2010, ഡിസംബർ 21, ചൊവ്വാഴ്ച

ഉത്രാട കാഴ്ച


"അതേയ് ... ഇതുപയോഗിച്ച് പെട്ടെന്ന് ഇട്ലി, ദോശ ഉണ്ടാക്കാം .... " വളരെ പതിഞ്ഞ ശബ്ദം.

നല്ല തിരക്കുള്ള തിരുവനന്തപുരം statue junction -ലെ ഒരു കട, സന്ധ്യ ആയി, ഉത്രാട പാച്ചില്‍ തിമിര്‍ക്കുന്നു, ഓണം ആയതിനാല്‍ എല്ലായിടവും ഭയങ്കര തിരക്ക്  ...

"ഒരു പാലും കൂടെ വാങ്ങിച്ചു നമുക്ക് ഇപ്പൊ തന്നെ പോവാം" - എന്നും പറഞ്ഞു ചിറ്റ അടുത്തുള്ള ഒരു കടയിലേക്ക് കേറി. കടയില്‍ നല്ല തിരക്ക്. ഞാന്‍ പുറത്തു നിന്നു...

പെട്ടെന്ന് അടുത്ത് നിന്ന്‍ വീണ്ടും ചോദ്യം. വളരെ പതുക്കെ.
"ഇട്ലി, ദോശ ഉണ്ടാക്കാം ....  ഒരു കവര്‍ മാവ് എടുക്കുമോ ?"
അടുത്ത് നില്‍ക്കുന്നയാള്‍ - കണ്ടാല്‍ ഏതോ സര്‍ക്കാര്‍ ഉദ്യോഗസ്തനാണെന്ന് തോന്നും.

വേഷം പാന്റും ഷര്‍ട്ടും, മെലിഞ്ഞിട്ടാണ് എങ്കിലും നല്ല ആരോഗ്യം ഉള്ള പ്രകൃതം... മുഖത്തൊരു കണ്ണാടി  അല്പം ഗൗരവമുള്ള നോട്ടം...കയില്‍ ഒരു ചെറിയ ബാഗും ഈ മാവിന്റെ കവറും മാത്രം...

എനിക്കാദ്യം എന്താ ഇത് എന്ന് മനസ്സിലായില്ല ... അന്ന് നഗര സംസ്കാരം പഠിച്ചു വരുന്നതെ ഉള്ളു...
ഞാന്‍ ഇത് വരെ മാവ് പാക്കറ്റില്‍ കണ്ടിട്ടില്ല... കിട്ടും എന്നു  അറിഞ്ഞിട്ടും ഇല്ല ..
സാധാരണ അമ്മ അരിയും ഉഴുന്നും വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ച്ചെടുക്കുന്നതെ പരിചയം ഉള്ളു... പക്ഷെ സംഭവം  ഇന്‍സ്റ്റന്റ് മിക്സ്‌ ആണെന്ന് പിന്നെ മനസ്സിലായി.

പക്ഷെ ഇങ്ങനൊരാള്‍ - ഇത് വില്‍ക്കാനായിരിക്കുമോ ?
ചോദ്യം എന്നോട് തന്നെ ആണോന്നു, ഇരു വശത്തേക്കും നോക്കി ഞാന്‍ ഒന്ന് ഉറപ്പിച്ചു ...
"മോളെ ഇത് നല്ല മാവാ... ഒരു കവര്‍ എടുക്കുമോ ?" വളരെ പതുക്കെ ആരും കേള്‍ക്കാതെ വീണ്ടും അയാള്‍ പറഞ്ഞു.

ഇനി വല്ല തട്ടിപ്പും ആയിരിക്കുമോ ? സന്ധ്യ കഴിഞ്ഞാല്‍ ഈ നാട് ഞാന്‍ കണ്ടിടത്തോളം അത്ര പന്തിയല്ല. വേണ്ട എന്ന് പറഞ്ഞ് ഞാന്‍ കുറച്ചു മാറി നിന്നു.

