2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

ഒന്ന് വേഗം വീടെത്തിയിരുന്നെങ്കില്‍...

സമയം എത്ര ആയി ആവൊ? നാലു മണി ആകാറായി കാണും ... ഈ ടീച്ചര്‍ക്ക്  കുറച്ചൂടെ വേഗം നടന്നൂടെ? ഇപ്പൊ ബെല്ലടിക്കും. അതിനു മുന്നേ ആ പത്താം ക്ലാസ്സില്‍ എത്തണം.
ഇന്ന്  കവിതയുടെ  കൂടെ പോകാന്‍ പറ്റിയാല്‍ മതിയായിരുന്നു..

ടീച്ചര്‍-ന്റെ കയ്യിലെ വാച്ച് കാണുന്നില്ല.. നേരത്തെ പറയുന്നത് കേട്ടതാ നാല് മണിക്ക് പത്തു മിനുട്ട് കൂടെ ഉണ്ടെന്ന്‍. ഇതിപ്പോ സ്റ്റാഫ്‌ റൂമില്‍  നിന്ന് ഇങ്ങോട്ട് നടക്കാന്‍ തുടങ്ങിയിട്ട് തന്നെ പത്തു മിനുട്ട് ആകുന്നു.

ആരും പോകല്ലേ.. ഈ ലൈബ്രറി പുസ്തകം കൂടെ എടുത്തിട്ട് പോകൂ...
ദേശീയഗാനം ഒന്ന് തീരാന്‍ കാത്തു നിന്ന കുട്ടികളോടാ ഈ പറഞ്ഞത്. മിക്കവാറും ആരും അത് കേട്ടത് പോലും ഇല്ല. അവസാനത്തെ "ജയഹേ" തീരുന്നതിനു മുന്നേ ഓടി കുറേപേര്‍.

ആ കവിത എവിടെ? അവളും പോയോ?
ഇല്ല.. ക്ലാസ്സിലെ തിരക്കില്ലാത്ത ചിലരുടെ ഇടയില്‍ അവളുണ്ട്.. ഹോ.. രണ്ടാഴ്ചയായി കാത്തിരിക്കുന്നു. ഇവളെ ഒന്ന് കാണാന്‍.
ഇന്ന് ഇവളുടെ കൂടെ പോകാന്‍ പറ്റിയാല്‍ മതിയായിരുന്നു.

ടീച്ചര്‍ ക്ലാസ്സില്‍ ഉള്ളവരുടെ പേര് വിളിച്ചു പുസ്തകങ്ങള്‍ കൊടുക്കാന്‍ തുടങ്ങി..
ഞാന്‍..
ഞാന്‍ കവിതയുടെ കൂടെ പോയ്ക്കോളം എന്ന് പറയാന്‍ തോന്നി.

"കവിതയ്ക്ക് മാലിയുടെ രാമായണം അല്ലെ വേണംന്നു പറഞ്ഞത് ? "
"അതെ ടീച്ചര്‍.. പക്ഷെ.. ഇന്നെനിക്ക്..."
"എന്ത് പറ്റി? ഇന്ന് കൊണ്ട് പൊയ്ക്കോ.. ഇനി പരീക്ഷയ്ക്ക് മുന്‍പേ ഒരു ലൈബ്രറി പീരീഡ്‌ കിട്ടില്ല. കൊണ്ട് പോയിട്ട്  ഓണം vacation കഴിഞ്ഞു കൊണ്ട് വന്നാല്‍ മതി... കഴിഞ്ഞ രണ്ടാഴ്ചയായി ചോദിക്കുന്നതല്ലേ ഈ പുസ്തകത്തിനായി .."

"അത്.. അതെ.. ഞാന്‍ കൊണ്ട് പോകാം ടീച്ചര്‍.."

