2016, ജൂലൈ 28, വ്യാഴാഴ്‌ച

ശേഷം ചിന്ത്യം


പ്രണയത്തിന്റെ , അല്ല, പരസ്പര ആകര്ഷണത്തിന്റെ ആദ്യ ദിനങ്ങളിൽ അവനു ചെറിയ ക്ഷീണമുണ്ടായിരുന്നു, എന്തോ തളർച്ച.
അവനുള്ളത്‌ കൊണ്ട്, തളർച്ച ആദ്യം തളർന്നിരുന്നു, പിന്നെ വളർന്നു.

എന്തോ കാരണത്താൽ അവളെ ശ്രദ്ധിച്ചു, അത് കൊണ്ട് അവളും തിരിച്ച് ശ്രദ്ധിച്ചു. തികച്ചും സ്വാഭാവികം.

ചിരിയും, നോട്ടങ്ങളും വയറ്റിൽ പൂമ്പാറ്റകളെ പറത്തിയില്ല, പകരം ഒരു വേദനയാണ് തൊടുത്തു വിട്ടത്.
അവളുടെ കണ്ണിലും മുഖത്തും തിളക്കം കൂടി വന്നു, അവനു ക്ഷീണവും!

അടുത്ത പടി പ്രണയം എന്നിരിക്കേ അവൻ പറഞ്ഞു -
എനിക്കൊരു വേദനയുണ്ട്.
അവൾ പറഞ്ഞു - എനിക്കും.
"എനിക്കൊരു വയറു വേദനയാ"
"എനിക്ക് ഹൃദയ വേദനയും"
"അറിയാം, പക്ഷെ എന്റേത് അങ്ങനെയല്ല, അങ്ങനെ മാത്രമല്ല".
"ഉം"
"നാളെ മംഗലാപുരത്ത് പോയി കാണിക്കണം, എന്നിട്ടാവാം!"
"എന്ത് ?"
"അല്ല, പ്രേമിക്കാൻ മിനിമം താലികെട്ടാനുള്ള ആരോഗ്യമെങ്കിലും വേണല്ലോ? "
"ഏ? താലിയോ?"
"അയ്യോ അങ്ങനെയല്ല, ഞാൻ സന്ദര്ഭത്തിന് യോജിച്ച ഒരു സിനിമാ സംഭാഷണം പറഞ്ഞുന്നേ ഉള്ളൂ.. "
"ഉം, ഇപ്പൊ എല്ലാം സിനിമാ സ്റ്റൈൽ ആണല്ലോ "
"അങ്ങനെയാണോ?, സിനിമ ജീവിത സ്റ്റൈൽ ആവുകയല്ലേ, നമുക്ക് പറയാൻ പലതും അവിടുന്ന് കടമെടുക്കാൻ പറ്റുന്നുണ്ടല്ലോ, അവ ജീവിതത്തോടടുത്ത് തുടങ്ങുന്നു" !
"ഉം, ആയിക്കോട്ടെ"
"അപ്പൊ പറഞ്ഞു വന്നത്, നാളെ പോയി എന്റെ വേദനയുടെ കാര്യം ഒന്ന് തീരുമാനമാകട്ടെ, എന്നിട്ട് മതിയല്ലോ നിന്റെ വേദന"
"പക്ഷേ, അത് തുടങ്ങി പോയി "
"തുടങ്ങിയല്ലേ ഉള്ളു, നിർത്താൻ എളുപ്പമാകും "
"ഉം, നോക്കാം "
"നോക്കാം"

2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഫേസ്ബുക്ക്‌ ജാരന്മാരോടുള്ള ചോദ്യങ്ങൾ


അങ്ങനെ ഇങ്ങനെ ചാറ്റ് ചെയ്ത് ബോറടിക്കുമ്പോൾ,
എന്നെ ഇപ്പൊ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു തുടങ്ങാം - ഒരു അവിവാഹിതയ്ക്ക്.
കള്ളകാമുകർ ഒഴിവുകഴിവുകൾ, ഉത്തരവാദിത്ത്വം നീട്ടി നിരത്തും, ബ്ലോക്ക്‌ ചെയ്യപ്പെടും.
എനിക്കാരും ഇല്ലെന്നോ, ഭർത്താവ് ശരിയല്ലെന്നോ തുടങ്ങി
ഞാനും വരുന്നു കൂടെ എന്ന് പറയാം - ഒരു വിവാഹിതയ്ക്ക്.
എന്റെ ജീവിതം എന്നോ, വീട്ടുകാരുടെ പ്രതീക്ഷയെന്നോ,
ജീവിതത്തിന്റെ നെട്ടൊട്ടമെന്നൊ പറഞ്ഞ് ഓഫ്‌ലൈൻ ആകും.
എന്റെ കുഞ്ഞിനെ കൂടെ കൊണ്ട് വരും എന്ന് പറയാം - ഒരു അമ്മയ്ക്ക്
എനിക്ക് നിന്നെ മതിയെന്നോ, ഇതുപോലെത്ര വേണമെങ്കിലും ഞാൻ തരുമെന്നോ പറഞ്ഞേക്കും.
ഇനി കുഞ്ഞിനെയുമെടുത്തോ എന്നാണ് ഉത്തരമെങ്കിൽ,
ബാക്കി ജീവിതം മുഴുവൻ കണ്ണ് രണ്ടും അവരിലേക്ക്‌ സമർപ്പിക്കണം.
ആണായാലും പെണ്ണായാലും! അത് വേണ്ട! ലോഗൌട്ട് ചെയ്തേക്ക്.
ഇതിലൊന്നും പെടാതെ,
എനിക്ക് നിന്റെ ജാരനായി ഈ ഇല്ലാ ലോകത്തിൽ കഴിയാനാണിഷ്ടം എന്നാണെങ്കിൽ മടിക്കണ്ട,
അതൊരു കുടുംബത്ത് പെറന്ന ജാരൻ തന്നെ. പൂർണമായും അവിശ്വസിക്കാം!

2016, മാർച്ച് 19, ശനിയാഴ്‌ച

ഒറ്റ


ഒരേ വഴിയിലൂടെ, ഒന്നിനെ മാത്രം തേടിയുള്ള നാലാമത്തെ സഞ്ചാരമായിരുന്നു അത്.
കാണാതെ പോയൊരു പാദസരം തേടിയുള്ള നടത്തങ്ങൾ.

ട്യൂഷനു പോകാൻ ഇറങ്ങിയപ്പോഴാണ് ഒരു കാലിൽ പാദസരം ഇല്ലെന്ന് കണ്ടത്.

സ്കൂളിൽ നിന്ന് വന്നവഴി മുഴുവൻ തിരിച്ച് നടന്നു. ഇടതു വശം നോക്കി അങ്ങോട്ടും, വലതു വശം നോക്കി ഇങ്ങോട്ടും. പിന്നെ റോഡിനു നടുഭാഗം നോക്കി വീണ്ടും അങ്ങോട്ട്. എവിടെയും കാണാഞ്ഞപ്പോൾ നേരെ നടന്നു ടൂഷൻ ക്ലാസ്സിലേക്ക്. ഒരുപാട് താമസിച്ചിരുന്നു.
അമ്മയേക്കാളും വിശ്വസ്ത ട്യൂഷൻ ടീച്ചർ ആയതു കൊണ്ട് അവിടെ സത്യം പറഞ്ഞു.