ഒരു ഭാവഭേദവും ഇല്ലാതെ അയാള്‍ വീണ്ടും പറഞ്ഞു . "Please ഒരു കവര്‍ ?"
എന്തോ മനസ്സില്‍ ഒരു ഇടിവെട്ടിയത് പോലെ - പരിചയമുള്ള പലരുടെയും മുഖം ഓര്മ വന്നു. അച്ഛന്‍, അമ്മാവന്‍, വല്യച്ചന്‍  അങ്ങനെ പല  ഗൃഹനാഥന്‍മാരുടെയും മുഖങ്ങള്‍...
കണ്ടാല്‍ ഏതോ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ വീട്ടിലേക്കു സാധനവും വാങ്ങി ഓഫീസ്  കഴിഞ്ഞു പൊവുകയാണെന്നേ തോന്നു...

എനിക്കെന്തോ പോലെ തോന്നി, പാവം മനുഷ്യന്‍... ഇത് വിറ്റു കിട്ടിയിട്ട് അയാള്‍ക്ക്  വീടിലേക്ക്‌ എന്തൊക്കെയോ വാങ്ങനുണ്ടാകും, ഒരു പക്ഷെ ഒരു പാട് വയറുകള്‍ വീട്ടില്‍ ഉറങ്ങാതെ കാവല്‍ ഇരിക്കുന്നുണ്ടാകുമോ ? അറിയില്ല ..

ദൈവമേ ഇത് വിറ്റു കിട്ടിയാല്‍ എന്ത് കിട്ടും ? അല്ലെങ്കിലും ഒരു കവര്‍ ?

എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍  കുറച്ചു നേരം ആലോചിച്ചു നിന്നു...

"ഇതിനെത്രയാ?" - ഞാന്‍ അറിയാതെ ചോദിച്ചു പോയി...
 ഭാവ ഭേദമില്ലാതിരുന്ന കണ്ണുകള്‍ ചെറുതായി വികസിച്ചത് ആ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു 36
രൂപ.

പക്ഷെ ഇതും വാങ്ങിച്ചു അങ്ങോട്ട്‌ ചെന്നാല്‍..
അവളുടെ ഒരു മനസ്സലിവ്  എന്നോ,എടീ ഇതൊക്കെ സ്ഥിരം തട്ടിപ്പ് പാര്‍ട്ടികള്‍ അല്ലെ ?എന്നോ ഒക്കെ പറഞ്ഞ് വഴക്ക് കേള്‍ക്കുമോ എന്നൊരു പേടി. 
പക്ഷെ ഇതിപ്പോ എന്താ ചെയ്യാ  ?
ഞാന്‍ എന്റെ പേഴ്സ്  എടുത്തു പോയി...

ആകെ അതില്‍ 10ന്റെ 2 നോട്ട് - ഉം പിന്നെ കുറച്ചു ചില്ലറ പൈസയും...
36 രൂപ ഇല്ല... അപ്പൊ പിന്നെ - "വേണ്ട ..." ഞാന്‍ പറഞ്ഞൊഴിഞ്ഞു മാറി നിന്നു

വീണ്ടും ആ നിര്‍വികാരത കണ്ണുകളില്‍ കയറി...
പതിഞ്ഞ സ്വരത്തില്‍ ഒരിക്കല്‍ കൂടി "ഒരെണ്ണം എടുത്തു കൂടെ ?" - ആ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുമ്പ്, അല്ലെങ്കില്‍ ഞാന്‍ തിരിച്ച്  എന്തെങ്കിലും പറയുന്നതിന് മുമ്പ് അയാള്‍ അതേ നിര്‍വികാരതയോടെ അടുത്ത ആളെ തേടി പോയി...

23 അഭിപ്രായങ്ങൾ:

  1. പാവം ഹരി ..മുപ്പത്‌ രൂപ തികഛെടുക്കാനില്ല...!!!

    എല്ലാവരും വളരെ നിസ്സാരമായി തള്ളുന്ന ഒരു കാര്യം വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു ..എനിക്കിഷ്ട്ടപ്പെട്ടു ....