ഇവള്‍ക്ക് എന്തെ പറ്റിയത് ? മുഖത്ത് എന്തോ ഒരു വിഷമം പോലെ... ഏതായാലും ഇന്ന് എനിക്ക് പോകാലോ ഇവളുടെ കൂടെ. സന്തോഷായി.. എന്നാലും എന്തോ ഒരു പന്തികേടുണ്ട്...

കവിതയുടെ കൂടെ ആയപ്പോള്‍ ഒരു സമാധാനം ആയിരുന്നു.. വേറെ ആരെയും പോലെ വായിക്കുകയാണെന്ന് പറഞ്ഞു തലയിണ ആക്കിയില്ല...
തുറന്നു വച്ച്‌, താളുകളെ എല്ലാം കാറ്റില്‍ പറക്കാന്‍ വിട്ടിട്ട് എങ്ങോട്ടെങ്കിലും പോകില്ല..
താളുകളുടെ ചുളിഞ്ഞ അറ്റം എല്ലാം നേരെയാക്കി വച്ച്‌ തരും.

അവള്‍ പറയുന്നത് അങ്ങനെ ഒക്കെ പോയാല്‍ മൂധേവി കേറുംന്നാ.  അല്ലെങ്കിലേ ഊഴമിട്ട്‌ പോയി പുറം ചട്ടയും അകവും വേറെ വേറെയാ...


രണ്ടാഴ്ച മുന്‍പേ പാതി വഴി വച്ച്‌ പിരിഞ്ഞപ്പോള്‍ അവള്‍ക്ക് കുറച്ചു കൂടെ സന്തോഷം ഉണ്ടായിരുന്നതായി തോന്നി..
ആ.. അതൊക്കെ എന്തിനു നോക്കണം.. ഒരു പുസ്തകത്തെ എത്ര ഇഷ്ടപ്പെട്ടാലും വായിച്ചു തീരുന്നത് വരെ അല്ലെ ഉള്ളു ആ സൗഹൃദം. പരസ്പരം അറിഞ്ഞാല്‍ പിന്നെ കണ്ടാല്‍ തന്നെ തിരിഞ്ഞു നോക്കില്ല...

പരസ്പരം എല്ലാം അറിഞ്ഞു കഴിഞ്ഞാല്‍ തീരുമോ ബന്ധങ്ങള്‍ ? പക്ഷെ മനുഷ്യരുടെ കാര്യത്തില്‍ ആര്‍ക്കും ആരെയും പൂര്‍ണമായി മനസ്സിലാക്കാന്‍ പറ്റില്ല എന്നാ .. അതായിരിക്കും ബന്ധങ്ങളുടെ നില നില്‍പ്പും...

tution ക്ലാസ്സില്‍ പോയപ്പോഴും, അത് കഴിഞ്ഞു വീട്ടിലേക്ക് നടന്നപ്പോഴും കവിത തനിച്ചായിരുന്നു...
കഴിഞ്ഞ പ്രാവശ്യം കുറേ കൂട്ടുകാരുണ്ടായിരുന്നു കൂടെ.. ഇന്നാരും ഇല്ല..

എല്ലാരും വിളിച്ചതാ.. പിന്നെ വന്നോളാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയതാണ് ... എന്താണാവോ..

ഒരു വല്യ ഭാരം പോലെയാണ് എന്നെ പിടിച്ചിരിക്കുന്നത്...സങ്കടം വന്നു...

കഴിഞ്ഞ പ്രാവശ്യം എന്ത് സ്നേഹത്തോടെ ആയിരുന്നു കൊണ്ട് നടന്നത്.. രണ്ടാഴ്ച കൊണ്ട് ഒരാള്‍ ഇത്രയ്ക്ക് മാറുമോ..

വെറുതെ ആ ലൈബ്രറിയില്‍ ഇരുന്നാല്‍ മതിയായിരുന്നു... ഒന്നും മിണ്ടില്ലെങ്കിലും പരസ്പരം നോക്കി ചിരിക്കുന്ന പൊടി പിടിച്ച കൂട്ടുകാരുടെ കൂടെ.

