഖമില്ലാണ്ടായേന്ന്.
വേറെ ഒരു ചാൻസും ഇല്ലല്ലാ ?

ആസ്പത്രീല് പോയപ്പളെല്ലാം പറഞ്ഞു, മോനേ ഇനി തിന്നല്ലേന്ന് . നിന്നോട് പറയാനും പറഞ്ഞ്.

ഇതും കൂടി മതി. ഇനി വേണ്ടട്ടാ. ബാക്കി കല്ലുകൾ അവൻ കുളത്തിലേക്കിട്ടു.

ജാനുവേച്ചീനോടും ഞാൻ പറഞ്ഞിറ്റില്ല.
പക്ഷേ അറിഞ്ഞു.

വീടിന്റെ പണി നടക്കുമ്പോൾ ചുമരിൽ നിന്ന് കല്ല് തോണ്ടി തിന്നുന്നത് അവർ കയ്യോടെ പിടിച്ചിട്ടുണ്ട്.

ഇനി തിന്നരുത് - ന്ന് മാത്രം പറഞ്ഞിട്ട് ‘ചുമര് തേക്കുമ്പോ എന്താ ചെയ്യാ' - ന്ന് ചോദിച്ചു.

ഒരു കല്ല് തേക്കാതെ വച്ചിട്ട് കലണ്ടർ തൂക്കി മറച്ചാൽ പോരേ എന്ന് ഞാൻ ചിരിച്ചു.

അങ്ങനെ ചെയ്യാൻ പണിക്കാരോട് പറഞ്ഞ് നോക്ക്. നിന്നെ എല്ലാരും കൂടി കൊല്ലും.

ഇനി തിന്നാൽ അമ്മേനോട് പറഞ്ഞു കൊടുക്കും കേട്ടാ - എന്ന് ഭീഷണിപ്പെടുത്തി അവര് പോയി.

ഇനി ഞാൻ തിന്നൂല്ല. നീയും തിന്നണ്ട. അവൻ വീണ്ടും പറഞ്ഞു.

‘മൂന്ന് കല്ല് തിന്നുന്നവർ മരിച്ച ദിവസായിക്കോട്ടേ ഇന്ന്. അല്ലേ?’
‘ഉം'.

പക്ഷേ എനിക്ക് ചെലപ്പോ ഉയർത്തെഴുന്നേൽക്കണ്ടി വരും. എന്നാലും നോക്കാം! ;)

2017, മേയ് 11, വ്യാഴാഴ്‌ച

ആ യാത്ര, അതൊരു പ്രണയമായിരുന്നു.


രിക്കല്‍ രണ്ടു പേര്‍ ഒത്തുകൂടാന്‍ പുറപ്പെട്ടു. രണ്ടു വഴികളിലൂടെ ഒരേസമയത്ത്, ഒരേ സ്ഥലത്തേക്ക് അവര്‍ യാത്ര തുടങ്ങി. ഉദയത്തിന് കാത്ത് നില്‍ക്കാതെ ഇരുട്ടില്‍ തുടങ്ങിയ വഴി. ഒരാള്‍ ആവേശത്തിലായിരുന്നു, മറ്റെയാള്‍ അല്‍പ്പം പരിഭ്രമത്തിലും.
ഒരുമിച്ച് കുറെ നേരം ഇരിക്കണം, മിണ്ടണം സ്‌നേഹിക്കണം പാട്ടുകള്‍ കേള്‍ക്കണം. അതിന്റെ വരികളിലൂടെ നടക്കണം. ഓരോ വാക്കുകളുടെയും ജനനത്തിന്റെ കഥകള്‍ മെനയണം അങ്ങനെയങ്ങനെ നീളും ആ ദിനം.


വേഗം എത്തണം എന്ന ഒറ്റ ചിന്തയാണ് രണ്ടു പേര്‍ക്കും. അങ്ങനെ ആ ഒത്തുചേരലിന്റെ മൂര്‍ച്ഛയില്‍ കേട്ട് മടുത്ത 'ഞാന്‍ ഒറ്റയ്ക്കാണ്' എന്നൊരു പരിഭവം പറച്ചിലുണ്ടാവും. 
പിന്നെ അതിനെ സമര്‍ഥിക്കാന്‍ കുറെ ഉദാഹരണങ്ങളും. അതൊക്കെ കൊണ്ടാണ്, അതൊക്കെ കൊണ്ട് മാത്രമാണ് ഈ പ്രണയ സാഹസമെന്ന് മനസ്സ് തുറക്കും. കണ്ണുകള്‍ നിറയും.

