സായിപ്പുമായുള്ള സംഭാഷണത്തിനിടെ "I think it has some security vulnerabilities" - എന്ന് പറയാൻ ശ്രമിച്ചതാ, വൾണറബിലിറ്റി (vulnerability) യിൽ നാക്കുളുക്കി ....
'ഞാൻ അത്ര മോശക്കാരിയല്ല' എന്ന് ജാഡ കാണിച്ച് അബദ്ധം പറ്റിയതോർത്ത് ഒരു ചമ്മിയ ചിരി വന്നെങ്കിലും, ആ ചിരി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല ....
ഒരു ചെറിയ ശ്വാസം മുട്ടൽ പോലെ ...
'ഹെഡ് ഫോണ്‍ മൈക്' അടച്ചു വച്ച് ശ്വസിക്കാൻ ശ്രമിച്ചു...
രണ്ടു ശ്രമങ്ങൾക്ക് ശേഷം മനസ്സിലായി അതൊരു ശാസം മുട്ടൽ അല്ല.
നെഞ്ച് വേദന... ശ്വാസം എടുക്കുമ്പോൾ, നെഞ്ച് പൊട്ടി പോകും എന്ന് തോന്നുന്ന വിധത്തിൽ ഒരു വേദന ... ഫലത്തിൽ അത് ശ്വാസം മുട്ടൽ ആയി ...
'നോട്ട് ഫീലിംഗ് വെൽ' പറഞ്ഞ് ആ സംഭാഷണത്തിൽ നിന്നൊഴിവായി... കൂട്ടുകാരുടെ ശ്രദ്ധയിങ്ങോട്ടും...
മേശമേൽ തല വച്ച് കിടന്നു...വയ്യ...
നേരെ ഇരുന്നു....ചരിഞ്ഞിരുന്നു....
രക്ഷയില്ല ...
കൈകൾ പുറകിലേക്ക് കുത്തി, തല പുറകിലേക്ക് താഴ്ത്തി നെഞ്ച് മുന്നോട്ടു തള്ളിയിരുന്നപ്പോൾ ഒരിറക്ക് ശ്വാസം കിട്ടി...
അല്പം ആശ്വാസം...
കണ്ണ് തുറന്നപ്പോൾ ചുറ്റും 'ഇവളെന്താ ഇങ്ങനെ' - എന്ന ചോദ്യവുമായി തുറിച്ചു നോക്കുന്ന കുറെ കണ്ണുകൾ...
"ഇതെന്തിരിപ്പാ? നീ ഒന്ന് നേരെ ഇരുന്നെ... എന്നിട്ട് പറ എന്ത് പറ്റീന്ന് " - കൂട്ടുകാർ ചുറ്റും കൂടി...
പെട്ടെന്നൊരു നെഞ്ച് വേദന വന്നു എന്നും, ഇപ്പൊ കുറഞ്ഞു എന്നും, ശ്വാസം എടുക്കാൻ പോലും പറ്റില്ലായിരുന്നു എന്ന കാഠിന്യവും ചുരുക്കി അവതരിപ്പിച്ച് തണുത്തു വിറയ്ക്കുന്ന ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി...
പെണ്‍കുട്ടികൾ എപ്പോഴും 'നേരെ' മാത്രമേ ഇരിക്കാവൂ എന്ന് വിശ്വസിക്കുന്നവർ "നെഞ്ച് വേദനയ്ക്കിങ്ങനെയോ, ഇതിലും എത്ര വലിയ വേദന സഹിച്ചവരാണ് നമ്മൾ" എന്ന പുച്ഛം മുഖത്ത് മറയ്ക്കാൻ ശ്രമിച്ചു.
ഇത്തിരി കുറവുണ്ടെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്... നെഞ്ചിന്റെ ഇടതു ഭാഗം തൊട്ടു കൈ വരെ വേദന...
ഇടതു ഭാഗത്തുള്ള ഹൃദയം പണി മുടക്കുമോ? അതോ വെറും ഗ്യാസ് ആയിരിക്കുമോ? പേടി തോന്നി...
എന്നാലും എന്നും 'പോസിറ്റീവ്'' ആയി മാത്രം ചിന്തിപ്പിച്ച് മെരുക്കിയെടുത്ത ആത്മവിശ്വാസി 'പുദ്ദിൻഹാര' കഴിക്കാം എന്ന് തീരുമാനിച്ചു...