എന്തോ പുറം ലോകം കാണാന്‍ തോന്നി... കഴിഞ്ഞ ആഴ്ചത്തെ പരിചയത്തോടെ ഈ കുട്ടിയോടു ഒരു സ്നേഹം തോന്നി.. ഒക്കെ വെറുതെ ആയിരുന്നു എന്ന് തോന്നുന്നു...

അല്ലെങ്കിലും വരേണ്ടാ എന്ന് വച്ചാല്‍ വരാതിരിക്കാനോന്നും പറ്റില്ല.. പക്ഷെ ഇത് ഒരു പാട് ആഗ്രഹിച്ചു അതാ...


സ്കൂള്‍ junction-നിലെ തിരക്ക് കഴിഞ്ഞു പൊട്ടിപൊളിഞ്ഞ റോഡിലൂടെ നടക്കുകയാണ് കവിത.. കയ്യില്‍ വലിയൊരു ഭാരമായി ഞാനും, കുടയും. തോളില്‍ ബാഗും.. മറ്റേ കൈ കൊണ്ട് ബാഗിനെയും പിടിച്ചിട്ടുണ്ട്..

ഏതാണ്ട് ആര് മണി കഴിഞ്ഞു കാണും ... സന്ധ്യ മയങ്ങുന്നു... മഴ മൂടി നില്‍ക്കുന്നുണ്ടെങ്കിലും ആകാശത്തെവിടെയോ അസ്തമയ സൂര്യന്റെ ചുവപ്പ് കാണാം... വീടുകള്‍ അടിച്ചു വൃത്തിയായി ഒരുങ്ങി...

കഴിഞ്ഞ ആഴ്ചയില്‍ ഒരു പാട് ആസ്വദിച്ചിരുന്നു വീട്ടിലേക്കുള്ള ഈ യാത്ര. ഇതിലൂടെ തിരിച്ച് വന്നപ്പോള്‍ ഒരിക്കലും തീരരുതേ ഈ യാത്ര എന്നും ആഗ്രഹിച്ചിരുന്നു..

കവിതയുടെ കയ്യില്‍, നെഞ്ചില്‍ അമര്‍ന്ന്, കൃഷി ഇല്ലെങ്കിലും പാടങ്ങളിലെ സായാഹ്ന കാറ്റില്‍ ...
അമ്പലത്തിലെ ഭക്തിഗാനങ്ങളുടെ  പശ്ചാത്തലത്തില്‍ ... എണ്ണയുടെയും കര്‍പ്പൂരത്തിന്റെയും, ചന്ദനതിരികളുടെയും, എത്ര തേച്ചിട്ടും പോകാതെ നില്‍ക്കുന്ന വിളക്കു കാലുകളിലെ ക്ലാവിന്റെയും കൂടിച്ചേര്‍ന്ന  മണത്തില്‍..
സന്ധ്യാ സമയം ഇന്ത്യാക്കാരെ പോലെ ആണ്.. അധികം കറുത്തിട്ടും അല്ല.. വെളുത്തിട്ടും അല്ല... ഇരുനിറത്തില്‍ കുലീനതയോടെ...

ലൈബ്രറിയിലെ  പൊടിയില്‍ നിന്ന്  പുറത്തിറങ്ങിയിട്ടു കുറെ നാള്‍  ആയിരുന്നു അതായിരിക്കും അന്ന് അത്രയും തോന്നിയത്...
പക്ഷെ ഇന്ന് ..

കവിത ചേര്‍ത്ത് പിടിച്ചിട്ടില്ല.. കുടയോടൊപ്പം പിടിച്ചു കൈ തൂക്കി ഇട്ടിരിക്കുന്നു... മറ്റേ കയ്യിലെ ബാഗിനെ ആണ് ചേര്‍ത്ത് പിടിച്ചിരിക്കുന്നത്..
നടത്തത്തിനു വേഗതയും കുറച്ചു കൂടുതലാണ്..