നനയാത്ത ചുണ്ടുകള്‍ നനഞ്ഞ ചുണ്ടുകളെ ചേര്‍ത്ത് പറയും, നമുക്ക് വേണ്ടിയല്ലേ പൂക്കള്‍ ഇന്ന് പതിവിലും മെല്ലെ വിരിയുന്നത്?, പക്ഷികള്‍ മൗനമായ് പാടുന്നത്?, സൂര്യന്‍ ഇതുവരെ ഉണരാതെ ഒളിയ്ക്കുന്നത് ?
ചുണ്ടുകളിലൂടെ കണ്ണുനീര്‍ പങ്കുവച്ച് ഇനി ഒറ്റയ്ക്കല്ലെന്നു അവര്‍ക്കു വിശ്വസിക്കാം. അങ്ങനെയായിരിക്കും അവര്‍ ശരിക്കും പ്രണയിക്കാന്‍ തീരുമാനിച്ചത്. Read at:  http://www.mathrubhumi.com/youth/specials/valentine-s-day-2017/articles/valentine-s-day-2017-love-thoughts-1.1725519

2016, ജൂലൈ 28, വ്യാഴാഴ്‌ച

ശേഷം ചിന്ത്യം


പ്രണയത്തിന്റെ , അല്ല, പരസ്പര ആകര്ഷണത്തിന്റെ ആദ്യ ദിനങ്ങളിൽ അവനു ചെറിയ ക്ഷീണമുണ്ടായിരുന്നു, എന്തോ തളർച്ച.
അവനുള്ളത്‌ കൊണ്ട്, തളർച്ച ആദ്യം തളർന്നിരുന്നു, പിന്നെ വളർന്നു.

എന്തോ കാരണത്താൽ അവളെ ശ്രദ്ധിച്ചു, അത് കൊണ്ട് അവളും തിരിച്ച് ശ്രദ്ധിച്ചു. തികച്ചും സ്വാഭാവികം.

ചിരിയും, നോട്ടങ്ങളും വയറ്റിൽ പൂമ്പാറ്റകളെ പറത്തിയില്ല, പകരം ഒരു വേദനയാണ് തൊടുത്തു വിട്ടത്.
അവളുടെ കണ്ണിലും മുഖത്തും തിളക്കം കൂടി വന്നു, അവനു ക്ഷീണവും!

അടുത്ത പടി പ്രണയം എന്നിരിക്കേ അവൻ പറഞ്ഞു -
എനിക്കൊരു വേദനയുണ്ട്.
അവൾ പറഞ്ഞു - എനിക്കും.
"എനിക്കൊരു വയറു വേദനയാ"
"എനിക്ക് ഹൃദയ വേദനയും"
"അറിയാം, പക്ഷെ എന്റേത് അങ്ങനെയല്ല, അങ്ങനെ മാത്രമല്ല".
"ഉം"
"നാളെ മംഗലാപുരത്ത് പോയി കാണിക്കണം, എന്നിട്ടാവാം!"
"എന്ത് ?"
"അല്ല, പ്രേമിക്കാൻ മിനിമം താലികെട്ടാനുള്ള ആരോഗ്യമെങ്കിലും വേണല്ലോ? "
"ഏ? താലിയോ?"
"അയ്യോ അങ്ങനെയല്ല, ഞാൻ സന്ദര്ഭത്തിന് യോജിച്ച ഒരു സിനിമാ സംഭാഷണം പറഞ്ഞുന്നേ ഉള്ളൂ.. "
"ഉം, ഇപ്പൊ എല്ലാം സിനിമാ സ്റ്റൈൽ ആണല്ലോ "
"അങ്ങനെയാണോ?, സിനിമ ജീവിത സ്റ്റൈൽ ആവുകയല്ലേ, നമുക്ക് പറയാൻ പലതും അവിടുന്ന് കടമെടുക്കാൻ പറ്റുന്നുണ്ടല്ലോ, അവ ജീവിതത്തോടടുത്ത് തുടങ്ങുന്നു" !
"ഉം, ആയിക്കോട്ടെ"
"അപ്പൊ പറഞ്ഞു വന്നത്, നാളെ പോയി എന്റെ വേദനയുടെ കാര്യം ഒന്ന് തീരുമാനമാകട്ടെ, എന്നിട്ട് മതിയല്ലോ നിന്റെ വേദന"
"പക്ഷേ, അത് തുടങ്ങി പോയി "
"തുടങ്ങിയല്ലേ ഉള്ളു, നിർത്താൻ എളുപ്പമാകും "
"ഉം, നോക്കാം "
"നോക്കാം"