ഇടത്തെ തോളിലേക്ക് എത്തുന്ന വേദന ....
ഹൃദയാഘാതം കവർന്ന അച്ഛനുണ്ടായിരുന്നെങ്കിൽ ലക്ഷണങ്ങൾ ചോദിക്കാമായിരുന്നു എന്ന് വെറുതേ ഓർത്തു ...
ഗുളികയ്ക്ക് മുന്നേ ഒരു കട്ടൻ കാപ്പി ആകാം എന്ന തീരുമാനത്തിൽ കാന്റീനിൽ...
വിഷമിച്ച് ശ്വാസം എടുക്കവേ, തളർന്ന് മേശമേൽ തല ചായ്ച്ചു ...
ഹൃദയമിടിപ്പ് കേൾക്കാം... വേഗത്തിൽ, ഉച്ചത്തിൽ...
എന്തോ പറയുന്നപോലെ....
ഒരു വിചിത്രമായ തോന്നൽ, ഹൃദയം സംസാരിക്കാൻ തുടങ്ങുന്നപോലെ....
ആയിരിക്കും... വേദനിക്കുകയാണെന്ന് പറഞ്ഞറിയിക്കുന്നതാണെങ്കിലോ..
വേദനിക്കാൻ മാത്രം ഒരു ജോലിയും ഇന്ന് ഹൃദയത്തിനു കൊടുത്തില്ല...
സന്തോഷിച്ചാൽ അകത്തിരുന്ന് തുള്ളിച്ചാടാനും, വിഷമിക്കുമ്പോൾ ഉള്ളിൽ വിങ്ങിപ്പൊട്ടാനും പ്രണയ സല്ലാപങ്ങളിലും, അതിനപ്പുറമുള്ള സ്വപ്നങ്ങളിലും അറിയുന്നൊരു പാട്ട് പശ്ചാത്തലത്തിൽ പാടാനും, പിന്നെ ഭയപ്പാടിൽ പെരുമ്പറ കൊട്ടാനും ആണ് ഈ ഹൃദയം...
ബാക്കി നേരങ്ങളിൽ അങ്ങനെ ഒരാളുണ്ടെന്ന് തോന്നുക പോലും ഇല്ല....
ഇന്നിതൊന്നും ഉണ്ടായില്ല....എന്നത്തേയും പോലെ തികച്ചും യാന്ത്രികമായി തുടങ്ങിയ ദിവസം.....
പ്രത്യേകിച്ചൊന്നും ആലോചിച്ചില്ല, വിഷമിച്ചില്ല, സന്തോഷിച്ചുമില്ല...
കല്യാണം കഴിഞ്ഞത് കൊണ്ട് പ്രഭാത പ്രണയവികാരങ്ങളും മാറ്റി വച്ചു... അപ്പോൾ അദ്ധ്വാനങ്ങൾ ഒന്നും ഇല്ലാതെ വെറുതെ വേദനിക്കുന്നതെന്തിനാ?
"നന്നായി വേദനിക്കുന്നു... ഒരു ആഘാതത്തിന് ഏതായാലും സമയമായില്ല...
ചെറിയ വേദനകളിൽ തുടങ്ങിയതാണ് ... പക്ഷെ ഇന്നിത് സഹിക്ക വയ്യ" - ഹൃദയഭാഷ്യം.
തോന്നൽ ശരിയായി, വാക്കുകൾ ഇപ്പോൾ നന്നായി കേൾക്കാം…
ദൈവമേ... എന്താണ് സംഭവിക്കുന്നത് ?
ഇങ്ങനെ ആണോ ഭ്രാന്ത് പിടിക്കുന്നത്. ഒറ്റയ്ക്കിരുന്ന് ഒരുപാട് സംസാരിച്ചിട്ടുണ്ട് പണ്ട്.. പക്ഷേ ഇത് പോലെ ആദ്യമായാണ്...
വിശ്വസിക്കാൻ പ്രയാസം. അതിലേറെ വേറെ ആരെങ്കിലും കേൾക്കുന്നുണ്ടോ ഇതൊക്കെ എന്ന ഭയവും...പേടി കയ്യിൽ വിറയായെത്തി..
ആരെങ്കിലും കേൾക്കുന്നുണ്ടോ എന്നറിയാൻ ചുറ്റും നോക്കി... അടുത്തെങ്ങും ആരുമില്ല...
എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം ഇരുന്നു...