എന്തായാലും ഈ വിഷയത്തിൽ സത്യവും കള്ളവും വീട്ടിൽ ജയിക്കില്ല.
കാണാതെ പോയത് കണ്ടുപിടിച്ചേ പറ്റൂ.

തിരിച്ച് വീണ്ടും റോഡിനു നടുഭാഗം നോക്കി നടന്നു.
വലതും ഇടതും നോക്കാൻ ചങ്ങാതിമാരെയും ഏൽപ്പിച്ചു.

മഴക്കാലമാണ്. എങ്കിലും അന്ന് മഴ കുറവായിരുന്നു. റോഡിനു ഇടതു വശം വെള്ളം ഒഴുകുന്നുണ്ട്.
ഒഴുക്കിൽപ്പെട്ട് പോയിക്കാണും എന്ന് വലതു ഭാഗം നോക്കുന്ന കുട്ടി പറഞ്ഞു. അതിനു മാത്രം ഒഴുക്കില്ലായെന്ന് ഇടതു ഭാഗവും.

ഇനി ഒഴുക്കിൽ പോയിട്ടുണ്ടെങ്കിൽ നോക്കണ്ട. വഴിയിൽ എത്ര ഒഴുക്കുകൾ ഉണ്ട്.. എല്ലാത്തിലും ഇറങ്ങി നടക്കാറുമുണ്ട്.
പാദസരം വേണ്ടായിരുന്നു. നടുവിലത്തെ കുട്ടിക്ക് കരച്ചിൽ വന്നു.

മറ്റേക്കാലിൽ ചിരിച്ചു നടക്കുന്ന പാദസരം അലോസരം ഉണ്ടാക്കി.
ലോകത്തിലെ ഏറ്റവും വലിയ ദുഖങ്ങളിൽ ഒന്നാണ് ഒറ്റപാദസരം!

കൂട്ടുകാരി കടിച്ചൂരി സഹായിച്ചു. അതും കയ്യിൽ വച്ചായി പിന്നെ നടത്തം.

നീ വെള്ളത്തിൽ ഇറങ്ങിയിരുന്നോ ?
'കാലു കഴുകാൻ കണ്ടിക്ക പീടിയേന്റെ ആട എറങ്ങീന്, പക്ഷേ ഇന്ന് ഒഴുക്കില്ലല്ലോ'.

ഒരു കാര്യം ചെയ്യാം.
ഈ പാദസരം വെള്ളത്തിലിട്ട് നോക്കിയാലോ, ഒഴുകി പോയോന്ന് ഉറപ്പിക്കാല്ലോ.

എല്ലാരും ആ ബുദ്ധി സമ്മതിച്ചു.
പാദസരം കുട്ടി വെള്ളത്തിലിടും, പിടിക്കാൻ ബാക്കി രണ്ടു പേർ മുന്നിലെ ഒഴുക്കില് നില്ക്കും.

പക്ഷേ വെള്ളം അതിബുദ്ധിമതിയായിരുന്നു.
ചെളിയിൽ ഒളിപ്പിച്ച് അത് പാദസരത്തെ കടത്തി കൊണ്ട് പോയി.

ആദ്യത്തെയാൾ കാലുകൊണ്ടും, രണ്ടാമത്തെയാൾ ഒഴിക്കിന് കുറുകെ കിടന്ന് മുഴുവൻ ശരീരം കൊണ്ടും തടയാൻ നോക്കിയെങ്കിലും,
അത് പോയി. അന്തമില്ലാത്തോരൊഴുക്കിലേക്ക്...

രണ്ടും നഷ്ടപ്പെട്ട കുട്ടി കണ്ണുകൾ കഴയ്ക്കുന്നത് വരെ ഒഴുക്ക് നോക്കി നിന്നു.

സമയം പോകുന്നു.. യാത്ര തുടരുന്നു.
കൂട്ടുകാരുടെ വീടുകൾ എത്തുന്നു. അവർ പിരിയുന്നു. കുട്ടി ഒറ്റയ്ക്കാവുന്നു.

ഇടവഴിയിലേക്ക് കടന്നു. വീടുകാണാം. കരിയിലകൾ കുതിർന്ന് വഴുതുന്നുണ്ട്.
ചെളിയിൽ പൂണ്ട ഇലകളും മാറ്റി മാറ്റി നോക്കി. എവിടെയെങ്കിലും ആദ്യത്തേത് കാണുമോ ?

വീട്ടിൽ എന്ത് പറയും ?
ചില ബുദ്ധികൾ കൂട്ടുകാർ ഉപദേശിച്ചിരുന്നു.

ഇന്ന് ഇത് വീട്ടിൽ പറയണ്ട. നാളെ ഏതെങ്കിലും ഒരെണ്ണം എവിടുന്നെങ്കിലും കിട്ടും. മിക്കതും സ്കൂളിൽ കാണും. എന്നിട്ട് പറയാം.
ഒരു പാദസരം പോകുന്നത് സാധാരണം.
ഇല്ലെങ്കിൽ സ്കൂളിൽ മറ്റ് ചങ്ങാതിമാരുമായി ആലോചിച്ച് എന്തെങ്കിലും ചെയ്യാം.
ഇന്ന് ഏതായാലും ഒന്നും പറയണ്ട.
ഒന്ന് പോയത് പോട്ടെ. രണ്ടും പോകുന്നത് അസാധാരണം അല്ലേ?

ഉള്ളിൽ കുറെ വെള്ളം ഒളിപ്പിച്ച് കരിയിലകൾ. ഒന്നമർത്തി ചവിട്ടിയാൽ വെള്ളം പൊങ്ങും. അവ മുങ്ങി പോകും.
കാലെടുത്താൽ വെറും നനഞ്ഞ ഇലകൾ.

അമ്മ പുറത്ത് വന്നു നോക്കി..
വീട്ടിൽ പോകാൻ ഭയം.
ചിലപ്പോൾ കേറി ചെല്ലുമ്പോൾ തന്നെ പിടിക്കപ്പെടും.
എന്തായാലും പോകാതെ പറ്റില്ലല്ലോ.

എന്താ വൈകിയേ എന്ന ചോദ്യത്തിന് 'മ്മ്ച്ചും' എന്ന് തോൾ ഉയർത്തി താഴ്ത്തി.

നേരെ മുറിയിലേക്ക് നടന്നു.
'ആ ചളീലൂട്ട വന്നതല്ലേ കാല് കഴ്കീറ്റ് പോ' - അമ്മ.

മുറിയിൽ കട്ടിലിന് താഴെ ആദ്യ പാദസരം കിടന്ന് ചിരിക്കുന്നു.
ഹെന്റമ്മേ! കുട്ടി ഉച്ചത്തിൽ വിളിച്ചു പോയി.


പുറത്തേ പൈപ്പിൽ കാലുകഴുകാൻ നിന്നപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു.

"അയ്യോ അമ്മേ എന്റെയൊരു പാദസരം കാണുന്നില്ല!!"