2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഫേസ്ബുക്ക്‌ ജാരന്മാരോടുള്ള ചോദ്യങ്ങൾ


അങ്ങനെ ഇങ്ങനെ ചാറ്റ് ചെയ്ത് ബോറടിക്കുമ്പോൾ,
എന്നെ ഇപ്പൊ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു തുടങ്ങാം - ഒരു അവിവാഹിതയ്ക്ക്.
കള്ളകാമുകർ ഒഴിവുകഴിവുകൾ, ഉത്തരവാദിത്ത്വം നീട്ടി നിരത്തും, ബ്ലോക്ക്‌ ചെയ്യപ്പെടും.
എനിക്കാരും ഇല്ലെന്നോ, ഭർത്താവ് ശരിയല്ലെന്നോ തുടങ്ങി
ഞാനും വരുന്നു കൂടെ എന്ന് പറയാം - ഒരു വിവാഹിതയ്ക്ക്.
എന്റെ ജീവിതം എന്നോ, വീട്ടുകാരുടെ പ്രതീക്ഷയെന്നോ,
ജീവിതത്തിന്റെ നെട്ടൊട്ടമെന്നൊ പറഞ്ഞ് ഓഫ്‌ലൈൻ ആകും.
എന്റെ കുഞ്ഞിനെ കൂടെ കൊണ്ട് വരും എന്ന് പറയാം - ഒരു അമ്മയ്ക്ക്
എനിക്ക് നിന്നെ മതിയെന്നോ, ഇതുപോലെത്ര വേണമെങ്കിലും ഞാൻ തരുമെന്നോ പറഞ്ഞേക്കും.
ഇനി കുഞ്ഞിനെയുമെടുത്തോ എന്നാണ് ഉത്തരമെങ്കിൽ,
ബാക്കി ജീവിതം മുഴുവൻ കണ്ണ് രണ്ടും അവരിലേക്ക്‌ സമർപ്പിക്കണം.
ആണായാലും പെണ്ണായാലും! അത് വേണ്ട! ലോഗൌട്ട് ചെയ്തേക്ക്.
ഇതിലൊന്നും പെടാതെ,
എനിക്ക് നിന്റെ ജാരനായി ഈ ഇല്ലാ ലോകത്തിൽ കഴിയാനാണിഷ്ടം എന്നാണെങ്കിൽ മടിക്കണ്ട,
അതൊരു കുടുംബത്ത് പെറന്ന ജാരൻ തന്നെ. പൂർണമായും അവിശ്വസിക്കാം!

2016, മാർച്ച് 19, ശനിയാഴ്‌ച

ഒറ്റ


ഒരേ വഴിയിലൂടെ, ഒന്നിനെ മാത്രം തേടിയുള്ള നാലാമത്തെ സഞ്ചാരമായിരുന്നു അത്.
കാണാതെ പോയൊരു പാദസരം തേടിയുള്ള നടത്തങ്ങൾ.

ട്യൂഷനു പോകാൻ ഇറങ്ങിയപ്പോഴാണ് ഒരു കാലിൽ പാദസരം ഇല്ലെന്ന് കണ്ടത്.

സ്കൂളിൽ നിന്ന് വന്നവഴി മുഴുവൻ തിരിച്ച് നടന്നു. ഇടതു വശം നോക്കി അങ്ങോട്ടും, വലതു വശം നോക്കി ഇങ്ങോട്ടും. പിന്നെ റോഡിനു നടുഭാഗം നോക്കി വീണ്ടും അങ്ങോട്ട്. എവിടെയും കാണാഞ്ഞപ്പോൾ നേരെ നടന്നു ടൂഷൻ ക്ലാസ്സിലേക്ക്. ഒരുപാട് താമസിച്ചിരുന്നു.
അമ്മയേക്കാളും വിശ്വസ്ത ട്യൂഷൻ ടീച്ചർ ആയതു കൊണ്ട് അവിടെ സത്യം പറഞ്ഞു.

എന്തായാലും ഈ വിഷയത്തിൽ സത്യവും കള്ളവും വീട്ടിൽ ജയിക്കില്ല.
കാണാതെ പോയത് കണ്ടുപിടിച്ചേ പറ്റൂ.

തിരിച്ച് വീണ്ടും റോഡിനു നടുഭാഗം നോക്കി നടന്നു.
വലതും ഇടതും നോക്കാൻ ചങ്ങാതിമാരെയും ഏൽപ്പിച്ചു.