ആകാശം കൂടുതല്‍ കറുത്തിരിക്കുന്നു, മഴ പെയ്ത് വിറങ്ങലിച്ചിരുന്ന പാടങ്ങള്‍... കാറ്റിനും തണുപ്പ് കൂടുതല്‍..
ഭക്തി ഗാനങ്ങളും, മണവും അത് പോലെ തന്നെ ഉണ്ട്..
പക്ഷെ മഴ പെയ്ത് റോഡില്‍ ഉണ്ടാക്കിയ പായസം പോലത്തെ ചെളി മണവും ഉയരുന്നുണ്ട്...

അമ്പലം റോഡ്‌ കഴിഞ്ഞപ്പോള്‍ കവിത നിന്നു.. എന്തോ വീണല്ലോ.. ചെളി പായസത്തിനരികെ instrument ബോക്സ്‌ വീണു കിടക്കുന്നു.. protractor - ഉം പെന്‍സിലും താഴെ പോയി..

അയ്യോ ഇത് കഴിഞ്ഞ ആഴ്ച പോട്ടിയതാണല്ലോ.. അന്ന് അപ്പുറത്തെ വീട്ടിലെ ഏട്ടന്റെ അടുത്ത് നിന്ന്  വാങ്ങിയ സെല്ലോ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു..

ഇപ്പോഴും അങ്ങനെ തന്നെ... കഴിഞ്ഞ ആഴ്ച പുതിയത് വാങ്ങണം എന്ന് പറഞ്ഞു ടീച്ചര്‍ പേടിപ്പിക്കുന്നത് കേട്ടിരുന്നു...  അളവുകള്‍ ശെരിക്കും കിട്ടില്ലത്രെ...

കാലില്‍ എന്നേയും കുടയും വച്ച്  കവിത ഇരുന്നു.. ബാഗും ഉണ്ട് ഞങ്ങടെ മേലെ കാലുകള്‍ക്ക് ഇടയിലായി...
ഇത്തിരി ചെളി പുരണ്ടു എന്നേ ഉള്ളു..
കവിത ബോക്സ്‌ ഉം, protractor ഉം , പെന്‍സിലും എടുത്ത് അടുത്ത ചെളിവെള്ളത്തില്‍ ചെറുതായി കഴുകി..

ആ തണുത്ത സായാഹ്ന കാറ്റില്‍ ഒരു തുള്ളി ചൂട് വെള്ളം എന്റെ മേലെ വീണു.. ഇതെന്താ മഴ തുടങ്ങുമോ ?
മേലോട്ട് നോക്കിയപ്പോഴാണ് കവിത കരയുകയാണ്..
ഇവള്‍ക്കെന്താ ഭ്രാന്തുണ്ടോ? ഒരു ബോക്സ്‌ വീണതിനെന്താ ഇത്ര കരയാന്‍ മാത്രം ?

പാവാടയില്‍ ചെളിവെള്ളം തുടച്ച് ബോക്സ്‌ വയ്ക്കുമ്പോള്‍ ഞാന്‍ വീഴാന്‍ പോയി.. പക്ഷെ അപ്പോഴേക്കും അവള്‍ പിടിച്ചു .. ഹോ.. സമാധാനമായി എന്നോട് ദേഷ്യം ഒന്നും ഇല്ല. അത് മതി..

വീണ്ടും നടക്കുകയാണ്...

കണ്ണ് ചുവന്നു കലങ്ങിയിട്ടുണ്ട്..

ഇപ്പോള്‍ ബോക്സ്‌ ഉം കൂടെ ഉണ്ട് മുകളില്‍ ..

ഇതെന്താ ഓരോന്നായി കയ്യില്‍ പിടിച്ചിരിക്കുന്നെ ? എല്ലാം കൂടെ ബാഗില്‍ ഇടാരുന്നില്ലേ ?