    മറുപടിഇല്ലാതാക്കൂ
  2. സമാനമായ അനുഭവങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്‌. എനിക്കൊരു സുഹൃത്ത് ഉണ്ട്‌, അവനാണ്‌ ഒരു യാതാര്‍ത്ഥ്യം എന്നോട്‌ പറഞ്ഞത്‌.. സംഭവം ഇതു പോലുള്ള ഒന്നു തന്നെ.. എന്താണെന്നു വെച്ചാല്‍, പലപ്പോഴും അവനു പലരെയും സഹായിയ്ക്കണമെന്ന് തോന്നിയിട്ടുണ്ട്‌, പക്ഷെ അവനു "ഭയം" ആണെന്ന്‌.. ഒരു പക്ഷെ റോഡില്‍ വെച്ച് ഒരാളെ സഹായിയ്ക്കണമെന്ന് തോന്നിയതാവാം..
    ഞാനോര്‍ത്തു നോക്കി ശരിക്കും, എന്തൊ ഒരു തരത്തിലുള്ള "ഭയം" തന്നെ... എനിക്കും അങ്ങനെ തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഈ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട് മൂന്ന് നാല് വര്‍ഷം മുന്‍പ് എന്തോ ആവശ്യത്തിന് സുഹൃത്തുമായി ടൌണില്‍ പോയാപ്പോള്‍ സമയം വൈകുന്നേരം ഏഴ് കഴിഞ്ഞിരിക്കുന്നു സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ഞങ്ങടേ അടുത്തു വന്നു “ദാഹശമനി” പാക്കറ്റുകള്‍ കാണിച്ചു ഒരെണ്ണം വാങ്ങിക്കൂ സാര്‍ എന്ന് പറഞ്ഞു വേണ്ട ആവശ്യമില്ല എന്നു പറഞ്ഞിട്ടും അയാള്‍ ഞങ്ങളെ വിട്ടു പോവുന്നില്ല വീണ്ടും , വീണ്ടും അയാള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്നിട്ട് അയാള്‍ പറയുവാ സാര്‍ ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് കച്ചവടം ഒന്നും നടന്നില്ല ഓഫീസുകള്‍ ഉള്ള ദിവസം കച്ചവടം നടക്കുന്നത് ഒരു പാകറ്റ് പോലും വിറ്റില്ല അരി കൊണ്ടല്ലാതെ വീട്ടിലോട്ട് കയറിച്ചെല്ലാന്‍ കഴിയില്ല അതുകൊണ്ടാ നിര്‍ബന്ധിക്കുന്നത് എന്ന് അയാളുടെ കണ്ണുകള്‍ നിറയുന്നത് ഞങ്ങള്‍ കണ്ടു. ഞാനും സുഹൃത്തും മുഖത്തോട് മുഖം നോക്കി എന്തുചെയ്യണം എന്നറിയാതെ എന്നിട്ട് പറഞ്ഞു അരി ഞങ്ങള്‍ മേടിച്ചു തരാം പക്ഷെ ഇതൊന്നും വേണ്ട എന്ന് അടുത്ത കടയില്‍ നിന്നും അയാള്‍ക്ക് മൂന്ന് കിലോ അരി വാങ്ങി കൊടുത്തപ്പോള്‍ അയാള്‍ അതില്‍ നിന്നും മൂന്ന് പാകറ്റ് ഞങ്ങള്‍ക്ക് നേരെ നീട്ടി വേണ്ട എന്ന് പറഞ്ഞിട്ടും അയാള്‍ സമ്മതിക്കുന്നില്ല.. സുഹൃത്തെ ഇതിന്‍റെ ആവശ്യം ഇല്ലാത്തത് കൊണ്ട് തന്നെയാണ് ഞങ്ങള്‍ വേണ്ട എന്നു പറയുന്നത് എന്ന് പറഞ്ഞപ്പോള്‍ അയള്‍ ഞങ്ങളോട് നന്ദി പറഞ്ഞു .. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അയാളെ ഞങ്ങള്‍ വീണ്ടും കണ്ടു അയാള്‍ ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു സാറമ്മാരെ ഇന്നു ദാഹശമനി വേണോ എന്ന് തമാശ രൂപത്തില്‍ അയാള്‍ക്ക് ഞങ്ങളെ മനസ്സിലായിരുന്നു .. എന്തോ അയാളുടെ മുഖത്ത് അപ്പോള്‍ ഒരു സന്തോഷം കണ്ടിരുന്നു ഞങ്ങള്‍

