'ഗെറ്റ് ഔട്ട് ബോത് ഓഫ് യു' കേള്‍ക്കാത്ത ഒരു കാലഘട്ടവും ജീവിതത്തിലില്ല.
ഈ 'ബോത്തില്‍'(both) ഒരാള്‍ ഞാന്‍ ആണെന്ന് പറയേണ്ടതില്ലല്ലോ. ഓരോ കാലഘട്ടത്തിലും ഓരോരുത്തര്‍ കൂടെ ഉണ്ടായിരുന്നു ബോത്തിലെ രണ്ടാമനായി.
ഡിസ്സിപ്ലിനായിരുന്നു ഞങ്ങളുടെ എക്കാലത്തെയും വീക്‌നെസ്.
എന്നാല്‍ ഇങ്ങനെ പറയാന്‍ കഴിയുന്ന അവസ്ഥയില്‍ എത്തുന്നതിന്റെ ആദ്യ ദിനങ്ങള്‍..
നാലിലോ അഞ്ചിലോ പഠിക്കുകയായിരുന്നു. സൗരയൂഥം വരയ്ക്കുകയായിരുന്ന എന്റെ സുഹൃത്ത് ഒരു മുഴുവന്‍ പേജും എടുക്കണം എന്ന ടീച്ചറിന്റെ ഉപദേശം കേള്‍ക്കാതെ പകുതി പേജില്‍ തുടങ്ങുകയും സൂര്യനെയും, ഭൂമിവരെയുള്ള ആദ്യ നാലു ഗ്രഹങ്ങളെയും നല്ലോണം 'മൊഞ്ചാ'ക്കി വരച്ച് നെപ്ട്യൂണ്‍ ആയപ്പൊളേക്കും അവളുടെ സൗരയൂഥം വിട്ട് എന്റെ സൗരയൂഥത്തിലേക്ക് വരുന്ന സ്ഥിതി ആവുകയും ചെയ്തു. അതു ചോദിച്ചതും അവള് ചിരിക്കാന്‍ തുടങ്ങി. ഞാനും. പണ്ട് തൊട്ടേ ഈ ചിരിയുടെ അസുഖം ഉണ്ട്.. പ്ലൂട്ടോനെ വരയ്ക്കാന്‍ സ്ഥലമില്ലന്നു പറഞ്ഞതും ചിരി അടക്കാന്‍ വയ്യാത്ത അവസ്ഥ ആയി.
സ്വാഭാവികമായും ടീച്ചര്‍ കണ്ട് രണ്ടാളെയും പുറത്താക്കി.
ആദ്യ 'ഗെറ്റ് ഔട്ട്'. അന്ന് മീഡിയം മലയാളം ആയിരുന്നതിനാല്‍ രണ്ടാളും പുറത്ത് പോ എന്നായിരുന്നു എന്ന് മാത്രം.
എന്നാല്‍ അതിലൊന്നും ചിരി നിന്നില്ല. പുറത്തിറങ്ങിയിട്ടും ചിരിയോ ചിരി.
നടക്കാനിറങ്ങിയ ഹെഡ് മാഷ് കാര്യം ചോദിച്ചപ്പോഴും, പറയാന്‍ തുടങ്ങി വാക്കുകള്‍ ചിരിയില്‍ കുടുങ്ങിപ്പോയി. ആകെ ഡാര്‍ക്ക് സീന്‍ അയീന്ന് പറഞ്ഞാല്‍ മതിയല്ലോ.
രണ്ടു പേരുടെയും ചെവി പിടിച്ച് തിരിച്ചപ്പോള്‍ എന്റെ ചിരി ഒന്ന് മങ്ങുകയും അവളുടെ കണ്ണ് നിറയുകയും ചെയ്തു.
ഹെഡ് മാഷ് പോയപ്പോള്‍ സെന്റി സീന്‍ തുടങ്ങിയിരുന്നു.
അപാര ഫിലോസഫര്‍ ആയ എന്റെ സുഹൃത്ത് ഒരു സത്യം പ്രഖ്യാപിച്ചു!
