2011, ഫെബ്രുവരി 5, ശനിയാഴ്‌ച

ദാഹം...

"രാഘവേട്ടാ ...  നേരം കൊറേ ആയി ഞാന്‍ ഈട വന്നിറ്റ്....  അടുപ്പത്തെ അരി തിളക്കുംമ്പോളേക്കും എത്തണം എന്നാ പറഞ്ഞിനു ഒന്ന് വേഗം നോക്കപ്പാ....."

"എന്റെ പോന്നു അപ്പൂസേ  .... ഇനിക്ക് കാണാന്‍ പറ്റുന്നില്ലേ മോനെ ഈട്ത്തെ തെരക്ക് ??? ഈ ഞാന്‍ ഒറ്റക്കല്ലേ  എല്ലും ചെയ്യണ്ടേ ? ഒന്ന് സമാധാനപ്പെടെന്റെ മൊനേ... എല്ല, ഇനിക്കിതെല്ലും രാവിലെ വാങ്ങിറ്റും പോയിക്കൂടേനു? ഇങ്ങന വെയിലത്തോടണാ? "

"കൊറച്ച് ബിരുന്ന്കാരു വന്നിനു..  ഓര്‍ക്കു കൊടുക്കാന്‍ ഒരു പേക്കറ്റ് പപ്പടം വാങ്ങണം എന്നും പറഞ്ഞ് അയച്ചതാ എന്ന..."
"നീയൊരുത്തന്‍ ഉള്ളതു കൊണ്ടു ആട സുഖന്നേ.... ഒന്നും അറിയണ്ട.... എന്തിനും ഏതിനും ഓടാന്‍ നീ റെഡി അല്ലെ ?"

"ഹും ... ഓര്‍(അവര്‍) ഇള്ളതു കൊണ്ട് എനിക്കും. ഇപ്പൊ എത്ര ഓടിയാലും നേരത്ത് ചൊറ് കിട്ടും. അതു തന്നെ വലിയ സമാധാനം. ഇങ്ങള്‌ ഈന്റെ പൈശ പറ്റിലെയ്തിക്കോ.... ഞാന്‍ പൊയേ.....".  പപ്പടപ്പൊതിയുമായി അപ്പു ഓടി.


കുറേ ഓടി. ഹോ ക്ഷീണിച്ചു. വേഗം ഒന്ന് എത്തിയിരുന്നെങ്കില്‍... ഓട്ടം നിര്‍ത്തുമ്പോള്‍ ആണു വെയിലിന്റെ ചൂടറിയുന്നത്.
ഓടിയില്ലെങ്കില്‍ ഈ വെയിലത്ത്‌ കരിഞ്ഞു പോവും. അമ്മാതിരി വെയിലല്ലേ?
ഭയങ്കര ദാഹം. ലേശം വെള്ളം കുടിക്കണേനു ...
രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല. ആമ്മിണിയുടെ കയ്യിന്നു നല്ലതു കിട്ടി. അതിന്റെ ദേഷ്യത്തിനു രവിലെ ഒന്നും കഴിക്കാതെ പൊയി കിടന്നു.
നേരത്തേ വെള്ളം കുടിക്കാന്‍ കെണറ്റിന്റെ അടുത്തേക്ക് പോയപ്പോഴാണ് പപ്പടം വാങ്ങാന്‍ പറയുന്നത്...
രാഘവേട്ടന്റെ പീടിയേന്നു(കടയില്‍ നിന്ന്) ലേശം പച്ചവെള്ളം കുടിച്ചാ മതിയേരുന്നു. അതും മറന്നു...
എങ്ങനെ എങ്കിലും വീട്ടില്‍ എത്തിയാല്‍ മതി.... ഓടിയിട്ടും ഓടിയിട്ടും എത്തുന്നില്ല...