    ഈ കഥ വായിച്ചപ്പോള്‍ എന്‍റെ ഈ അനുഭവം ടെലിപ്പതി പോലെ താങ്കളുടെ മനസ്സിലെത്തി കഥയായി മാറിയത് പോലെ തോന്നി
    അഭിനന്ദനങ്ങള്‍ :)

    മറുപടിഇല്ലാതാക്കൂ
  4. ജീവിതത്തിലെ ഒരു ചെറിയ നിമിഷം വളരെ മനോഹരമായി എഴുതി...

    മറുപടിഇല്ലാതാക്കൂ
  5. ഓര്‍മ്മക്കുറിപ്പ്‌ നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  6. നടവഴികളിലും മറ്റും കണ്ടുപോകുന്ന മുഖങ്ങളെ തന്നെയാണ് ഹരിപ്രിയ പരിചയപ്പെടുത്തിയത്. പലപ്പോഴും ഒരു പുച്ഛത്തോടെ അവരെ അവഗണിക്കുകയും ചെയ്യുന്നു.
    നന്നായി അവതരിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  7. പതിവ് പോലെ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി... :)
    @കിഷോര്‍ : thanxs man.. :)

    @ഫൈസു: അതേയ് , എന്റെ കയ്യില്‍ ചേഞ്ച്‌ ഇല്ലായിരുന്നു പിന്നെ ഉണ്ടായിരുന്നത് 1000 ന്റെ ഒറ്റ നോട്ടായിരുന്നു അതാ... :P (ഹി ഹി ), ചുമ്മാ പറഞ്ഞതാ ഫൈസു, എന്റെ കയ്യില്‍ അന്ന് കാശില്ലാരുന്നു... ഉണ്ടെങ്കിലും അത് വാങ്ങുമോ എന്നെനിക്കു അറിയില്ല ....

    @കിരണ്‍, നമ്മള്‍ സഹായിക്കണം എന്ന് കരുതുന്ന ആള്‍ വല്ല തട്ടിപ്പ് പാര്‍ടിയും ആണോന്നു അറിയിലല്ലോ അതാണ് പേടി. ഇത്തരം സെന്റി കാണിച്ചു പറ്റിക്കുന്ന ഒരു പാട് കഥകള്‍ നമ്മള്‍ ഓരോ ദിവസവും കേള്‍ക്കുന്നതല്ലേ ? അപ്പൊ വെറുതെ പുലിവാല്‍ പിടിക്കണ്ട എന്നോര്‍ത്ത് എല്ലാര്ക്കും സഹായിക്കാന്‍ ഒക്കെ പേടിയാ.. അതിനിടയില്‍ സത്യത്തില്‍ ഇത്തരം വിഷമങ്ങള്‍ അനുഭവിക്കുന്നവരെയും നമ്മള്‍ മറക്കുന്നു. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കാന്‍ ബാധ്യസ്ഥരാകുന്നു...

    @ഹംസ, ഇത് എനിക്ക് ശെരിക്കും ഉണ്ടായ ഒരു അനുഭവം ആണ്... ഇത്തരത്തില്‍ ഒരുപാട് പേര്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത് ... പക്ഷെ ഞാന്‍ മുകളില്‍ പറഞ്ഞത് പോലെ എല്ലാര്ക്കും ഒരു പേടി വല്ല തട്ടിപ്പും ആണോന്നു ...
    ബ്ലോഗ്‌ ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ സന്തോഷം.