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ഹൈലോ

രു ദിവസം രാവിലെ വേവിക്കാൻ പയർ എടുത്തപ്പോൾ ഇടയ്ക്ക് വേറിട്ട്‌ നില്ക്കുന്ന ഒരു കടല കണ്ടു. തലേന്ന് രാത്രി കുതിർക്കാൻ ഇട്ടപ്പോഴേ കണ്ടിരുന്നു. അന്നേരം അതിനെ കുറിച്ചോർക്കാൻ സമയം കിട്ടിയില്ല. ഇതിനെ എന്തിനോടുപമിക്കാം എന്നാലോചിച്ചു നില്ക്കുകയായിരുന്നു.
ഇടയ്ക്ക് കയറി വന്ന ഭർത്താവിനെ കണ്ടപ്പോൾ,
"ചെറുപയർ മണികൾക്കിടയിൽ പെട്ടൊരു കടല കണ്ടോ ?
ഭർത്തൃ വീട്ടിൽ ഞാൻ എന്നപോലെ" എന്ന് പാടി.
"തീരെ കുറവില്ലല്ലേ? അതോ ഉറക്കപ്പിച്ചാണോ? "എന്ന് ചോദിച്ചു കൊണ്ട്, ഉത്തരം കേൾക്കാൻ നില്ക്കാതെ ആള് സ്ഥലം വിട്ടു.
അപ്പോഴാണ്‌ രാജീവ്‌ വിളിക്കുന്നത്. ഈ നേരത്ത് പതിവില്ലാത്ത വിളിയാണ്. സംശയത്തോടെ ഫോണ്‍ എടുത്തപ്പോൾ മറു വശത്തൊരു സ്ത്രീ ശബ്ദം.
"ആരാ ?" ഞാൻ ചോദിച്ചു.
"രാജീവിന്റെ അമ്മയാണ്"
"അമ്മയോ ? " അതെങ്ങനെ ? അവന്റെ അമ്മ മരിച്ചു പോയതാണ്.
ഇനി വേറെ ആരെയെങ്കിലും അവൻ അമ്മ എന്ന് വിളിക്കുന്നതാണോ ?
ആളുമാറിയോ  ?
"ആരാ എനിക്ക് മനസ്സിലായില്ല..."
ഫോണ്‍ കട്ട്‌ ആയി...
എന്താ പറ്റിയത് ? തിരിച്ചു വിളിച്ചു. എടുക്കുന്നില്ല.
'രാജീവിന്റെ മരിച്ചു പോയ അമ്മ എന്നെ വിളിച്ചു' !
'അപ്പൊ നിനക്കൊട്ടും കുറവില്ലല്ലേ ? രാവിലേ നിന്റെ ഭ്രാന്ത്‌ കേൾക്കാൻ എനിക്ക് സമയമില്ല കേട്ടോ...
മരിച്ചവർ വിളിക്കുന്നു, വീട്ടിലേക്ക് വരുന്നു. എന്തൊക്കെ കേൾക്കണം..' - ഭർത്താവിൽ നിന്നു പ്രതീക്ഷിച്ച മറുപടി തന്നെ കിട്ടി..
സ്വാഭാവികമായ പുച്ഛം, രാവിലത്തെ തിരക്കുകൾ...  എന്തെങ്കിലും ആവട്ടെ നമ്പർ മാറിയതെങ്ങാനും ആയിരിക്കും എന്ന് സമാധാനിച്ചു..
ഫ്ലാറ്റ് പൂട്ടി താക്കോൽ അപ്പുറത്ത് കൊടുക്കാൻ വിളിച്ചപ്പോൾ ഇറങ്ങി വന്നത് അവിടുത്തെ നാൻസി ചേച്ചിയുടെ അമ്മ!
ആദ്യമായി കാണുകയാ ഇവരെ.
ചേച്ചിയെ പോലെ തന്നെ... ചേച്ചി പറഞ്ഞിട്ടുണ്ട്... പക്ഷേ, അയ്യോ ചേച്ചീടെ അമ്മയും മരിച്ചതാണല്ലോ... ഇനി അമ്മായിയമ്മ ആണോ ?
എന്തോ സംഭവിച്ചിട്ടുണ്ട്. എവിടെയൊക്കെയോ അപരിചിത മുഖങ്ങൾ, ശബ്ദങ്ങൾ!
രാജീവിനോട്‌ ഒക്കെ പറയാൻ ഓഫീസിൽ ചെന്നപ്പോഴും അവന്റെ അമ്മയെ കണ്ടു..
ഒന്നും മിണ്ടാതെ തിരിച്ചുപോയി.
പിന്നെ ഇതൊരു പതിവായി. അനിയനെ വിളിച്ചപ്പോൾ അച്ഛനെ കിട്ടി.
കൂട്ടുകാരിയുടെ മരിച്ചു പോയ പെങ്ങളെ കണ്ടു...
ചിലരെ കാണുമ്പോഴൊക്കെ അവരുടെ മരിച്ചു പോയ ആരെങ്കിലും പകരം വരുന്നു, സംസാരിക്കുന്നു. ചിലരെ കാണുമ്പോൾ മാത്രം.
എന്നും ഇങ്ങനെ ആയപ്പോൾ ആൾക്കാരോട് മിണ്ടാൻ പേടിയായി.
ഭർത്താവിനോട്‌ സൂചിപ്പിച്ചപ്പോഴൊക്കെ നിനക്ക് പണ്ടേ ഉള്ളതല്ലേ ഇത്തരം ഭ്രാന്ത്‌ എന്ന് പറഞ്ഞ് ഒഴിവാക്കി.
അവൾ ഇടയ്ക്ക്  പിച്ചും പേയും പറയുന്നു എന്ന്  ചിലരൊക്കെ ഭർത്താവിനോട്‌ പരാതി തുടങ്ങിയപ്പോൾ ഒരു മനശാസ്ത്രജ്ഞനെ കാണിക്കാൻ നിർബന്ധിച്ചു.
പിന്നെ പിന്നെ, വന്നില്ലെങ്കിൽ പിടിച്ചു കെട്ടി കൊണ്ട് പോകും എന്ന ഭീഷണിയായി.
എന്താണ് യഥാർത്ഥ്യം, ഏതാണ് സത്യം എന്നറിയാൻ വയ്യാത്ത ഒരു അവസ്ഥ.
ഭ്രാന്ത്‌ ഇത്ര വലിയ പ്രശ്നം ആണെന്ന് മനസ്സിലായത് അപ്പോഴാണ്‌..
സംസാരം തീരെ കുറച്ചു. കാണുന്നവരോടൊക്കെ ഒരു ചിരിയിൽ മാത്രം പരിചയം ഒതുക്കി.
ആരെങ്കിലും സംസാരിക്കാൻ വന്നാൽ ഫോണിൽ തിരക്കിട്ട സംസാരത്തിൽ ആണെന്ന് തോന്നിപ്പിച്ച് ഒഴിഞ്ഞു...
ചിലരോട് മാത്രം ഇങ്ങനെ എന്തായിരിക്കും ? ആലോചിച്ചിട്ട്  എവിടെയും എത്തുന്നില്ല...
മുഴുവനും സംശയത്തോടെ നോക്കാൻ തുടങ്ങി. ഞാൻ ആലോചിക്കുന്നത്, കാണുന്നത്, കേൾക്കുന്നത് ജീവിക്കുന്നത്  ഒക്കെ ശരിക്കും ഉള്ളതാണോ ?അതോ  തോന്നലാണോ ?
ഇന്റർനെറ്റിൽ "symptoms of mental disorders" തിരഞ്ഞു. ലക്ഷണങ്ങൾ വായിച്ച്  ഭാന്തിയായി എന്നുറപ്പിച്ചു..
ഭർത്താവിന്റെ ഭാഷയിൽ പറഞ്ഞാൽ അരവട്ട് മുഴുവട്ടായി .
അന്ന് ഫ്ലാറ്റിൽ ചെന്നപ്പോൾ വീട്ടുകാർ എല്ലാവരും എത്തിയിട്ടുണ്ടായിരുന്നു.
രോഗനിർണയം, സഹതാപം, ഡോക്ടറെ കാണാൻ നിർബന്ധിക്കൽ, ഭാവിയെ കുറിച്ചുള്ള ആശങ്കകൾ എന്നിവയടങ്ങുന്ന നീണ്ട അജണ്ട.