                       
    *                                     *                                      *                                        *


ദാഹം തന്നെ .... രാവിലെ കൊണ്ട് വന്നു കെട്ടിയതാ ഇവിടെ. ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല ഇന്നേ ദിവസം. ആ ചെക്കന്‍ ഇന്ന് മറന്നതാണോ എന്തോ ? രാവിലെ അവനുമായി കുറുമ്പ് കാട്ടി ഒരെണ്ണം കൊടുത്തു. അവന്‍ ചെന്നു വീണ്‌ എന്നും ഉണ്ടായിരുന്ന ഒരു തൊട്ടി കാടി വെള്ളവും തട്ടി മറിച്ചു. അതിന്റെ ദെഷ്യം ആണെന്നു തൊന്നുന്നു പിന്നെ അവന്‍ എന്റെ അടുത്തേക്കു വന്നതേ ഇല്ല. ഒരു ബക്കറ് പച്ചവെള്ളം തരുന്നതായിരുന്നു. അതും കിട്ടിയില്ല. രാഘവേട്ടന്റെ പീടിയെലേക്ക് ഓടുന്നതു കണ്ടു...

അപ്പുനോട്‌ ദേഷ്യം ഇല്ലായിരുന്നു. കറവക്കാരനോടുള്ള ദേഷ്യം ആണ് അവനോടു തീര്‍ത്തത്.എന്റെ കുഞ്ഞിനു കാടി വെള്ളം കൊടുത്തിട്ട് ഞാന്‍ എങ്ങനെ വീട്ടുകാര്‍ക്ക് പാല്‍ കൊടുക്കും...ഹും വിധി അല്ലാതെന്താ?

പച്ചപുല്ലു തിന്നാന്‍ രുചി ആണ്. നല്ല പുല്ലു നോക്കി പോയതാ... പൊരി വെയില്‍ ശരീരത്തിലെ  വെള്ളം മുഴുവന്‍ കുടിച്ചു വറ്റിച്ചിരിക്കുന്നു....  ക്ഷീണം നന്നേ തോന്നിയപ്പോള്‍ തിരിച്ചു മരച്ചുവട്ടില്‍ വന്നു...
മുകളില്‍ പൊരി വെയിലാനെങ്കിലും  ഈ മരത്തിനടിയില്‍ നല്ല തണുപ്പുണ്ട് ....
അയവിറക്കി മടുത്തു ... കുറച്ചു ദൂരം മരം ചുറ്റി നടന്നു ....
ദാഹിച്ചിട്ടു തൊണ്ട വരളുന്നു....  രണ്ടു മൂന്നു തവണ ഉറക്കെ കരഞ്ഞു ... ആര് കേള്‍ക്കാന്‍ ? ഇനി വൈകുന്നേരം ആവാതെ ഒരു തുള്ളി വെള്ളം കിട്ടുംന്ന്  തോന്നുന്നില്ല ...

ഇട വഴിക്കപ്പുറം ഒരു ചെറിയ തോടുണ്ട് . അവിടെ പോയി വെള്ളം കുടിച്ചാലോ .... പച്ച പുല്ലിനു എതിര്‍വശത്തേക്ക് നടന്നാല്‍ മതി.
കയറിന്റെ നീളം വരെ ഉള്ള സ്വാതന്ത്ര്യം .... ആ പരിധിയില്‍ വെള്ളം കാണുമോ ?

എത്തി നോക്കിയാല്‍ വീതികുറഞ്ഞ തോട് കാണാം... മരങ്ങള്‍ക്കിടയിലൂടെ വരുന്ന പ്രകാശത്തില്‍ ചിരിക്കുന്ന തോട്.
ഈ ഇട വഴിയും കൂടെ കടന്നാല്‍ തോട്. ദൈവമേ അവിടെ എത്തുന്നതിനു മുന്‍പ് കഴുത്തിലെ കെട്ട് മുറുകരുതേ ....
ഇട വഴിയിലേക്കു ആ കിള(കിടങ്ങ്) ഇറങ്ങിയാല്‍ എത്തും. പിന്നെ ഒരു രണ്ട് അടി. ലക്ഷ്യം വളരെ അടുത്താണ്‍. ഇടവഴിയിലേക്കു ചാടി ഇറങ്ങി.


കഴുത്തിലെ കയര്‍ ചെറുതായി മുറുകിയൊ? തൊന്നിയതാകുമൊ ?
ഇത് തന്നെ ഓര്‍ത്തു നടക്കുന്നത് കൊണ്ട് തൊന്നിയതാകം.