    @അജീഷ് കുമാര്‍, വിനുഎട്ടന്‍, ചെറുവാടി.... വായിച്ചതിനും ഇഷ്ടപ്പെട്ടു എന്നറിയിച്ചതിനും നന്ദി :)

    മറുപടിഇല്ലാതാക്കൂ
  8. പോസ്റ്റ്‌ വായിച്ചിരുന്നു, കമെന്റാന്‍ വൈകി. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ പാട് പെടുന്ന ഒരു പാട് പേര്‍, പല നാട്ടില്‍, പല വേഷത്തില്‍, പല പേരില്‍, പല ഭാവങ്ങളില്‍.....
    കാണേണ്ടത് കാണാതെ മനസാക്ഷിയെ വഞ്ചിച്ചു കടന്നു പോകുന്നവരാണല്ലോ നമ്മില്‍ അധികവും....
    ഈ വാക്കുകള്‍ മായുന്നില്ല... അഭിനന്ദനം.

    "എനിക്കെന്തോ പോലെ തോന്നി, പാവം മനുഷ്യന്‍... ഇത് വിറ്റു കിട്ടിയിട്ട് അയാള്‍ക്ക് വീടിലേക്ക്‌ എന്തൊക്കെയോ വാങ്ങനുണ്ടാകും, ഒരു പക്ഷെ ഒരു പാട് വയറുകള്‍ വീട്ടില്‍ ഉറങ്ങാതെ കാവല്‍ ഇരിക്കുന്നുണ്ടാകുമോ ? അറിയില്ല "..

    മറുപടിഇല്ലാതാക്കൂ
  9. എഴുത്ത് നന്നായി.

    അയാളെ പോലെ ചിലരുണ്ട്... ഏതാനും നിമിഷ നേരത്തെ പരിചയം കൊണ്ട് മനസ്സില്‍ നിന്നും മായാതെ കുറേക്കാലത്തേയ്ക്ക് ഇടം നേടുന്നവര്‍...

    മറുപടിഇല്ലാതാക്കൂ
  10. ഒരു ചെറിയ വലിയ നിമിഷം , പക്ഷെ ഒരിക്കലും മറക്കത്തത്. നന്നായി പറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  11. നന്നായിട്ടുണ്ട് .... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. വായിച്ചിരുന്നു കമന്റ്‌ ഇടാന്‍ വൈകി.....

    ഉത്തരം കിട്ടാത്ത ചോദ്യം ആണ് ജീവിതം
    ഉത്തരം തേടിയുള്ള യാത്രയില്‍ നാം ജീവിച്ചു തീര്‍ക്കുന്നു....

    പുതുവത്സരാശംസകള്‍..............

    മറുപടിഇല്ലാതാക്കൂ
  13. എഴുത്തു തുടരു...
    ആശംസകളോടെ,
    ജോയ്സ്.

    മറുപടിഇല്ലാതാക്കൂ
  14. ഹരി,

    മനസ്സിലെ ആര്‍ദ്ദത ശരിക്ക് പോസ്റ്റില്‍ കാണാം. പിന്നെ ലേബല്‍ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അനുഭവം എന്ന കാറ്റഗറിയില്‍ പെടുത്താം. അപ്പോള്‍ അവിടെ ഭാവന വേണ്ടാത്തത് കൊണ്ട് പോസ്റ്റ് പൂര്‍ണ്ണമല്ല എന്ന കമന്റ് അര്‍ത്ഥമില്ലാത്തതുമാവും. ഇത് ഒരു കഥയായി ഡവലപ് ചെയ്യാമായിരുന്നു ഹരിപ്രിയക്ക്. അല്പം ഭാവന കൂടെ ചേര്‍ത്ത്. ഇതുപോലുള്ള ഒട്ടേറെ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. പലരും ജീവിക്കുവാന്‍ വേണ്ടി നട്ടംതിരിയുന്നവര്‍. അവരെ നമ്മള്‍ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഒരിക്കല്‍ വീട്ടില്‍ ബെഡ് കവറുമായി വന്ന ഒരു പെണ്‍കുട്ടി അത് ബെഡില്‍ കൃത്യമാണെന്ന് ഇട്ട് കാട്ടിത്തരുക വരെയുണ്ടായി. ഇവരൊക്കെ പഠിപ്പും വിവരവും ഉള്ളവരാണെന്നത് (നമ്മളേക്കാളേറെ- കുറഞ്ഞ പക്ഷം എന്നെക്കാളേറേ) ഏറെ വിഷമിപ്പിക്കുന്നു. എഴുത്ത് തുടരുക.