- നമ്മളെ ഈ ലോകത്തില്‍ ഒരാള്‍ക്കും ഇഷ്ടമല്ല.
അത് കൊണ്ട് മാത്രമാണ് ചെറിയൊരു തമാശയ്ക്കു നമ്മള്‍ ചിരിച്ചതിന് ഇത്രയൊക്കെ പുകില് ഉണ്ടായത് എന്നും അവള്‍ സമര്‍ത്ഥിച്ചു.കേട്ടപ്പോള്‍ ശരിയാണ് എന്ന് തോന്നി.
പിന്നെയും അവള്‍ തുടര്‍ന്നു....
ജീവിതത്തില്‍ ഉണ്ടാകുന്ന വിഷമങ്ങളെയും വേദനകളെയും മാറ്റാനല്ലേ നമ്മള്‍ ചിരിക്കുന്നത്?
അതെ..ആയിരിക്കും...' ഞാന്‍ എന്ത് പറയാനാ ?
എന്നാല്‍ അത്തരം ചിരിയുടെ അവസാനവും വേദനകള്‍ ആണെങ്കിലോ ?
ഒന്നും പറയാതെ ചെവി ഞാന്‍ തൊട്ടുനോക്കി... നല്ല ചൂടുണ്ട്... ചുവന്നിരിക്കുകയായിരിക്കും..
നമ്മള്‍ അനുഭവിക്കുന്ന വേദനകളുടെ ലിസ്റ്റ് എടുത്ത് നോക്കൂ...
- അച്ഛന്റെയും അമ്മയുടെയും കലമ്പല്‍, അടി
- സ്‌കൂളില്‍ നിന്ന് പേടിപ്പിക്കല്‍, ഞെട്ടിക്കല്‍, അടി, ചെവിപിടിച്ച് തിരിക്കല്‍
- കൂട്ടുകാരുടെ അടി,ഇടി,കളിയാക്കല്‍ etc ..
ബന്ധുക്കളുടെ വഴക്കു പറച്ചില്‍
- എന്ത് ചെയ്താലും ഉള്ള നാട്ടുകാരുടെ കണ്ണുരുട്ടല്‍, ദേഷ്യപ്പെടല്‍
- ഒന്നും പോരാഞ്ഞിട്ട് സ്വന്തമായി ഉണ്ടാകുന്ന ഓരോ വേദനകള്‍.. നടക്കുന്നതിനിടയില്‍ കാല്‍വിരല്‍ തട്ടി പോകുന്നത്, വീഴുന്നത് മുതലായവ .
ആവശ്യത്തിലധികമാണ് അനുഭവിക്കുന്നത്.
ജീവിക്കേണ്ടെങ്കില്‍ ഇതിന്റെ ഒന്നും ഒരാവശ്യവും ഇല്ല...
എന്ത്? അതെ, ജീവിക്കുന്നില്ലെങ്കില്‍ ഒരു വേദനയും വിഷമവും നമ്മളറിയണ്ട...
നമ്മളെ ലതേച്ചീന്റെ അനിയത്തി പറഞ്ഞു തന്നതാ തൂങ്ങി മരിക്കണേന് മുന്നേ ഒരൂസം..
അങ്ങനെയാണ് ഞങ്ങള്‍ ആത്മഹത്യയേക്കുറിച്ച് ചിന്തിക്കുന്നതും, ഉറപ്പിക്കുന്നതും..
അതേ ആത്മഹത്യ!
അത് ഒന്നിനും ഒരു ശാശ്വത പരിഹാരമല്ലെങ്കിലും ഇടയ്‌ക്കൊക്കെ അത്യാവശ്യത്തിന് ചെയ്യാവുന്നതാണല്ലോ എന്നൊരു ഇത്.
രണ്ട് മൂന്ന് വഴികള്‍ ആലോചിച്ചു.
കുറെ ആലോചിച്ചതില്‍ ഏറ്റവും എളുപ്പം ഉറുമ്പു പൊടി വെള്ളത്തില്‍ കലക്കി കുടിക്കുന്നതാ. രണ്ടു പേരുടെയും വീട്ടില്‍ അതുള്ളത് കൊണ്ട് പിന്നെ വേറെ ഒന്നും ആലോചിച്ചില്ല. അന്ന് രാത്രി തന്നെ തീരുമാനമാക്കാം.
