2014, ജൂൺ 24, ചൊവ്വാഴ്ച

അവധിക്കാലങ്ങൾ


ആ അവധിക്കാലത്ത്, ഒരു ദിവസം കണ്ണാടിയുടെ മുന്നിലിരുന്ന് തീരുമാനിച്ചു, ഈ പുരികം ഒന്ന് വെടിപ്പാക്കണം. കോളേജിലെ എല്ലാവരേയും പോലെ.

അന്ന് രാത്രി അപ്പുറത്തെ പവിത്രേട്ടൻ, സ്കൂളിലെ പ്യൂണ്‍, ജാനു ഏടത്തിയോട്‌ പറഞ്ഞു , ഈ അവധിക്കാലത്ത് തെക്കേ വളപ്പൊന്നു വെട്ടി വെടിപ്പാക്കാം.

പിറ്റേന്ന്, പുരികം വെട്ടി ഒതുക്കിയപോൾ "സുന്ദരിയായി" എന്ന് ബ്യൂടി പാർലർ ചേച്ചി സുസ്മേര വദനയായി. ഞാൻ വിശ്വസിച്ചു. ആഴ്ചയിൽ "ഇങ്ങനെ ചെയ്താൽ എന്നും സുന്ദരിയായിരിക്കാം". ചേച്ചി വീണ്ടും ചിരിച്ചു. അതും വിശ്വസിച്ചു.

അന്നുച്ചയ്ക്ക്‌ പറമ്പ് വെട്ടി ഒതുക്കി, വെളിച്ചം കയറിയ വളപ്പ് നോക്കി ജാനു ഏടത്തി ചിരിച്ചു.
"ഇടയ്ക്കിത് വേണം, പിള്ളേരു വളരുവല്ലേ... വല്ല പാമ്പോ ചേരയോ വന്നാലോ?"പവിത്രേട്ടൻ വിയര്പ്പ് തുടച്ചു.

അങ്ങനെ ഇടയ്ക്കിടെ എല്ലാം തുടർന്നു.

"ഇനി ഇത്തിരി കട്ടി കുറയ്ക്കാം, അതാ ഫാഷൻ". ഒരിക്കൽ ബ്യുടി പാർലർ ചേച്ചി പറഞ്ഞു. എന്റെ മുഖത്ത്തിനത് വേണോ എന്ന് ഞാൻ സംശയിച്ചു. ഇതിലും സുന്ദരിയാക്കാമെന്ന് ചേച്ചി കണ്ണിറുക്കിയപ്പോൾ സമ്മതം മൂളി. നാടോടുമ്പോൾ നടുവേ അല്ലെ..

"തെക്കു വശത്തെ പ്ലാവ് വെട്ടാം, ഇപ്പൊ നല്ല വേല കിട്ടും, ഇത്തിൾ കയറി തുടങ്ങിയതാ.." ഒരിക്കൽ പവിത്രേട്ടൻ പറഞ്ഞു. അതിനു താഴെയുള്ള അച്ഛന്റെ അസ്ഥിത്തറയിൽ ജാനു ഏടത്തിയുടെ മനസ്സ് തടഞ്ഞു. പരിഭവമായി, പിണക്കമായി..
പുതിയൊരു കോണ്‍ക്രീറ്റ് അസ്ഥിതറ വാഗ്ദാനത്തിൽ പവിത്രേട്ടന് ജാനു ഏടത്തിയുടെ സമ്മതം കിട്ടി.

അങ്ങനെ ആ അവധിക്കാലത്ത്, കുറെ മരങ്ങളും രോമങ്ങളും പിഴുതെറിയപ്പെട്ടു. അവധിക്കാലങ്ങൾ വന്നു പോയി...

പിന്നെ ഞാനും പവിത്രേട്ടനും സ്വന്തമായി അവധിക്കാലം ഇല്ലാത്തവരായി മാറി.

 
ഒരിക്കൽ കുഞ്ഞിന്റെ അവധിക്കാലത്ത്‌ വീണ്ടും ആ ബ്യുടി പാർലറിൽ വീണ്ടും എത്തി.. വെളുത്ത മുടികൾ വാര്ധക്യ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിരുന്നു.
അവിടുത്തെ ചേച്ചി, ആന്റിയായി മാറിയിരുന്നു.
അന്ന് എന്റെ പുരികം നോക്കി അവർ പറഞ്ഞു, "ഇനി കട്ടി കുറയ്ക്കണ്ട, വയസ്സാകുമ്പോൾ ഒറ്റ രോമം കാണില്ല പുരികത്തിൽ... വൃത്തികേടാവും. ഇനിയും ജീവിക്കണ്ടേ കുറേ.." ഒരു അനുഭവസ്തയുടെ ഉപദേശം .

മകന്റെ അവധിക്കാലത്ത്‌ പവിത്രേട്ടനും കിട്ടി കുറച്ചു ഉപദേശം... പ്രകൃതി സ്നേഹം, ആഗോള താപനം...

ആ വർഷം പതിവില്ലാതെ വറ്റിയ കിണർ പവിത്രേട്ടന്റെ തൊണ്ടയിലെ വെള്ളവും
വറ്റിച്ചു.

"നമുക്ക് നാളെ തന്നെ തെക്കേ പറമ്പിൽ കുറച്ചു മരത്തൈ നടണം വെട്ടിയതിനു പകരമാവില്ല എങ്കിലും..."

"ശരിയാണ്... " പവിത്രട്ടനും തോന്നി. ഒരുപാടില്ലെങ്കിലും ഇനിയും കുറച്ചു ജീവിക്കേണ്ടേ?

 
അങ്ങനെ ആ അവധിക്കാലത്ത്‌ കുറച്ചു രോമങ്ങളും മരങ്ങളും വീണ്ടും തളിർത്തു തുടങ്ങി...