ഇതൊക്കെ വെറും തോന്നലാണെന്നുള്ള ഡോക്ടറിന്റെ ആദ്യ നിഗമനം തന്ന സമാധാനം, നമുക്ക് നന്നായൊന്നു പഠിക്കാൻ കുറച്ചു ദിവസം ഇവിടെ താമസിക്കേണ്ടി വരുമെന്ന നിലപാട്  തീർത്തു.
ശമ്പളമില്ലെങ്കിലും സാരമില്ല
, തത്കാലം കുറച്ച് ലീവ് എടുക്കുക എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു...
പുസ്തക വായനയും, കമ്പ്യൂട്ടറും ഫോണും ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും പറ്റില്ല എന്ന എതിർപ്പിനോട് മത്സരിക്കാൻ അവരൽപ്പം മടിച്ചു. ഭ്രാന്തിയോടെങ്ങനെ അടികൂടും ? വയലന്റായാലോ ?
പതുക്കെ പതുക്കെ "how to overcome mental disorders without meditation/ without doctor " എന്നൊക്കെയായി തുടങ്ങി ഗൂഗിളിനോടുള്ള ചോദ്യങ്ങൾ.
എന്തൊക്കെയായാലും അച്ഛനോട് സംസാരിക്കാൻ അനിയനെ ഇടയ്ക്കിടെ വിളിച്ചു... അന്നൊക്കെ അമ്മ കൂടുതൽ കൂടുതൽ കരഞ്ഞ് വിഷമിച്ച് ഉറങ്ങി...
പക്ഷേ അവനെ കാണാനോ കേൾക്കാനോ പറ്റാതായി കഴിഞ്ഞിരിക്കുന്നു... എപ്പോഴും അച്ഛൻ തന്നെ മുന്നിൽ.
Talking to dead - ഉം തിരച്ചിലിൽ കൂടി..
രാജീവിനെയും കാണാനും കേൾക്കാനും പറ്റാതായി തീർന്നു. അവന്റെ ഒരു ഓഫിസ് മെയിൽ എങ്കിലും കാണാനാണ്  അന്ന്  ഓഫിസ് അക്കൌണ്ടിൽ കയറിയത് .
അപ്പോൾ അവിടെ ഒരു ക്ഷമാപണ മെയിൽ കണ്ടു.
"മാഡം,
നിങ്ങളോട് ഞങ്ങൾ ആദ്യമേ ആത്മാർഥമായി ക്ഷമ ചോദിക്കട്ടെ.. ഞങ്ങളുടെ ഏറ്റവും പുതിയ ആശയമായിരുന്നു "Hold Your Loved Ones (HYLO - ഹൈലൊ) "
അഥവാ "പ്രിയപ്പെട്ടവരെ മുറുകെ പിടിക്കുക".
ഇതൊരു ചെറിയ സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ ആണ്..
ഇത് നിങ്ങളുടെ പ്രൈമറി മെമ്മറിയിൽ അഥവാ തലച്ചോറിൽ നേരിട്ട് ഇൻസ്റ്റോൾ ചെയ്യാം.. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് മുന്നിൽ വരുന്ന പരിചിതരെ അവരുടെ മരിച്ചു പോയ, ഏറ്റവും അടുത്ത ബന്ധുക്കളുടെ വിശേഷങ്ങൾ പറഞ്ഞ് കേൾപ്പിക്കാം.
നിങ്ങൾക്ക് അവരെ കുറിച്ച്  അറിയുന്ന പഴയ കാര്യങ്ങളിൽ നിന്ന് തന്നെ ഉണ്ടാക്കിയെടുക്കുന്ന വിവരങ്ങൾ ആണ് എല്ലാം. ഉള്ള വിവരങ്ങൾ വച്ച്  ഓരോ സാഹചര്യത്തിലും അവരെങ്ങനെ പെരുമാറും എന്ന് ഞങ്ങളുടെ അൽഗോരിതം കണ്ടു പിടിക്കും..
രണ്ടു മാസം മുൻപ് നിങ്ങൾ  ഈ അപ്ലിക്കേഷൻ എടുത്തതായി ഓർക്കുന്നുവോ?
പിന്നെ ഞങ്ങൾ ചെയ്ത വിശദമായ പരീക്ഷണങ്ങളിൽ മനസ്സിലായി അതിനു വലിയ ഒരു ബഗ് ഉണ്ടെന്ന്..
ഇത്  ചിലരുടെ ഉപബോധ മനസ്സിനെ സ്വാധീനിക്കുകയും അതൊരു mental disorder - നു വഴി തെളിക്കുകയും ചെയ്തേക്കാം.
ഈ പ്രതിഭാസം ഞങ്ങൾക്ക് ആദ്യ പരീക്ഷണങ്ങളിൽ കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഉണർന്നിരിക്കുന്ന ഒരു ഉപബോധ മനസ്സ് നമുക്കിവിടെ ലഭിച്ചില്ല എന്നതാണ് ഇതിനൊക്കെ കാരണം.
നിങ്ങൾ ഈ മെയിൽ വായിക്കുന്നുണ്ടെങ്കിൽ ഭാഗ്യം നിങ്ങളുടെ കൂടെയാണ്...
താഴെ കൊടുത്തിരിക്കുന്ന വഴികൾ അനുസരിച്ച്, ഹൈലോ uninstall ചെയ്യുക...
ഇന്ന് തന്നെ ഇത് ചെയ്യുക, ഇല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളെയും, ഞങ്ങൾക്ക് ഒരു കസ്റ്റമർ-നെയും നഷ്ടപ്പെട്ടേക്കാം.
ഒരിക്കൽ കൂടി നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു..
uninstall ചെയ്യാനുള്ള വഴികൾ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലിൽ ഉണ്ട്..
സ്നേഹത്തോടെ,
xxxx. "
അര മണിക്കൂറിനുള്ളിൽ hypnotise കഴിഞ്ഞ ഗംഗയെ പോലെ എഴുന്നേറ്റു... ഒരു ദീർഘ നിശ്വാസം വിട്ടു...
അഭ്യുദയകാംക്ഷികള്‍ എല്ലാവർക്കും മെയിൽ ഫോർവേഡ് ചെയ്തു...
ഭർത്താവിനും, രാജീവിനും, അനിയനും ചാറ്റ് അയച്ചു.
മറുപടികൾ ഈ വിധം :
ഭർത്താവ്  : അവരോട് നഷ്ടപരിഹാരം ചോദിക്കണം.. പിന്നെ ഇനി തൊട്ട് നിന്റെ മെമ്മറിയുടെ ആക്സസ് നിനക്കില്ല. ഞാൻ കൈകാര്യം ചെയ്തോളാം.. നേരത്തേ ഞാൻ ഇത് ചെയ്യേണ്ടതായിരുന്നു.
രാജീവ് : എന്നാലും ഒന്നുകൂടെ ഡോക്ടർ - നെ കണ്ടോളൂ.. നീ uninstall ചെയ്തത് ശരിയായോ എന്നൊക്കെ ഉറപ്പിക്കാല്ലോ.
അനിയൻ : ആ ലിങ്ക് എനിക്കും താ..  നമുക്കിതെടുത്ത്  ഇൻസ്റ്റാൾ ചെയ്ത് ഇടയ്ക്ക് അച്ഛനെ കാണാം!
===