കാവിനടുത്തുള്ള വളവു തിരിഞ്ഞപ്പോള്‍ ചോറ് പാത്രവും താഴേക്ക്‌ .. അയ്യോ.. എന്താ ഇത് ?
കവിത വീണ്ടും ഇരുന്നു...ഭാഗ്യത്തിനു ചെളി ഇല്ലായിരുന്നു... കണ്ണുകള്‍ വീണ്ടും നിറയുന്നു...

അപ്പോഴാണ് ബാഗ് കീറിയിരിക്കുന്നത് കാണുന്നത്...
ഇത്രയും കീറിയ ബാഗും കൊണ്ടാണോ ? അയ്യോ.. വീടെത്താന്‍ ഇനിയും കുറച്ചൂടെ ഉണ്ട്.. ഇന്ന് ഞാനും കൂടെ ഉള്ളത് കൊണ്ട്  അവള്‍ക്കു കയ്യില്‍ പിടിക്കാന്‍ പറ്റാത്ത അത്ര ഭാരം ..

" എന്താ മോളെ പറ്റിയെ? "  ആ വഴി വന്ന രാജീവേട്ടന്‍ ചോദിച്ചു ..
"ഹേയ്.. ഒന്നുമില്ല "

നോക്കിയപ്പോള്‍ ബാഗിന്റെ ഒരു വശം മൊത്തം കീറിയിട്ടുണ്ട്.. മുകളില്‍ പിന്നുകള്‍ വച്ചാണ് ഒപ്പിച്ചിരിക്കുന്നത്..
അപ്പുറത്തെ വശവും കുറച്ചു കീറിയിട്ടുണ്ട്.. ഓരോ വിടവിലൂടെയും പുസ്തകങ്ങളുടെ അരികുകള്‍ തള്ളി നില്‍ക്കുന്നുണ്ട് പുറത്തേക്ക്.
എവിടെ എങ്കിലും ഒന്നിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഒന്ന് ഒതുക്കാമായിരുന്നു..

അടുത്ത് ബസ്‌ സ്റ്റോപ്പ്‌ ഉണ്ട്.. പക്ഷെ അതില്‍ നിറയെ ആള്‍ക്കാരാ. ബസ്‌ കേറാന്‍ നില്‍ക്കുന്നവര്‍ അല്ല... നാട്ടിലെ ഒരു ജോലിയും ഇല്ലാത്ത ഏട്ടന്മാര്‍ സമയം കളയാന്‍..
അവിടെ എങ്ങനെ കേറും ?

 ചോറുപാത്രവും, ബാഗും കുടയും, എന്നെയും കയ്യിലാക്കി അവള്‍ എഴുന്നേറ്റു..

പൊട്ടിയ protractor - നു പകരം വേറെ ഒരെണ്ണം മാത്രമായി കിട്ടില്ല. ബോക്സ്‌ മുഴുവനായി തന്നെ വാങ്ങണം..
പുതിയ ബാഗ്‌ വേണം എന്നോ, ബോക്സ്‌ വേണം എന്നോ വീട്ടില്‍  പറയണ്ടത് ? കവിത ആലോചിക്കുകയായിരുന്നിരിക്കണം...
രണ്ടും കൂടെ ഏതായാലും നടക്കില്ല...


എന്നാലും എന്റെ മനസ്സില്‍ ഒരേ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് വേഗം വീടെത്തിയിരുന്നെങ്കില്‍ ...


17 അഭിപ്രായങ്ങൾ:

 1. എന്തോ പുറം ലോകം കാണാന്‍ തോന്നി... കഴിഞ്ഞ ആഴ്ചത്തെ പരിചയത്തോടെ ഈ കുട്ടിയോടു ഒരു സ്നേഹം തോന്നി.. ഒക്കെ വെറുതെ ആയിരുന്നു എന്ന് തോന്നുന്നു...
  ഇല്ല.വെറുതെയാവില്ല.ദാരിദ്ര്യത്തിലും നിന്നിലൂടെ അവള്‍ സമ്പന്നയാവുന്നുണ്ട്..കാത്തിരിക്കുക!അവളൊന്ന്‍ വീടണയട്ടെ.