മഴക്കാലമാണ്. എങ്കിലും അന്ന് മഴ കുറവായിരുന്നു. റോഡിനു ഇടതു വശം വെള്ളം ഒഴുകുന്നുണ്ട്.
ഒഴുക്കിൽപ്പെട്ട് പോയിക്കാണും എന്ന് വലതു ഭാഗം നോക്കുന്ന കുട്ടി പറഞ്ഞു. അതിനു മാത്രം ഒഴുക്കില്ലായെന്ന് ഇടതു ഭാഗവും.

ഇനി ഒഴുക്കിൽ പോയിട്ടുണ്ടെങ്കിൽ നോക്കണ്ട. വഴിയിൽ എത്ര ഒഴുക്കുകൾ ഉണ്ട്.. എല്ലാത്തിലും ഇറങ്ങി നടക്കാറുമുണ്ട്.
പാദസരം വേണ്ടായിരുന്നു. നടുവിലത്തെ കുട്ടിക്ക് കരച്ചിൽ വന്നു.

മറ്റേക്കാലിൽ ചിരിച്ചു നടക്കുന്ന പാദസരം അലോസരം ഉണ്ടാക്കി.
ലോകത്തിലെ ഏറ്റവും വലിയ ദുഖങ്ങളിൽ ഒന്നാണ് ഒറ്റപാദസരം!

കൂട്ടുകാരി കടിച്ചൂരി സഹായിച്ചു. അതും കയ്യിൽ വച്ചായി പിന്നെ നടത്തം.

നീ വെള്ളത്തിൽ ഇറങ്ങിയിരുന്നോ ?
'കാലു കഴുകാൻ കണ്ടിക്ക പീടിയേന്റെ ആട എറങ്ങീന്, പക്ഷേ ഇന്ന് ഒഴുക്കില്ലല്ലോ'.

ഒരു കാര്യം ചെയ്യാം.
ഈ പാദസരം വെള്ളത്തിലിട്ട് നോക്കിയാലോ, ഒഴുകി പോയോന്ന് ഉറപ്പിക്കാല്ലോ.

എല്ലാരും ആ ബുദ്ധി സമ്മതിച്ചു.
പാദസരം കുട്ടി വെള്ളത്തിലിടും, പിടിക്കാൻ ബാക്കി രണ്ടു പേർ മുന്നിലെ ഒഴുക്കില് നില്ക്കും.

പക്ഷേ വെള്ളം അതിബുദ്ധിമതിയായിരുന്നു.
ചെളിയിൽ ഒളിപ്പിച്ച് അത് പാദസരത്തെ കടത്തി കൊണ്ട് പോയി.

ആദ്യത്തെയാൾ കാലുകൊണ്ടും, രണ്ടാമത്തെയാൾ ഒഴിക്കിന് കുറുകെ കിടന്ന് മുഴുവൻ ശരീരം കൊണ്ടും തടയാൻ നോക്കിയെങ്കിലും,
അത് പോയി. അന്തമില്ലാത്തോരൊഴുക്കിലേക്ക്...

രണ്ടും നഷ്ടപ്പെട്ട കുട്ടി കണ്ണുകൾ കഴയ്ക്കുന്നത് വരെ ഒഴുക്ക് നോക്കി നിന്നു.

സമയം പോകുന്നു.. യാത്ര തുടരുന്നു.
കൂട്ടുകാരുടെ വീടുകൾ എത്തുന്നു. അവർ പിരിയുന്നു. കുട്ടി ഒറ്റയ്ക്കാവുന്നു.

ഇടവഴിയിലേക്ക് കടന്നു. വീടുകാണാം. കരിയിലകൾ കുതിർന്ന് വഴുതുന്നുണ്ട്.
ചെളിയിൽ പൂണ്ട ഇലകളും മാറ്റി മാറ്റി നോക്കി. എവിടെയെങ്കിലും ആദ്യത്തേത് കാണുമോ ?

വീട്ടിൽ എന്ത് പറയും ?
ചില ബുദ്ധികൾ കൂട്ടുകാർ ഉപദേശിച്ചിരുന്നു.

ഇന്ന് ഇത് വീട്ടിൽ പറയണ്ട. നാളെ ഏതെങ്കിലും ഒരെണ്ണം എവിടുന്നെങ്കിലും കിട്ടും. മിക്കതും സ്കൂളിൽ കാണും. എന്നിട്ട് പറയാം.
ഒരു പാദസരം പോകുന്നത് സാധാരണം.
ഇല്ലെങ്കിൽ സ്കൂളിൽ മറ്റ് ചങ്ങാതിമാരുമായി ആലോചിച്ച് എന്തെങ്കിലും ചെയ്യാം.
ഇന്ന് ഏതായാലും ഒന്നും പറയണ്ട.
ഒന്ന് പോയത് പോട്ടെ. രണ്ടും പോകുന്നത് അസാധാരണം അല്ലേ?