നവമലയാളിയിൽ വന്ന കഥയാണ്‌.
മനോരാജ് കഥാമത്സരത്തിനു വേണ്ടി എഴുതിയത്.
ഇവിടെയും പോസ്റ്റുന്നു.

2015, ഏപ്രിൽ 11, ശനിയാഴ്‌ച

നിമിത്തം

'ഓരോ ജനനത്തിനും ഓരോ ലക്ഷ്യങ്ങൾ ഉണ്ട്. ഓരോ കാരണവും!'

എല്ലാ നാട്ടിലെയും പോലെ ഞങ്ങടെ നാട്ടിലും ഒരു ദാസൻ ഉണ്ടായിരുന്നു. എല്ലാ ദാസന്മാർക്കും ഉണ്ടായത് പോലെ ഒരു പ്രണയം ഈ ദാസനും ഉണ്ടായിരുന്നു.
എല്ലാ പ്രണയങ്ങൾക്കും സംഭവിക്കുന്നത്‌ പോലെ ഒരു വേർപിരിയൽ ഇതിലും സംഭവിച്ചു. എന്നിട്ട് ചില പ്രണയങ്ങളിൽ സംഭവിക്കാത്തത് പോലെ അവർ എന്നെന്നേക്കുമായി പിരിഞ്ഞു...

അങ്ങനെ ആറു വർഷത്തോളം അനശ്വരമെന്ന് കരുതിയ പ്രണയം തകർന്ന സ്ഥിതിക്ക് ആവശ്യമില്ലാതായ ഹൃദയം, മറ്റു ലോല വികാരങ്ങൾ, ഇനി ഒരു  മടക്കം ഇല്ല എന്ന ശപഥം - ഒക്കെ വാരി കൂട്ടി തന്റെ പുതിയ ജോലി സ്ഥലത്തേക്ക്, കുറച്ചു കിഴക്കുള്ള ഗ്രാമത്തിലെ കരിങ്കൽ ക്വാറിയിലേക്ക്, അയാൾ കുടിയേറി... അനിവാര്യമായ ഒരു ചെറിയ നാട് വിടൽ.
പിന്നീട് പ്രേമം - മണ്ണാങ്കട്ട എന്ന് തോന്നി തുടങ്ങിയപ്പോൾ, ശപഥം ഉപേക്ഷിച്ച്, ഒരു അവധി ദിവസം തിരിച്ച് നാട്ടിൽ എത്തി, അങ്ങനെ അതൊരു പതിവായി.

ഒരു വരവിൽ ദാസന്റെ അഭ്യുദയകാംഷികൾ വിവാഹക്കാര്യം എടുത്തിടുകയും അമ്മയുടെ ആരോഗ്യപ്രശ്നങ്ങളും , ഒറ്റപ്പെടലും ഒക്കെ നിരത്തി അയാളെ ഒരു നല്ല ആലോചനയ്ക്ക് സമ്മതം മൂളിപ്പിക്കുകയും ചെയ്തു...


തുന്നൽക്കാരി സതിയുടെ വീട്ടിൽ പ്രായ വ്യത്യാസവും, പഴയ പ്രണയവും ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും അവയെല്ലാം
"പെണ്ണിന്റെ വയസ്സ്  23 പൂർത്തിയായി 24 തുടങ്ങി എന്നല്ലേ പറയ്യാ, ദാസന് 32-ന്ന് വച്ചാൽ 31 കഴിഞ്ഞിനേ ഉള്ളു... അപ്പൊ പിന്നെ ഏഴ് വയസ്സിന്റെ വ്യത്യാസം - അത് അങ്ങനെ തന്നല്ലേ വേണ്ടേ..., പിന്നെ പഴയ പ്രേമം - അതിപ്പോ ആരിക്കാ ഇല്ലാത്ത് ? ആങ്കുട്ട്യായതു കൊണ്ട് ഓന് കേടൊന്നും വെരൂലല്ലോ ? "
എന്നീ ഭീകര പ്രസ്താവനകൾ, പെണ്ണിന്റെ ജാതക ചൊവ്വയേയും കൂട്ട് പിടിച്ച് ദല്ലാൾ ഒതുക്കി.

അങ്ങനെ പെണ്ണും, ചെക്കനും മൊബൈൽ നമ്പറുകൾ കൈമാറി കല്യാണം ഉറപ്പിച്ചു.

"നിന്റെ ചേട്ടൻ റോമാന്റിക്കാ? "  - തുന്നൽ കടയിലെ സുഹൃത്ത് സതിയെ ഒന്ന് നുള്ളി ...
"ഹേയ് തീരെ അല്ലാന്നാ തൊന്ന് " - സതി ചെറുതായൊന്നു നെടുവീർപ്പിട്ടു.
"ങേ അതെന്താ വിളിക്കലില്ലേ ?" - സുഹൃത്ത് അമ്പരന്നു.
" ഇല്ലപ്പാ,  നമ്പർ കിട്ടിയ പിറ്റേന്ന് ഞാൻ ഒരു ഗുഡ് മോർണിംഗ് മെസ്സേജ് ചെയ്തു... അപ്പൊ തന്നെ തിരിച്ചും കിട്ടി ഒരു ഗുഡ് മോർണിംഗ് . പിന്നൊരു അനക്കവുമില്ല. പണി തെരക്കാവുംന്ന്  വിചാരിച്ച് ഉച്ചവരെ കാത്തു. ഉച്ചയ്ക്കൊരു ഗുഡ് ആഫ്റ്റർ നൂണ്‍ - വിട്ടു. "അതിനും അതേ മറുപടി വന്നു... പിന്നൊന്നുല്ല.... "
''എന്നാപ്പിന്നെ ഗുഡ് ഈവെനിങ്ങും ഗുഡ് നൈറ്റും കൂടെ വിട്ടൂടായിരുന്നോ?" - സുഹൃത്ത് മുഖം ചുളിച്ചു.
"പിന്നെ ഒന്നും അയച്ചില്ല, വിളിക്കാനും പോയില്ല. എന്തോ അവരിക്ക് ഒരു ഇൻട്രസ്റ്റ്  ഇല്ലാത്ത മാതിരി.." ഒരു നെടുവീർപ്പ് വീണ്ടും.
"പണ്ടൊന്ന് പ്രേമിച്ചതല്ലേ അപ്പൊ റൊമാന്റിക്‌ ആകാതിരിക്കാൻ വഴിയില്ല, പഴയ പ്രേമകഥയെല്ലാം നാട്ടിൽ പാട്ടല്ലേ? അപ്പൊ നിനക്കെന്തെങ്കിലും തോന്നുമോന്ന്  വിചാരിച്ച്  നിന്നോട് പെട്ടെന്ന് മിണ്ടാൻ ഒരിത് ഇണ്ടാവും...  " - സുഹൃത്ത് വളരെ യുക്തിപരമായ കാരണങ്ങൾ നിരത്തി ആശ്വസിപ്പിച്ചു.

കല്യാണം കഴിക്കുന്നത് അമ്മയ്ക്കൊരു കൂട്ടിനു വേണ്ടി ആണെന്ന് പെണ്ണ് കാണാൻ ചെന്നപ്പോൾ പറഞ്ഞത് ഒന്നുകൂടെ പറഞ്ഞ് ദാസനും അത് വീണ്ടും കേട്ടുകൊണ്ട് സതിയും ജീവിതം ആരംഭിച്ചു.