    മറുപടിഇല്ലാതാക്കൂ
  15. അയാളുടെ നിര്‍വികാരത , മുപ്പതു രൂപ തികച്ചചെടുക്കാനില്ലാത്ത് ചേച്ചിയുടെ മുന്നില്‍ ഒന്നുമല്ലെന്ന് തോന്നുന്നു. നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  16. ഇത്തരം വഴിയോരക്കാഴച്ചകള്‍ ധാരാളം.

    നമ്മുടെ തൊഴില്‍ ശാലകളുടെ എണ്ണം വര്‍ദ്ധിക്കെണ്ടാതുണ്ട്. അത് വഴി ജോലി സാദ്ധ്യതയും കൂടെ ജനതയുടെ ക്രയ ശേഷിയും മെച്ചപ്പെടും. ഒരു മനുഷ്യന്‍റെ ചലനാത്മകതയ്ക്ക് വേഗത കൂട്ടുന്നതില്‍ ഒന്ന് ഭൂമി എന്ന വിഭവം എങ്കില്‍ മറ്റൊന്ന് ജോലിയാണ്. { ഏതൊരു ജോലിക്കും അതിന്‍റെതായ നിലവാരം ഉണ്ട്, അതിനുള്ള സന്നദ്ധതയാണ് നമുക്ക് വേണ്ടത്.}

    ഹരിപ്രിയ വീണ്ടും വരാം.

    മറുപടിഇല്ലാതാക്കൂ
  17. പലരും നിസ്സാരമായി തള്ളി കളയുകയും, മുഖം തിരിക്കുകയും ചെയ്യും, പക്ഷെ അവര്‍ക്ക് ചിലപ്പോള്‍ നമ്മളില്‍ നിന്നും കിട്ടുന്ന ആ പൈസ അവരുടെ ഒരു നേരത്തെ വിശപ്പ്‌ അടക്കാന്‍ സഹായിച്ചേക്കാം

    മറുപടിഇല്ലാതാക്കൂ
  18. @മനുരാജ്, ഞാന്‍ അനുഭവം എന്ന label നല്‍കി ഈ പോസ്റ്റിനു... പിന്നെ ഇത് ഡെവലപ്പ് ചെയ്തു ഒരു കഥ ഉണ്ടാക്കുന്നതിനെ കുറിച്ച് മനു പറഞ്ഞപ്പോള്‍ ആണ് ഞാന്‍ ഓര്‍ത്തത്‌... അത്തരം ഒരു ഐഡിയ തന്നതിന് thanx.....
    ഇനി മുതല്‍ അങ്ങനെ ഒരു ശ്രമം ഞാന്‍ നടത്തുന്നതായിരിക്കും :)


    വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും എല്ലാവര്ക്കും നന്ദി....

    @ ഡി.പി.കെ :) :D

    @നാമൂസ് : തൊഴില്‍ ശാലകളുടെ വര്‍ധന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം :)

    @അനീസ : ശെരിയാണ് പക്ഷെ അന്ന് എനിക്കത് ചെയ്യാന്‍ കഴിഞ്ഞില്ല.

    മറുപടിഇല്ലാതാക്കൂ
  19. ജീവിതത്തില്‍ നമ്മള്‍ കണ്ടുമുട്ടാറുള്ള മുഖങ്ങള്‍...
    ഉത്രാട കാഴ്ച നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  20. ഇപ്പൊ അതൊക്കെ കടയിലും കിട്ടുമല്ലോ..

    ഇത്തരം sales കാരിൽ നല്ലവരും തട്ടിപ്പ്
    കാരും കാണും.

    .രണ്ടു പേരുടെയും ഭാവങ്ങൾ
    നന്നായി പകര്ത്തി..

    മറുപടിഇല്ലാതാക്കൂ
  21. ഇത്ര ചെറിയ സംഭവം എഴുതാൻ കഴിഞ്ഞല്ലോ!!

    മറുപടിഇല്ലാതാക്കൂ