അങ്ങനെ അവസാന സ്‌കൂള്‍ ദിനം, അവസാന വൈകുന്നേരം, അവസാന വെയില്‍ എന്നൊക്കെ സന്തോഷിച്ച് വീട്ടിലെ ഉറുമ്പു പൊടി തീര്‍ന്നുപോകല്ലേ ഭഗവാനേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു. പോകുന്ന വഴി എല്ലാരോടും ചിരിച്ചു. പറ്റുന്നവരോടൊക്കെ മിണ്ടി... വീട്ടിലേക്കുള്ള വഴിയിലെ ചെടികളെ ഒക്കെ തലോടി... പൂക്കള്‍ക്കുമ്മ കൊടുത്തു... അങ്ങനെ അവസാന നിമിഷങ്ങള്‍ പൊലിപ്പിച്ചു.
അടുക്കളയില്‍ നിന്ന് കുറച്ച് എടുത്ത് മുറിയില്‍ ഒളിപ്പിച്ചു. എല്ലാം പറഞ്ഞത് പോലെ...
രാത്രിയാണ് മുഹൂര്‍ത്തം, ചോറുണ്ടു കഴിഞ്ഞ്.
നാളത്തേക്ക് സ്‌കൂളിലേക്ക് എഴുതാനുള്ളതൊന്നും എഴുതിയില്ല. പഠിക്കാനുള്ളതൊന്നും പഠിച്ചില്ല. പുസ്തകങ്ങളെ നോക്കി കൊഞ്ഞനം കാട്ടി..പഠിക്കുന്ന 'മണ്ടന്‍' അനിയനെ നോക്കി പുച്ഛിച്ചു.. നാളെ സ്‌കൂള്‍ ഉണ്ടാവൂല്ലല്ലോ..വെറുതെ പഠിക്കുന്നു.
രഹസ്യം ഓനോട് പറഞ്ഞാലോ എന്ന് ആലോചിച്ചു, പിന്നെ വേണ്ടെന്നു വച്ചു.
ചോറുന്നതിനിടയില്‍ എല്ലാരും എന്തൊക്കെയോ പറഞ്ഞു... ഞാന്‍ ആലോചനയിലും.
ഒടുവില്‍ മരണസമയം അടുത്തപ്പോഴേക്കും ടെന്‍ഷന്‍ ആയി...
ഗ്ലാസില്‍ വെള്ളം നിറയ്ക്കുമ്പോഴും, പൊടി കലക്കുമ്പോഴും കൈ വിറച്ചു... വിയര്‍ത്തു..
കുടിക്കാന്‍ എടുത്തപ്പോഴേയ്ക്കും കരച്ചില്‍ വന്നു...
വേദനകളെ ഓര്‍മ്മിച്ച് ഒന്നും കൂടെ ഉത്സാഹിക്കാന്‍ ശ്രമിച്ചു...പരാജയപ്പെട്ടു...
എനിക്ക് വയ്യ മരിക്കാന്‍ എന്ന് മനസ്സ് പറഞ്ഞു...
ഞാന്‍ ആ ഉറുമ്പു പൊടി കലക്കിയ വെള്ളം പുറത്ത് കൊണ്ടോയി കളഞ്ഞു...
അവള് മരിച്ചു കാണും എന്നോര്‍ത്ത് കരഞ്ഞു... പ്രേതമായി ഏതു നിമിഷവും വരും എന്ന് പേടിച്ച് ലൈറ്റ് ഓഫാക്കാതെ കിടന്നു...
ഞാന്‍ മരിക്കാത്ത സ്ഥിതിക്ക് നാളെ സ്‌കൂളില്‍ പോണ്ടി വരും, പക്ഷേ അവള് മരിച്ചത് കൊണ്ട് സ്‌കൂള്‍ ലീവ് ആയിരിക്കും.. അത് കൊണ്ട് നാളത്തേക്കുള്ള ഒന്നും എഴുതണ്ട എന്ന് തന്നെ വിചാരിച്ചു...