പതുക്കെ ഹൃദയ വിളിക്കായി കാതോർത്തു....
എന്തായിരുന്നു പറഞ്ഞത് ?
ഇത് പോലെ വേദന എനിക്കിതിന് മുൻപ് ഉണ്ടായിരുന്നെന്നോ? പക്ഷേ ഞാൻ ഓർക്കുന്നില്ലല്ലോ... സ്വന്തം ഹൃദയം കള്ളം പറയുമോ?
അസമയങ്ങളിൽ, ചില വേണ്ടാവിചാരങ്ങൾ ആവോളം ഉണ്ടാക്കുന്നതാണ് ഈ അന്തസ്സാരം.. ഇതും ഒരു പക്ഷെ അങ്ങനെ വല്ലതും ആയിരിക്കുമോ?
"നിനക്കോർമ്മ കാണില്ല... അല്ലെങ്കിൽ ശ്രദ്ധിച്ചു കാണില്ല... ഞാൻ എന്നും നിശബ്ദയായിരുന്നല്ലോ ..."
ചിന്തിച്ച് തീരും മുന്നേ സംസാരം തുടർന്നു...
തത്കാലം ഫോണ്‍ എടുത്ത് പിടിക്കാം... ആരെങ്കിലും വന്നാലും ഫോണ്‍ ചെയ്യുന്നതാകും എന്നേ വിചാരിക്കൂ....
അപ്പൊ നേരത്തേ വന്ന വേദനകളൊക്കെ ശ്രദ്ധിക്കാഞ്ഞതാകാനേ വഴിയുള്ളൂ...
അല്ലെങ്കിലും ഓർമ്മയില്ല, മറന്നു പോയി എന്ന ഒഴിവു പറച്ചിലുകൾ ജോലി കിട്ടിയതിനു ശേഷം ജീവിതത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവയാണ്...
ഒരു ദീർഘ നിശ്വാസത്തിന് വിഫല ശ്രമം നടത്തി, ഓഫീസിലെ 'വൃത്തിയാക്കൽ ചേച്ചിമാരെ' നോക്കിയിരുന്നു... ചില്ല് വാതിലുകളിലെ വിരലടയാളങ്ങൾ തേടുന്നവർ... ഒന്ന് തേയ്ച്, മായിച്ച് കളയുമ്പോഴേയ്ക്കും അടുത്തയാൾ വാതിൽ തുറക്കും അല്ലെങ്കിൽ അടയ്ക്കും, ആ പാടും തുടയ്ക്കും, വീണ്ടും അടുത്തത്... അങ്ങനെ തുടച്ചു തീർക്കുന്നു അവർ ദിവസങ്ങൾ...
തണുക്കാൻ തുടങ്ങിയ കാപ്പി കുറച്ചു കുടിച്ചു... ശ്വാസം എടുക്കാൻ പറ്റുന്നുണ്ട്... എങ്കിലും ഉച്ഛ്വാസം പൂർണ്ണമാക്കാൻ കഴിയുന്നില്ല....
ഇതിനു മുന്നേ ഇങ്ങനെ വന്ന ദിവസങ്ങളെ ഓർത്തെടുക്കാൻ നോക്കി... കഴിയുന്നില്ല... എവിടെയും രേഖപ്പെടുത്തി വച്ചിട്ടില്ല.. എങ്കിലല്ലേ ആവശ്യം വരുമ്പോൾ വലിച്ചെടുക്കാൻ പറ്റൂ..
ചെറിയ വേദനകൾ അല്ലേ? അതൊക്കെ ശ്രദ്ധിക്കാൻ എവിടെയാ നേരം ?
"എന്നായിരുന്നു അവസാനമായി പൊട്ടിക്കരഞ്ഞത് ?" അടുത്ത ചോദ്യം....
ഈ ഒരവസ്ഥയിൽ പെട്ടെന്ന് കേട്ടപ്പോഴേ ആ ചോദ്യം ഞെട്ടിച്ചു...
ഉള്ളിൽ ഒരു വലിയ കടൽ ഇരമ്പിയത് പോലെ...
ഒഴുകാനാവാത്ത കണ്ണുനീരുകൾ ഉള്ളിൽ തീർത്ത കടൽ...
സ്നേഹത്തിന്റെ, കരുതലിന്റെ, പേടിയുടെ, വാശിയുടെ, അഭിമാനത്തിന്റെ ഒക്കെ അതിർ വരമ്പുകളിൽ തട്ടി തടഞ്ഞു നിന്നവ...