ഉള്ളിൽ കുറെ വെള്ളം ഒളിപ്പിച്ച് കരിയിലകൾ. ഒന്നമർത്തി ചവിട്ടിയാൽ വെള്ളം പൊങ്ങും. അവ മുങ്ങി പോകും.
കാലെടുത്താൽ വെറും നനഞ്ഞ ഇലകൾ.

അമ്മ പുറത്ത് വന്നു നോക്കി..
വീട്ടിൽ പോകാൻ ഭയം.
ചിലപ്പോൾ കേറി ചെല്ലുമ്പോൾ തന്നെ പിടിക്കപ്പെടും.
എന്തായാലും പോകാതെ പറ്റില്ലല്ലോ.

എന്താ വൈകിയേ എന്ന ചോദ്യത്തിന് 'മ്മ്ച്ചും' എന്ന് തോൾ ഉയർത്തി താഴ്ത്തി.

നേരെ മുറിയിലേക്ക് നടന്നു.
'ആ ചളീലൂട്ട വന്നതല്ലേ കാല് കഴ്കീറ്റ് പോ' - അമ്മ.

മുറിയിൽ കട്ടിലിന് താഴെ ആദ്യ പാദസരം കിടന്ന് ചിരിക്കുന്നു.
ഹെന്റമ്മേ! കുട്ടി ഉച്ചത്തിൽ വിളിച്ചു പോയി.


പുറത്തേ പൈപ്പിൽ കാലുകഴുകാൻ നിന്നപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു.

"അയ്യോ അമ്മേ എന്റെയൊരു പാദസരം കാണുന്നില്ല!!"