വിശേഷം ഒന്നുമായില്ലേ എന്ന നാട്ടുകാരുടെ/വീട്ടുകാരുടെ പതിവ് ചോദ്യം, 'ഡോക്ടറെ കാണിച്ചോ?' 'നമ്പർ വേണോ?' എന്ന നിലയിൽ ആയിരിക്കുന്ന കാലം. ഒരു അവധി ദിവസം ദാസൻ വീടിനടുത്തുള്ള വിദേശമദ്യശാലയ്ക്ക് മുന്നിൽ ക്യുവിൽ ആയിരുന്നു.

ഒരു ബസ്‌ വന്ന് നിന്നതിൽ നിന്ന് പഴയ കാമുകിയും, ഭർത്താവും കുഞ്ഞും ഇറങ്ങി.
അവളുടെ കണ്ണുകൾ ദാസന്റെ മുഖത്തേക്കും, ഭർത്താവിന്റെ കണ്ണുകൾ മദ്യശാല ക്യൂവിലേക്കും, ദാസന്റെത് അവളുടെ രണ്ടാമതും വീർത്ത വയറിലേക്കും പാഞ്ഞു...

ആ കാഴ്ച നല്കിയ ഞെട്ടലിൽ ദാസൻ, വാങ്ങിയ 'സാധനം' ഷർട്ടിനുള്ളിൽ തിരുകാൻ മറന്നു എന്ന് മനസ്സിലായത് വീടിന്റെ വരാന്തയിൽ നില്ക്കുന്ന സതിയുടെ മുഖം കണ്ടപ്പോഴാണ്.

കാമുകിയും, കുഞ്ഞും, വയറും, മദ്യവും, സതിയും - അന്ന് രാത്രി ആദ്യമായി ദാസന് സതിയോട് സ്നേഹം തോന്നി.


"അപ്പൊ വിചാരിച്ചത്ര കുഴപ്പമൊന്നും ഇല്ലല്ലേ... ദാസന് നിന്നോട് സ്നേഹം ഉണ്ട്" കുഞ്ഞിനെ കാണാൻ വന്നപ്പോൾ തയ്യൽ കടയിലെ സുഹൃത്ത് സതിയെ വീണ്ടും നുള്ളി.
"സ്നേഹം! പഴയ കാമുകിക്ക് രണ്ടു കുഞ്ഞാകുമ്പോൾ ഒരെണ്ണം വേണംന്ന്  ഏത് കാമുകനും തോന്നും". സതി വീണ്ടും നെടുവീർപ്പാൽ മറുപടി നല്കി.
"നിങ്ങൾ തമ്മിൽ മത്സരത്തിലാണോ? അപ്പൊ ഉടനേ ഒന്നും കൂടി പ്രതീക്ഷിക്കാല്ലോ?" സുഹൃത്ത് കണ്ണിറുക്കി.
"ഇവർക്കൊക്കെ ഒന്ന് തന്നെ അധികമാണ് , ഇനി ഞാൻ സമ്മതിച്ചാലല്ലെ" - സതി ചൊടിച്ചു.

കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആ കുടുംബം ദാസന്റെ ജോലി സ്ഥലത്തേക്ക് താമസം മാറ്റി.
അവിടെ ഒരു ചെറിയ വീടെടുത്തു. തുന്നല്ക്കാരി സതി അവിടെ തിരക്കുള്ള തയ്യൽക്കാരി സതിയായി മാറി.

ഒരു ഓണക്കാലം, കടയിലെ തിരക്കൊഴിഞ്ഞപ്പോൾ സന്ധ്യ കഴിഞ്ഞു.
ബസ്‌ ഇറങ്ങി വീട്ടിലേക്ക് നടക്കുകയാണ് സതി .
ദാസൻ അന്ന് കൂട്ടിനില്ല. പീഡന കാലം - ഏത് നിമിഷവും പീഡിപ്പിക്കപ്പെടും എന്ന ആധി മാത്രമാണൊരു കൂട്ട്.
ആദ്യമായിട്ടാണ് അയാൾ കൂടെ ഇല്ലാത്ത അവസ്ഥയെ അവൾ ഭയക്കുന്നത്.

ഹൃദയമിടിപ്പ്‌ കൂട്ടാൻ എതിരെ നിന്നും കുറച്ചുപേർ നടന്നു വരുന്നു.

പണി കിട്ടി എന്ന് സതി ഓർത്തു. ഫോണിൽ ദാസനെ ഡയൽ ചെയ്തു വച്ചു. വിളിച്ചിട്ടും വല്യ പ്രയോജനം ഒന്നുമില്ല. ആളിങ്ങെത്തുമ്പോഴേക്കും പത്രങ്ങൾക്കു മാത്രം കൊള്ളാവുന്ന വിധമായിട്ടുണ്ടാകും. പിന്നെ രക്ഷപ്പെടാൻ ആകെ ഉള്ള വഴി ചെറിയൊരു വേഷം മാറൽ ആണ്. ഇന്ന് താമസിക്കും എന്നും ഒറ്റയ്ക്കാവും എന്നും നേരത്തെ അറിഞ്ഞത് കൊണ്ട് ആലോചിച്ചെടുത്ത ഒരു പ്രതിരോധ മാർഗം. ചീറ്റി പോയേക്കാം എന്നാലും ശ്രമിക്കണമല്ലോ..


സതി ഉടുത്തിരുന്ന അമ്മയുടെ പഴയ വെള്ള സാരിയുടെ പ്ലീറ്റുകൾ അഴിച്ച്  ബാഗ് മറച്ചു. പനങ്കുല പോലെ ഇല്ലെങ്കിലും ഷാമ്പൂ ഇട്ട് നന്നായി പറപ്പിച്ച മുടിയും അഴിച്ചു. പിന്നെ യക്ഷി സ്റ്റയിലിൽ അങ്ങ് നടന്നു..
കാണുന്നവർ യക്ഷിയാണെന്ന് വിചാരിച്ച് പേടിച്ചോട്ടെ എന്ന്. പലപ്പോഴായി പീഡന വാർത്തകൾ വായിച്ച്, എന്നെങ്കിലും ഒറ്റയ്ക്കായി പോയാൽ എന്തൊക്കെ ചെയ്യാം എന്ന് ആലോചിച്ച് , എന്തൊക്കെയോ എവിടുന്നൊക്കെയോ വായിച്ചതും അറിഞ്ഞതും, സീരിയലുകൾ കണ്ടും കെട്ടും പഠിച്ചതും ഒക്കെ കൂട്ടി അവളുടെ പാവം ബുദ്ധി സ്വരൂപിച്ചെടുത്തതാണീ മാർഗം.

അവർ അടുത്തെത്തി.
സതിയുടെ ഹൃദയം പെരുമ്പറ കൊട്ടി...

ഒന്നും സംഭവിച്ചില്ല, അവരെന്തോക്കെയോ ഹിന്ദിയിൽ സംസാരിച്ചു കൊണ്ട് നടന്നകന്നു...