അങ്ങനെ ഓരോന്നാലോചിച്ചപ്പോൾ ശരിക്കും കരയാൻ തോന്നി...
എന്നാലും ഓഫീസിലിരുന്ന് കരയാനോ ? ഉള്ളിലെ 'ആത്മഭിമാനി' തടഞ്ഞു...
ഇവിടെ ആര് കരഞ്ഞാലും ട്രെയിനെർ-ടെ വഴക്കോ, ക്ലൈന്റ് കംപ്ലൈന്റോ, ക്വാളിറ്റി വെരിഫികേഷൻ കഴിഞ്ഞുള്ള ചൊറിച്ചിലോ ആയിരിക്കും കാരണം എന്ന് എല്ലാവരും ഊഹിക്കും....ഇവിടിരുന്ന് ആരും വേറൊന്നും
ആലോചിക്കാറില്ല എന്നാണ് വെപ്പ്...
ഇതിനൊക്കെ വേണ്ടി കരയുന്നു എന്ന് മറ്റുള്ളവർ വിചാരിക്കുന്നത് പോലും ഇഷ്ടമല്ല... അഭിമാന പ്രശ്നം..
എത്ര നാൾ ആയിക്കാണും ഒന്ന് പോട്ടിക്കരഞ്ഞിട്ട് ?കരയാനും നല്ല സമയം നോക്കേണ്ടി വരുന്നു... ഇടയ്ക്ക് കരഞ്ഞ് ആ പഴകിയ വികാര വിചാരങ്ങളെ ശർദ്ദിച്ചു കളയാമായിരുന്നു....
ചിരിക്കാനും, പ്രണയിക്കാനും, കേട്ടിപ്പിടിക്കാനും, ഉമ്മ വയ്ക്കാനും, അച്ഛനെയും, അമ്മയെയും ഓർക്കാനും വരെ ഓരോ ദിവസങ്ങൾ ആഘോഷിക്കുന്ന നമ്മൾക്ക് വേണമെങ്കിൽ വർഷത്തിൽ ഒരു ദിവസം കരയാനും മാറ്റി വയ്ക്കാം....
"ലോക രോദനദിനം"!
ഇപ്പോൾ തത്കാലം ഉള്ള ജോലി തീർത്തിട്ട് ഉച്ചയ്ക്ക് ശേഷം ലീവ് എടുക്കാം... കുറച്ചു നേരം വെറുതേ ഒറ്റയ്ക്കിരിക്കണം,
ഒന്ന് കരയാൻ പറ്റുമോ എന്നും നോക്കണം... റൂമിൽ ആരും കാണില്ലല്ലോ... വേണമെങ്കിൽ പോട്ടിക്കരയാവുന്നതും ആണ്...
തിരിച്ചെത്തി ജോലി തുടങ്ങുന്നതിന് മുൻപേ എന്തോ മറന്നല്ലോ എന്ന തോന്നൽ...
ഒരു പ്രശ്നം വന്നാൽ എടുക്കേണ്ട നടപടികൾ!
പ്രശ്നം : ഹൃദയ വേദന
മൂലകാരണം : കരച്ചിലിന്റെ അഭാവം
പരിഹാരം : പൊട്ടിക്കരച്ചിൽ
നിവാരണ മാർഗം : വർഷത്തിൽ ഒരിക്കൽ ഒരു രോദനദിനം കൊണ്ടാടുക.
കൊള്ളാം ഇപ്പൊ ഒരു പ്രഫഷണൽ ടച്ച് ഉണ്ട്...
മണ്ടത്തരങ്ങൾ എഴുതി വച്ചപ്പോൾ ചിരി വന്നു... വേദനയും കുറഞ്ഞ പോലെ!
ജോലി തുടരാൻ ഫോണ്‍ എടുത്തു, പാട്ട് കേട്ട് കൊണ്ടാണല്ലോ ഈയിടെയായി എല്ലാം ചെയ്യുന്നത് ....
പിന്നെ ഒരു വീണ്ടു വിചാരത്തിൽ അത് വേണ്ടാന്ന് വച്ചു... ഹൃദയത്തിന് ഇനിയും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിലോ ?
അത് കേട്ട് കൊണ്ട് തുടരാം ഇനി മുതൽ ജോലി ! എന്നും എപ്പോഴും കാതോർക്കാം ഉൾവിളിയ്ക്കായ് !