രാവിലെ നേരത്തെ എണീറ്റ് പുറത്തിറങ്ങി... നാട്ടുകാര്‍ ആരെങ്കിലും വരും വാര്‍ത്തകളുമായി, അങ്ങനെയാ എല്ലാ മരണവാര്‍ത്തകളും എത്താറ്.
പക്ഷെ ആരും ഒന്നും പറഞ്ഞു കേള്‍ക്കാത്തത് കൊണ്ട് എഴുതാനുള്ളത് രാവിലെ എഴുതി... പഠിക്കാനുള്ളത് കുറച്ച് നോക്കി.. ചെലപ്പോ ആശുപത്രിയിലെങ്ങാനും ആയിരിക്കും. മലയാളം പദ്യം ആണ്.. ആ പീരീഡ് ആവുമ്പോഴേക്കും അവള് മരിച്ച് സ്‌കൂള്‍ വിടുമായിരിക്കും... അതുകൊണ്ട് പഠിച്ചില്ല... അല്ലെങ്കിലും പറ്റുന്നില്ല... ഇനി അതിനൊന്നും നേരവുമില്ല..
സ്‌കൂളിലെത്തി... എല്ലാം പതിവ് പോലെ തന്നെ...
ക്ലാസ്സില്‍ ദേ ഇരിക്കുന്നു മരണത്തില്‍ പോലും ഒരുമിച്ചുണ്ടാകും എന്ന് കരുതിയ ഉറ്റ ചങ്ങാതി...
'ഏഹ് ? നീ ഇന്നലെ മരിച്ചില്ലേ ? എന്തേ?'
എന്നെ കണ്ടയുടനെ അവള് ചോദിച്ചു...
'എനിക്ക് പേടിയായി... സോറി... മരിക്കാനൊന്നും എനിക്ക് പറ്റില്ല...
അല്ല നീയോ?'
'ഞാനോ... ഞാന്‍ പിന്നെ, ഇന്നലെ വീട്ടില്‍ പോയപ്പോ വല്യമ്മയൊക്കെ വന്നിരുന്നു... അവരുടെ സ്‌നേഹം കണ്ടപ്പോ എനിക്ക് മനസിലായി എന്നെ സ്‌നേഹിക്കാന്‍ ഈ ലോകത്ത് ഇവരൊക്കെ ഉണ്ടെന്ന്... അപ്പൊ ഞാന്‍ വേണ്ടാന്ന് വച്ചു...'
'എന്റെ ദൈവമേ... അപ്പൊ ഞാന്‍ എങ്ങാനും അത് കുടിച്ചിരുന്നെങ്കിലോ?'
'കുടിച്ചാലും നീ മരിക്കാന്‍ വഴിയില്ല... വയറിളക്കം വന്നു കെടപ്പിലാകും... ഞാന്‍ ഏട്ടനോട് ചോദിച്ചിരുന്നു.. അതാരുന്നു എന്റെ പ്രതീക്ഷ'.
'ഓ... സന്തോഷം... ഇതൊക്കെ കുറച്ച് നേരത്തെ ചോദിച്ച് വച്ചൂടെ ?'
'അതിനവര് ഇന്നലെ അല്ലെ വന്നത് '
'ഹം... ഇനി എന്താ ചെയ്യാ?'
'ഞാന്‍ പദ്യം ഒന്നും പഠിച്ചില്ല, നീ മരിക്കുമെന്ന് വിചാരിച്ചിട്ട്. ഹോംവര്‍ക് എഴുതി വച്ചിട്ടുണ്ട്..'
'എന്നാല്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല..'
'ഓഹോ.. നന്നായി.. എന്നാപ്പിന്നെ ആ പദ്യം ഞാന്‍ വേഗം പഠിക്കട്ടെ?'
'ഞാനും വരുന്നു...'
അന്ന് ഞങ്ങള്‍ പഠിച്ച ആ പദ്യം ഇങ്ങനെ അവസാനിച്ചു.
ഹാ , വിജിഗീഷു മൃത്യു വിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍? :)
Content Highlights: Friendship Day Memories
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