"അമ്മയെന്താ മുടിയൊക്കെ അഴിച്ചിട്ട് ? " - വീട്ടിലെത്തിയതും മകൻ ചോദിച്ചു..
"നിന്നെ ഒന്ന് പേടിപ്പിക്കാനാ... എന്നെ കാണാൻ ഇപ്പൊ യക്ഷീനെ പോലില്ലേ ? " - സതി കണ്ണുരുട്ടി.
"അയ്യേ യക്ഷികൾക്ക് ദംഷ്ട്രയൊക്കെ ഉണ്ടാവുംന്നാ അമ്മൂമ്മ പറയാ, പിന്നെ  നല്ല തൂവെള്ള സാരി വേണം ഇതുപോലെ അമ്മമ്മേന്റെ പഴയ സാരി പോര...  ഇപ്പ കാണാൻ വേലക്കാരീനെ പോലുണ്ട്. അല്ലേ അമ്മമ്മേ..."
"അത് മതി യക്ഷിയുടെ വീട്ടിലെ വേലക്കാരി ആയാലും മതി. അവരും വീര്യം കുറഞ്ഞ യക്ഷികളാ " സതിയും വിട്ടില്ല.

യക്ഷി കഥ കേട്ട് ആദ്യം ദാസൻ സതിയെ കളിയാക്കിയെങ്കിലും, അന്ന് വരെ പുറം തിരിഞ്ഞു കിടന്ന പരിഭവങ്ങളും, പ്രണയ നൈരാശ്യവും അന്ന് ഒന്നിച്ചു.
അങ്ങനെ അവർക്ക് രണ്ടാമതൊരു കുഞ്ഞും ഉണ്ടായി.

ഒരു ദിവസം ചെറിയ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ട്  വരാന്തയിൽ നില്ക്കുകയായിരുന്നു ദാസൻ. സ്കൂൾ വിട്ട് മൂത്തമകൻ ഓടി വരുന്നു...
ആ വരവ് കണ്ടാലറിയാം, എന്തെകിലും സംശയമോ ഉത്തരം കിട്ടാത്ത കൊനിഷ്ടോ ആയിരിക്കും മനസ്സിൽ.

"അച്ഛനറിയോ ഈ കസ്തൂരിരംഗനെ? "
വന്നു കേറിയ ഉടനെ തുടങ്ങി എന്ന് ഓർത്ത് കൊണ്ട് ദാസൻ അവനെ ക്ഷീണിതനായി നോക്കി.
"കേട്ടിട്ടുണ്ട്, എന്തോ റിപോർട്ടൊക്കെ, എന്തേ ?"
"ആള് വല്യ പ്രശ്നക്കാരനാണ് പോലും അച്ഛന്റെ പണി പോകും, നമ്മുടെ വീടും സ്ഥലവും ഒക്കെ പോകും. അയാൾക്കെതിരെ നമുക്ക് പോരാടേണ്ടി വരും ഇനി ജീവിക്കണമെങ്കിൽ".

ദാസൻ ഒന്നും മനസ്സിലാകാതെ മുഖം ചുളിച്ചു.

"അയാൾക്കെതിരെ നമ്മൾ ശക്തരാകണം അച്ഛാ.. അതിനു വേണ്ടി അച്ഛനും അമ്മയും ഒരു കുട്ടീനെ കൂടെ ഉണ്ടാക്കണം".
ദാസൻ വാ പൊളിച്ചു.

"അപ്പുറത്തെ വീട്ടിലെ മിലൻ സെബാസ്റ്റ്യൻ പറഞ്ഞതാ. കസ്തൂരി രംഗനെതിരെ ശക്തരാകുവാൻ കുട്ടികൾ എല്ലാരും വീട്ടിൽ ചെന്ന് അമ്മയോടും അച്ഛനോടും പറയണം രണ്ടു കുട്ടികൾ ഉള്ളവർ പെട്ടെന്ന് തന്നെ മൂന്നാമത്തെ കുട്ടിയെ ഉണ്ടാക്കണം എന്ന്... മൂന്നുള്ളവർ നാലും.. അവരുടെ വേദപാഠം ക്ലാസ്സിൽ ഇന്നലെ പള്ളീലെ അച്ചൻ പറഞ്ഞ് കൊടുത്തതാണത്രേ. അങ്ങനെ നമ്മൾ ആൾബലം കൂട്ടിയാൽ മാത്രമേ അവരോട് എതിർത്ത് നില്ക്കാൻ പറ്റൂ."

ഇതൊക്കെ അമ്മ കേൾക്കുന്നുണ്ടോ എന്ന്  ഇടം കണ്ണിട്ടുനോക്കി ദാസൻ.
എല്ലാം കേട്ട് തരിച്ചു നില്ക്കുന്ന അമ്മയുടെ നോട്ടം താങ്ങാൻ 'ഇതിന് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്' എന്ന് പറഞ്ഞ് കുഞ്ഞിനെ എൽപ്പിച്ചിട്ട്  അയാൾ മുറ്റത്തേക്കിറങ്ങി.

ആരോടെങ്കിലും ഇതൊക്കെ ഒന്ന് ചോദിച്ചാലോ എന്ന് ആലോചിച്ചു, പിന്നെ ആശ്വസിച്ചു 'എന്തായാലും നഷ്ടമൊന്നും ഇല്ലല്ലോ? രണ്ടാമത്തേത് കഴിഞ്ഞ ഉടനെ പ്രസവം നിർത്താഞ്ഞത് നന്നായി, പെട്ടെന്ന് ഇങ്ങനെ ഒരു ആവശ്യം വരുമെന്ന് ആരെങ്കിലും കരുതിയോ ?'  അയാൾ സതിയെ വിളിക്കാൻ തിരക്കിട്ട് കടയിലേക്ക് നടന്നു.

2014, ഡിസംബർ 4, വ്യാഴാഴ്‌ച

ഛായാമുഖിജാരന്മാരും കാമുകന്മാരും ഉണർന്നിരിക്കുകയും, ഭർത്താക്കന്മാർ കൂർക്കം വലിച്ചുറങ്ങുകയും ചെയ്യുന്ന ഒരു രാവിൽ, ഹിഡുംബി മകനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ഭീമസേനനെ വിളിച്ചുണർത്തി ഒരു കൂട്ടം കാണിച്ചു കൊടുത്തു.
ഫേസ് ബൂകിലെ അവളുടെ ക്ലോസ് ഫ്രണ്ട് ലിസ്റ്റ്.
അതിൽ ഭീമസേനൻ നിറഞ്ഞു നില്ക്കുകയായിരുന്നു...
ഭീമന്റെ ഇഷ്ടങ്ങൾ, അഭിപ്രായങ്ങൾ, പുതിയ സുഹൃത്തുക്കൾ, ഓരോ സമയത്തെയും അയാളുടെ അവസ്ഥകൾ അങ്ങനെ എല്ലാം....
ഒരിക്കൽ അവൾക്കു ഫേസ് ബുക്ക്‌ തന്നെ ഭീമസേനനെ ക്ലോസ് ഫ്രണ്ട് ആക്കൂ എന്ന് സജഷൻ കൊടുത്തതാണത്രേ...
ഇവൾക്കിമ്മാതിരി സൂത്രങ്ങൾ എവിടുന്നു കിട്ടുന്നു എന്നോർത്ത്, അവളുടെ മുന്നിൽ വച്ച് തന്റെ ക്ലോസ് ഫ്രണ്ട് ലിസ്റ്റ് എടുക്കാൻ തുനിയാതെ, അവളെ അയാൾ ഉറക്കത്തിലേക്ക് ക്ഷണിച്ചു...
പിറ്റേന്ന് രാവിലെ തന്നെ ഭീമസേനൻ തന്റെ ക്ലോസ് ഫ്രണ്ട് ലിസ്റ്റ് എടുക്കുകയും ദ്രൗപദിയെ അതിൽ ആദ്യം കാണുകയും ചെയ്തു...
ലിസ്റ്റ് ആയതിനാൽ ദ്രൌപദിക്ക് പുറമേ വേറെയും ചിലർ അതിൽ ഉണ്ടായിരുന്നു... എവിടെയോ ഹിടുംബിയും....
അദ്ദേഹം ബാക്കിയുള്ളവരെ ഒഴിവാക്കി ലിസ്റ്റ് മാറ്റി, ദ്രൗപദിയെ മാത്രം അതിൽ പ്രതിഷ്ഠിച്ച്, അവളെ വിവരം അറിയിച്ചു...
അവൾ നോക്കിയപ്പോഴാകട്ടെ, വില്ലാളി വീരൻ അർജുനൻ, വില്ല് കുലച്ച് ചിരിച്ചു കൊണ്ട് നില്ക്കുന്ന ഏറ്റവും പുതിയ പടം...
പിന്നെ കൃഷ്ണനും, മറ്റു ഭർത്താക്കന്മാരും, ഇടയ്ക്കെവിടെയോ കർണനും....
അർജുനനെ ഇത് അറിയിക്കാം എന്ന് കരുതിയ അവളിൽ നിന്ന് എന്നത്തെയും പോലെ അയാൾ ഒരുപാടകലെ ആയിരുന്നു...
ഒരിക്കലും ചാറ്റ് വിൻഡോയിൽ പോലും ഓണ്‍ലൈൻ കാണിക്കാതെ ഒളിച്ചിരിക്കുന്ന സവ്യസാചിക്ക് അവളൊരു ഓഫ്‌ ലൈൻ മെസ്സേജ് ഇട്ടു...
" ഐ മിസ്സ്‌ യു ഡിയർ... :-*"