  ലാളിത്യമുള്ള ആഖ്യാനം!നല്ല രചന!

  മറുപടിഇല്ലാതാക്കൂ
 2. മനുഷ്യബന്ധങ്ങളെപ്പറ്റി പറഞ്ഞത്. ഇന്ത്യക്കാരുടെ നിറത്തെപ്പറ്റി പറഞ്ഞത് (കുലീനത എന്നത് ഇപ്പോള്‍ എനിക്ക് ഇഷ്ടമല്ലാത്ത ഒരു വാക്കാണ്‌!) അതു രണ്ടും തികച്ചും വ്യത്യസ്ഥതയുള്ള നോട്ടങ്ങളാണ്‌.
  ഉടുപ്പിനേക്കാള്‍ കഥകളെ ഉടുക്കുന്ന ഒരാളാകട്ടെ കവിത എന്നാണിപ്പോളെന്റെ ആഗ്രഹം. ലൈബ്രറി പുസ്തകം കാത്തിരുന്നു വാങ്ങിയ കാലത്തെ ഓര്‍പ്പിക്കുന്നുണ്ട് പുസ്തകത്തിന്റെ ഈ പറച്ചില്‍.

  മറുപടിഇല്ലാതാക്കൂ
 3. അതെ ഈ നിമിഷം ഇവിടെ രണ്ടു തരം ആള്‍ക്കാര്‍ ഉണ്ട് - ഇപ്പോള്‍ ദുരിതം അനുഭവിക്കുന്നവരും ഇപ്പോള്‍ ദുരിതം അനുഭവിക്കാത്തവരും.

  മറുപടിഇല്ലാതാക്കൂ
 4. ഒരു ലൈബ്രറി പുസ്തകത്തിന്റെ ചിന്തകളിലൂടെ ഒരു കഥ.. തികച്ചും വ്യത്യസ്തം തന്നെ.. അവസാനിക്കുമ്പോള്‍ ഉള്ളിലൊരു തേങ്ങല്‍ ബാക്കിവെക്കുന്നു. കീറിയ യൂണിഫോമും പഴയ ബാഗുമുള്ള പാവപ്പെട്ട കുട്ടികളുടെ നൊമ്പരം ആരറിയാന്‍..

  മറുപടിഇല്ലാതാക്കൂ
 5. എഴുത്ത് ശൈലി എനിക്കിഷ്ടമായി.
  ഇടയ്ക്കുള്ള ഇംഗ്ലീഷ് ഒഴിവാക്കു..
  കഥ നന്നായി, പണ്ട് എടയ്ക്കെടയ്ക്ക് പേന പൊട്ടിച്ച് പുതിയതിനു വേണ്ടി ചോദിക്കേണ്ട ഭീകരാാവസ്ഥ ഓർമ്മ വരുന്നു. അതൊക്കെ അന്ന് വലിയ കാര്യങ്ങളായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 6. വരികളില്‍, പഴയ കാലം ഓര്‍ത്തുപോയി...

  മറുപടിഇല്ലാതാക്കൂ
 7. @ഹരി
  വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം...
  എന്നിലൂടെ സമ്പന്ന ആകുന്നു എന്നറിയിച്ചതില്‍ കൂടുതല്‍ സന്തോഷം.. ;)

  @ Fousia R
  കുലീനത നല്ല വാക്കല്ലേ.. :)
  ചിലരെ കാണുമ്പോള്‍ എനിക്ക് ആ വാക്കിനു യഥാര്‍ത്ഥ അര്‍ഥം വരുന്നതായി തോന്നാറുണ്ട്.. :)
  അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം... :)

  @ Kiran KR
  അതേ അതെ.. :)

  @ സ്‌നേഹപൂര്‍വ്വം ശ്രീ..
  :)

  @ sumesh vasu
  വളരെ സന്തോഷം.. ഇടയ്ക്കിടെ ഉള്ള ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കാം.. :)