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ഹൈലോ

രു ദിവസം രാവിലെ വേവിക്കാൻ പയർ എടുത്തപ്പോൾ ഇടയ്ക്ക് വേറിട്ട്‌ നില്ക്കുന്ന ഒരു കടല കണ്ടു. തലേന്ന് രാത്രി കുതിർക്കാൻ ഇട്ടപ്പോഴേ കണ്ടിരുന്നു. അന്നേരം അതിനെ കുറിച്ചോർക്കാൻ സമയം കിട്ടിയില്ല. ഇതിനെ എന്തിനോടുപമിക്കാം എന്നാലോചിച്ചു നില്ക്കുകയായിരുന്നു.
ഇടയ്ക്ക് കയറി വന്ന ഭർത്താവിനെ കണ്ടപ്പോൾ,
"ചെറുപയർ മണികൾക്കിടയിൽ പെട്ടൊരു കടല കണ്ടോ ?
ഭർത്തൃ വീട്ടിൽ ഞാൻ എന്നപോലെ" എന്ന് പാടി.
"തീരെ കുറവില്ലല്ലേ? അതോ ഉറക്കപ്പിച്ചാണോ? "എന്ന് ചോദിച്ചു കൊണ്ട്, ഉത്തരം കേൾക്കാൻ നില്ക്കാതെ ആള് സ്ഥലം വിട്ടു.
അപ്പോഴാണ്‌ രാജീവ്‌ വിളിക്കുന്നത്. ഈ നേരത്ത് പതിവില്ലാത്ത വിളിയാണ്. സംശയത്തോടെ ഫോണ്‍ എടുത്തപ്പോൾ മറു വശത്തൊരു സ്ത്രീ ശബ്ദം.
"ആരാ ?" ഞാൻ ചോദിച്ചു.
"രാജീവിന്റെ അമ്മയാണ്"
"അമ്മയോ ? " അതെങ്ങനെ ? അവന്റെ അമ്മ മരിച്ചു പോയതാണ്.
ഇനി വേറെ ആരെയെങ്കിലും അവൻ അമ്മ എന്ന് വിളിക്കുന്നതാണോ ?
ആളുമാറിയോ  ?
"ആരാ എനിക്ക് മനസ്സിലായില്ല..."
ഫോണ്‍ കട്ട്‌ ആയി...
എന്താ പറ്റിയത് ? തിരിച്ചു വിളിച്ചു. എടുക്കുന്നില്ല.
'രാജീവിന്റെ മരിച്ചു പോയ അമ്മ എന്നെ വിളിച്ചു' !
'അപ്പൊ നിനക്കൊട്ടും കുറവില്ലല്ലേ ? രാവിലേ നിന്റെ ഭ്രാന്ത്‌ കേൾക്കാൻ എനിക്ക് സമയമില്ല കേട്ടോ...
മരിച്ചവർ വിളിക്കുന്നു, വീട്ടിലേക്ക് വരുന്നു. എന്തൊക്കെ കേൾക്കണം..' - ഭർത്താവിൽ നിന്നു പ്രതീക്ഷിച്ച മറുപടി തന്നെ കിട്ടി..
സ്വാഭാവികമായ പുച്ഛം, രാവിലത്തെ തിരക്കുകൾ...  എന്തെങ്കിലും ആവട്ടെ നമ്പർ മാറിയതെങ്ങാനും ആയിരിക്കും എന്ന് സമാധാനിച്ചു..
ഫ്ലാറ്റ് പൂട്ടി താക്കോൽ അപ്പുറത്ത് കൊടുക്കാൻ വിളിച്ചപ്പോൾ ഇറങ്ങി വന്നത് അവിടുത്തെ നാൻസി ചേച്ചിയുടെ അമ്മ!
ആദ്യമായി കാണുകയാ ഇവരെ.
ചേച്ചിയെ പോലെ തന്നെ... ചേച്ചി പറഞ്ഞിട്ടുണ്ട്... പക്ഷേ, അയ്യോ ചേച്ചീടെ അമ്മയും മരിച്ചതാണല്ലോ... ഇനി അമ്മായിയമ്മ ആണോ ?
എന്തോ സംഭവിച്ചിട്ടുണ്ട്. എവിടെയൊക്കെയോ അപരിചിത മുഖങ്ങൾ, ശബ്ദങ്ങൾ!
രാജീവിനോട്‌ ഒക്കെ പറയാൻ ഓഫീസിൽ ചെന്നപ്പോഴും അവന്റെ അമ്മയെ കണ്ടു..
ഒന്നും മിണ്ടാതെ തിരിച്ചുപോയി.
പിന്നെ ഇതൊരു പതിവായി. അനിയനെ വിളിച്ചപ്പോൾ അച്ഛനെ കിട്ടി.
കൂട്ടുകാരിയുടെ മരിച്ചു പോയ പെങ്ങളെ കണ്ടു...
ചിലരെ കാണുമ്പോഴൊക്കെ അവരുടെ മരിച്ചു പോയ ആരെങ്കിലും പകരം വരുന്നു, സംസാരിക്കുന്നു. ചിലരെ കാണുമ്പോൾ മാത്രം.
എന്നും ഇങ്ങനെ ആയപ്പോൾ ആൾക്കാരോട് മിണ്ടാൻ പേടിയായി.
ഭർത്താവിനോട്‌ സൂചിപ്പിച്ചപ്പോഴൊക്കെ നിനക്ക് പണ്ടേ ഉള്ളതല്ലേ ഇത്തരം ഭ്രാന്ത്‌ എന്ന് പറഞ്ഞ് ഒഴിവാക്കി.