അനുബന്ധം  : മഹാഭാരതത്തിലെ ഛായാമുഖി

2014, ജൂൺ 24, ചൊവ്വാഴ്ച

അവധിക്കാലങ്ങൾ


ആ അവധിക്കാലത്ത്, ഒരു ദിവസം കണ്ണാടിയുടെ മുന്നിലിരുന്ന് തീരുമാനിച്ചു, ഈ പുരികം ഒന്ന് വെടിപ്പാക്കണം. കോളേജിലെ എല്ലാവരേയും പോലെ.

അന്ന് രാത്രി അപ്പുറത്തെ പവിത്രേട്ടൻ, സ്കൂളിലെ പ്യൂണ്‍, ജാനു ഏടത്തിയോട്‌ പറഞ്ഞു , ഈ അവധിക്കാലത്ത് തെക്കേ വളപ്പൊന്നു വെട്ടി വെടിപ്പാക്കാം.

പിറ്റേന്ന്, പുരികം വെട്ടി ഒതുക്കിയപോൾ "സുന്ദരിയായി" എന്ന് ബ്യൂടി പാർലർ ചേച്ചി സുസ്മേര വദനയായി. ഞാൻ വിശ്വസിച്ചു. ആഴ്ചയിൽ "ഇങ്ങനെ ചെയ്താൽ എന്നും സുന്ദരിയായിരിക്കാം". ചേച്ചി വീണ്ടും ചിരിച്ചു. അതും വിശ്വസിച്ചു.

അന്നുച്ചയ്ക്ക്‌ പറമ്പ് വെട്ടി ഒതുക്കി, വെളിച്ചം കയറിയ വളപ്പ് നോക്കി ജാനു ഏടത്തി ചിരിച്ചു.
"ഇടയ്ക്കിത് വേണം, പിള്ളേരു വളരുവല്ലേ... വല്ല പാമ്പോ ചേരയോ വന്നാലോ?"പവിത്രേട്ടൻ വിയര്പ്പ് തുടച്ചു.

അങ്ങനെ ഇടയ്ക്കിടെ എല്ലാം തുടർന്നു.

"ഇനി ഇത്തിരി കട്ടി കുറയ്ക്കാം, അതാ ഫാഷൻ". ഒരിക്കൽ ബ്യുടി പാർലർ ചേച്ചി പറഞ്ഞു. എന്റെ മുഖത്ത്തിനത് വേണോ എന്ന് ഞാൻ സംശയിച്ചു. ഇതിലും സുന്ദരിയാക്കാമെന്ന് ചേച്ചി കണ്ണിറുക്കിയപ്പോൾ സമ്മതം മൂളി. നാടോടുമ്പോൾ നടുവേ അല്ലെ..

"തെക്കു വശത്തെ പ്ലാവ് വെട്ടാം, ഇപ്പൊ നല്ല വേല കിട്ടും, ഇത്തിൾ കയറി തുടങ്ങിയതാ.." ഒരിക്കൽ പവിത്രേട്ടൻ പറഞ്ഞു. അതിനു താഴെയുള്ള അച്ഛന്റെ അസ്ഥിത്തറയിൽ ജാനു ഏടത്തിയുടെ മനസ്സ് തടഞ്ഞു. പരിഭവമായി, പിണക്കമായി..
പുതിയൊരു കോണ്‍ക്രീറ്റ് അസ്ഥിതറ വാഗ്ദാനത്തിൽ പവിത്രേട്ടന് ജാനു ഏടത്തിയുടെ സമ്മതം കിട്ടി.

അങ്ങനെ ആ അവധിക്കാലത്ത്, കുറെ മരങ്ങളും രോമങ്ങളും പിഴുതെറിയപ്പെട്ടു. അവധിക്കാലങ്ങൾ വന്നു പോയി...

പിന്നെ ഞാനും പവിത്രേട്ടനും സ്വന്തമായി അവധിക്കാലം ഇല്ലാത്തവരായി മാറി.

 
ഒരിക്കൽ കുഞ്ഞിന്റെ അവധിക്കാലത്ത്‌ വീണ്ടും ആ ബ്യുടി പാർലറിൽ വീണ്ടും എത്തി.. വെളുത്ത മുടികൾ വാര്ധക്യ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിരുന്നു.
അവിടുത്തെ ചേച്ചി, ആന്റിയായി മാറിയിരുന്നു.
അന്ന് എന്റെ പുരികം നോക്കി അവർ പറഞ്ഞു, "ഇനി കട്ടി കുറയ്ക്കണ്ട, വയസ്സാകുമ്പോൾ ഒറ്റ രോമം കാണില്ല പുരികത്തിൽ... വൃത്തികേടാവും. ഇനിയും ജീവിക്കണ്ടേ കുറേ.." ഒരു അനുഭവസ്തയുടെ ഉപദേശം .

മകന്റെ അവധിക്കാലത്ത്‌ പവിത്രേട്ടനും കിട്ടി കുറച്ചു ഉപദേശം... പ്രകൃതി സ്നേഹം, ആഗോള താപനം...

ആ വർഷം പതിവില്ലാതെ വറ്റിയ കിണർ പവിത്രേട്ടന്റെ തൊണ്ടയിലെ വെള്ളവും
വറ്റിച്ചു.

"നമുക്ക് നാളെ തന്നെ തെക്കേ പറമ്പിൽ കുറച്ചു മരത്തൈ നടണം വെട്ടിയതിനു പകരമാവില്ല എങ്കിലും..."

"ശരിയാണ്... " പവിത്രട്ടനും തോന്നി. ഒരുപാടില്ലെങ്കിലും ഇനിയും കുറച്ചു ജീവിക്കേണ്ടേ?

 
അങ്ങനെ ആ അവധിക്കാലത്ത്‌ കുറച്ചു രോമങ്ങളും മരങ്ങളും വീണ്ടും തളിർത്തു തുടങ്ങി...