  @മുല്ല, @ശിഖണ്ഡി, @ RK
  വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം... :)  മറുപടിഇല്ലാതാക്കൂ
 8. പഴയ ഒരു സ്കൂള്‍ കാലം ഓര്‍മ്മയില്‍ . ലൈബ്രറി ബുക്ക്‌ കഥ പറയുന്ന ആശയം നന്നയിട്ടുണ്ട്. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. കുറെ നാള്‍ ആയല്ലോ കണ്ടിട്ട്..വീണ്ടും ഒരു നല്ല എഴുത്തുമായി വന്നതില്‍ സന്തോഷം....

  മറുപടിഇല്ലാതാക്കൂ
 10. കൊള്ളാം .. ഇഷ്ടായി

  ഇവിടെ ആദ്യമെന്നു തോന്നുന്നു ,, ഇനിയും വരാം

  മറുപടിഇല്ലാതാക്കൂ
 11. @ നിസാരന്‍, ആചാര്യന്‍, വേണുഗോപാല്‍ :
  വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം... :)
  @ വേണുഗോപാല്‍ ഇനിയും വരണം ;)

  മറുപടിഇല്ലാതാക്കൂ
 12. തികച്ചും വ്യത്യസ്തമായി പുസകങ്ങളിലൂടെയുള്ള കഥ പറച്ചില്‍ ഒത്തിരി ഇഷ്ട്ടപെട്ടു. നന്നായി എഴുതി,

  വരാന്‍ വൈകി, ഈ ലോകത്തൊന്നും അല്ലായിരുന്നു. വീണ്ടും എഴുതുക,

  ആശംസകളോടെ- മറന്നിട്ടില്ലാത്ത പഴയൊരു സുഹൃത്ത്‌!

  മറുപടിഇല്ലാതാക്കൂ
 13. പരസ്പരം എല്ലാം അറിഞ്ഞു കഴിഞ്ഞാല്‍ തീരുമോ ബന്ധങ്ങള്‍ ? പക്ഷെ മനുഷ്യരുടെ കാര്യത്തില്‍ ആര്‍ക്കും ആരെയും പൂര്‍ണമായി മനസ്സിലാക്കാന്‍ പറ്റില്ല എന്നാ .. അതായിരിക്കും ബന്ധങ്ങളുടെ നില നില്‍പ്പും...

  ലൈബ്രറി കെട്ടിടത്തിനകത്ത് കുറെ നാളായി ആരും എടുക്കാതിരുന്ന പുസ്തകം പുറത്ത് കടന്ന്‍ യാത്ര നടത്തുമ്പോള്‍ എന്നെ വേണ്ടാതായതെന്ന സന്ദേഹത്തെക്കാള്‍ കാഴ്ചകളും കാര്യങ്ങളും കണ്ടെത്തുന്നത് ഭംഗിയാക്കിയിരിക്കുന്നു.
  ആദ്യമായാണവിടെ എന്നു തോന്നുന്നു.
  വന്നപ്പോള്‍ നിരാശയായില്ല, സന്തോഷമായി.

  മറുപടിഇല്ലാതാക്കൂ
 14. മനോഹരം ആയ എഴുത്ത് ..ഈ ബ്ലോഗ്‌
  കാണാൻ താമസിച്ചു പോയല്ലോ ..ഓരോന്നായി
  സമയം പോലെ വായിക്കുന്നുണ്ട്...

  ലളിത സുന്ദരമായ ആഖ്യാന ശൈലി..മടുപ്പിക്കാത്ത
  വായന..അതിഭാവുകത്വം ഇല്ലാത്ത വിവരണങ്ങൾ.
  ഒരു പുസ്തകത്തിന്റെ ചിന്തയിലൂടെ കവിതയുടെ
  മനസ്സ് വായിക്കുന്ന രീതി വളരെ നന്നായി പകര്ത്തി.

  അഭിനന്ദനങ്ങൾ...

  മറുപടിഇല്ലാതാക്കൂ