അവൾ ഇടയ്ക്ക്  പിച്ചും പേയും പറയുന്നു എന്ന്  ചിലരൊക്കെ ഭർത്താവിനോട്‌ പരാതി തുടങ്ങിയപ്പോൾ ഒരു മനശാസ്ത്രജ്ഞനെ കാണിക്കാൻ നിർബന്ധിച്ചു.
പിന്നെ പിന്നെ, വന്നില്ലെങ്കിൽ പിടിച്ചു കെട്ടി കൊണ്ട് പോകും എന്ന ഭീഷണിയായി.
എന്താണ് യഥാർത്ഥ്യം, ഏതാണ് സത്യം എന്നറിയാൻ വയ്യാത്ത ഒരു അവസ്ഥ.
ഭ്രാന്ത്‌ ഇത്ര വലിയ പ്രശ്നം ആണെന്ന് മനസ്സിലായത് അപ്പോഴാണ്‌..
സംസാരം തീരെ കുറച്ചു. കാണുന്നവരോടൊക്കെ ഒരു ചിരിയിൽ മാത്രം പരിചയം ഒതുക്കി.
ആരെങ്കിലും സംസാരിക്കാൻ വന്നാൽ ഫോണിൽ തിരക്കിട്ട സംസാരത്തിൽ ആണെന്ന് തോന്നിപ്പിച്ച് ഒഴിഞ്ഞു...
ചിലരോട് മാത്രം ഇങ്ങനെ എന്തായിരിക്കും ? ആലോചിച്ചിട്ട്  എവിടെയും എത്തുന്നില്ല...
മുഴുവനും സംശയത്തോടെ നോക്കാൻ തുടങ്ങി. ഞാൻ ആലോചിക്കുന്നത്, കാണുന്നത്, കേൾക്കുന്നത് ജീവിക്കുന്നത്  ഒക്കെ ശരിക്കും ഉള്ളതാണോ ?അതോ  തോന്നലാണോ ?
ഇന്റർനെറ്റിൽ "symptoms of mental disorders" തിരഞ്ഞു. ലക്ഷണങ്ങൾ വായിച്ച്  ഭാന്തിയായി എന്നുറപ്പിച്ചു..
ഭർത്താവിന്റെ ഭാഷയിൽ പറഞ്ഞാൽ അരവട്ട് മുഴുവട്ടായി .
അന്ന് ഫ്ലാറ്റിൽ ചെന്നപ്പോൾ വീട്ടുകാർ എല്ലാവരും എത്തിയിട്ടുണ്ടായിരുന്നു.
രോഗനിർണയം, സഹതാപം, ഡോക്ടറെ കാണാൻ നിർബന്ധിക്കൽ, ഭാവിയെ കുറിച്ചുള്ള ആശങ്കകൾ എന്നിവയടങ്ങുന്ന നീണ്ട അജണ്ട.
ഇതൊക്കെ വെറും തോന്നലാണെന്നുള്ള ഡോക്ടറിന്റെ ആദ്യ നിഗമനം തന്ന സമാധാനം, നമുക്ക് നന്നായൊന്നു പഠിക്കാൻ കുറച്ചു ദിവസം ഇവിടെ താമസിക്കേണ്ടി വരുമെന്ന നിലപാട്  തീർത്തു.
ശമ്പളമില്ലെങ്കിലും സാരമില്ല
, തത്കാലം കുറച്ച് ലീവ് എടുക്കുക എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു...
പുസ്തക വായനയും, കമ്പ്യൂട്ടറും ഫോണും ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും പറ്റില്ല എന്ന എതിർപ്പിനോട് മത്സരിക്കാൻ അവരൽപ്പം മടിച്ചു. ഭ്രാന്തിയോടെങ്ങനെ അടികൂടും ? വയലന്റായാലോ ?
പതുക്കെ പതുക്കെ "how to overcome mental disorders without meditation/ without doctor " എന്നൊക്കെയായി തുടങ്ങി ഗൂഗിളിനോടുള്ള ചോദ്യങ്ങൾ.
എന്തൊക്കെയായാലും അച്ഛനോട് സംസാരിക്കാൻ അനിയനെ ഇടയ്ക്കിടെ വിളിച്ചു... അന്നൊക്കെ അമ്മ കൂടുതൽ കൂടുതൽ കരഞ്ഞ് വിഷമിച്ച് ഉറങ്ങി...
പക്ഷേ അവനെ കാണാനോ കേൾക്കാനോ പറ്റാതായി കഴിഞ്ഞിരിക്കുന്നു... എപ്പോഴും അച്ഛൻ തന്നെ മുന്നിൽ.
Talking to dead - ഉം തിരച്ചിലിൽ കൂടി..
രാജീവിനെയും കാണാനും കേൾക്കാനും പറ്റാതായി തീർന്നു. അവന്റെ ഒരു ഓഫിസ് മെയിൽ എങ്കിലും കാണാനാണ്  അന്ന്  ഓഫിസ് അക്കൌണ്ടിൽ കയറിയത് .
അപ്പോൾ അവിടെ ഒരു ക്ഷമാപണ മെയിൽ കണ്ടു.
"മാഡം,
നിങ്ങളോട് ഞങ്ങൾ ആദ്യമേ ആത്മാർഥമായി ക്ഷമ ചോദിക്കട്ടെ.. ഞങ്ങളുടെ ഏറ്റവും പുതിയ ആശയമായിരുന്നു "Hold Your Loved Ones (HYLO - ഹൈലൊ) "
അഥവാ "പ്രിയപ്പെട്ടവരെ മുറുകെ പിടിക്കുക".
ഇതൊരു ചെറിയ സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ ആണ്..
ഇത് നിങ്ങളുടെ പ്രൈമറി മെമ്മറിയിൽ അഥവാ തലച്ചോറിൽ നേരിട്ട് ഇൻസ്റ്റോൾ ചെയ്യാം.. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് മുന്നിൽ വരുന്ന പരിചിതരെ അവരുടെ മരിച്ചു പോയ, ഏറ്റവും അടുത്ത ബന്ധുക്കളുടെ വിശേഷങ്ങൾ പറഞ്ഞ് കേൾപ്പിക്കാം.
നിങ്ങൾക്ക് അവരെ കുറിച്ച്  അറിയുന്ന പഴയ കാര്യങ്ങളിൽ നിന്ന് തന്നെ ഉണ്ടാക്കിയെടുക്കുന്ന വിവരങ്ങൾ ആണ് എല്ലാം. ഉള്ള വിവരങ്ങൾ വച്ച്  ഓരോ സാഹചര്യത്തിലും അവരെങ്ങനെ പെരുമാറും എന്ന് ഞങ്ങളുടെ അൽഗോരിതം കണ്ടു പിടിക്കും..
രണ്ടു മാസം മുൻപ് നിങ്ങൾ  ഈ അപ്ലിക്കേഷൻ എടുത്തതായി ഓർക്കുന്നുവോ?
പിന്നെ ഞങ്ങൾ ചെയ്ത വിശദമായ പരീക്ഷണങ്ങളിൽ മനസ്സിലായി അതിനു വലിയ ഒരു ബഗ് ഉണ്ടെന്ന്..
ഇത്  ചിലരുടെ ഉപബോധ മനസ്സിനെ സ്വാധീനിക്കുകയും അതൊരു mental disorder - നു വഴി തെളിക്കുകയും ചെയ്തേക്കാം.
ഈ പ്രതിഭാസം ഞങ്ങൾക്ക് ആദ്യ പരീക്ഷണങ്ങളിൽ കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഉണർന്നിരിക്കുന്ന ഒരു ഉപബോധ മനസ്സ് നമുക്കിവിടെ ലഭിച്ചില്ല എന്നതാണ് ഇതിനൊക്കെ കാരണം.
നിങ്ങൾ ഈ മെയിൽ വായിക്കുന്നുണ്ടെങ്കിൽ ഭാഗ്യം നിങ്ങളുടെ കൂടെയാണ്...
താഴെ കൊടുത്തിരിക്കുന്ന വഴികൾ അനുസരിച്ച്, ഹൈലോ uninstall ചെയ്യുക...
ഇന്ന് തന്നെ ഇത് ചെയ്യുക, ഇല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളെയും, ഞങ്ങൾക്ക് ഒരു കസ്റ്റമർ-നെയും നഷ്ടപ്പെട്ടേക്കാം.
ഒരിക്കൽ കൂടി നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു..
uninstall ചെയ്യാനുള്ള വഴികൾ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലിൽ ഉണ്ട്..
സ്നേഹത്തോടെ,
xxxx. "
അര മണിക്കൂറിനുള്ളിൽ hypnotise കഴിഞ്ഞ ഗംഗയെ പോലെ എഴുന്നേറ്റു... ഒരു ദീർഘ നിശ്വാസം വിട്ടു...
അഭ്യുദയകാംക്ഷികള്‍ എല്ലാവർക്കും മെയിൽ ഫോർവേഡ് ചെയ്തു...
ഭർത്താവിനും, രാജീവിനും, അനിയനും ചാറ്റ് അയച്ചു.
മറുപടികൾ ഈ വിധം :
ഭർത്താവ്  : അവരോട് നഷ്ടപരിഹാരം ചോദിക്കണം.. പിന്നെ ഇനി തൊട്ട് നിന്റെ മെമ്മറിയുടെ ആക്സസ് നിനക്കില്ല. ഞാൻ കൈകാര്യം ചെയ്തോളാം.. നേരത്തേ ഞാൻ ഇത് ചെയ്യേണ്ടതായിരുന്നു.
രാജീവ് : എന്നാലും ഒന്നുകൂടെ ഡോക്ടർ - നെ കണ്ടോളൂ.. നീ uninstall ചെയ്തത് ശരിയായോ എന്നൊക്കെ ഉറപ്പിക്കാല്ലോ.
അനിയൻ : ആ ലിങ്ക് എനിക്കും താ..  നമുക്കിതെടുത്ത്  ഇൻസ്റ്റാൾ ചെയ്ത് ഇടയ്ക്ക് അച്ഛനെ കാണാം!
===

നവമലയാളിയിൽ വന്ന കഥയാണ്‌.
മനോരാജ് കഥാമത്സരത്തിനു വേണ്ടി എഴുതിയത്.
ഇവിടെയും പോസ്റ്റുന്നു.