പുറകിലത്തെ കാലുകളും കൂടെ വഴിയില്‍ ഇറക്കിയപ്പോള്‍ കഴുത്ത് നന്നായി വേദനിച്ചു... കെട്ട് മുറുകി...

കഷ്ടിച്ച് ഒരടി എങ്കിലും മുന്നോട്ട് പോകാന്‍ പറ്റിയെങ്കില്‍ കഴുത്ത് നീട്ടി എത്താമായിരുന്നു... പക്ഷെ...
മുന്നോട്ടാഞ്ഞപ്പോള്‍  പ്രാണന്‍ പോകുന്ന വേദന. കഴുത്ത് മുറിഞ്ഞോ എന്നൊരു സംശയം.

ഹോ ... ആ പിശാചിന് ഒരു മുഴം കൂടെ നീട്ടി കെട്ടിയിരുന്നെങ്കില്‍.... വരണ്ട തൊണ്ടയില്‍ കയര്‍ മുറുകി വലിഞ്ഞു.
പച്ചപ്പുല്ലു തിന്നാന്‍ ഇതിലും ദൂരം നടന്നതാണല്ലോ? ഇതെന്തു പറ്റി?

വഴിയില്‍ ഒത്ത നടുക്കാണിപ്പോള്‍.തിരിച്ചു കേറിയാലോ ?

ആ കെള (കിടങ്ങ് ) കേറാന്‍ അത്ര എളുപ്പം അല്ല. തിരിച്ചു കയറുന്നതിനെ കുറിച്ചു ഇപ്പൊഴാണ്‍ ചിന്തിച്ചത്. ഈശ്വര... എന്തു ചെയ്യും ? രണ്ടു തവണ ശ്രമിച്ചു. കുറെ മണ്ണിടിഞ്ഞതല്ലാതെ ഒന്നും സംഭവിച്ചില്ല.

ചാടി നോക്കി ... കിടങ്ങിന്റെ അരികില്‍ കൊണ്ട് കുറച്ചു തൊലിയും പോയി... ഒരു രക്ഷയും ഇല്ല .....
ആ മരത്തിന്റെ തണലില്‍ പോയി കിടന്നു അയവിറക്കാമായിരുന്നു. ചെറുതായൊന്നു മയങ്ങാന്‍ പറ്റിയാല്‍ ദാഹം മറന്നേനെ. അത് മതിയായിരുന്നു...വെറുതെ ഇറങ്ങി... ഇനി എന്തു ചെയ്യും ?



    *                                     *                                      *                                        *


അപ്പു ഇടവഴിയിലേക്ക് കയറി...
നല്ല തണല്‍, നല്ല തണുപ്പ് . പക്ഷേ ഇതൊക്കെ ആസ്വദിക്കുന്നതിനു മുന്‍പ് കണ്ടത് രണ്ടു കൊമ്പാണ്. അയ്യോ അമ്മിണി മുന്നില്‍. രാവിലത്തെ ദേഷ്യം കാണുമോ അവള്‍ക്ക് ?
എങ്ങനെ കാണാതിരിക്കും ? അവളുടെ കാലില്‍ ആവശ്യത്തിലധികം മുറുക്കെ പിടിച്ചു വച്ചത് മാത്രമല്ല, ആകെ ഉണ്ടായിരുന്ന കുറച്ചു കാടിയും തട്ടി മറിച്ചു. ദൈവമേ അവള്‍ക്കിത്തിരി പച്ചവെള്ളം എങ്കിലും കോരി കൊടുക്കണം എന്നോര്‍ത്തതാ. മറന്നു. ഹും ... ഞാന്‍ പോലും ഇവിടെ വെള്ളം കുടിച്ചിട്ടില്ല അപ്പോഴാ അവള്‍ക്ക് .

വെള്ളത്തിനെ കുറിച്ചൊര്‍ത്തപ്പോള്‍ തൊണ്ട വീണ്ടും വരളുന്നു. ഈ അമ്മിണി എന്തിനാ വഴിയുടെ നടുക്ക് കേറി നില്‍ക്കുന്നത് ?
ഇവളിങ്ങനെ നിന്നാല്‍ ഞാന്‍ എങ്ങനെ പോവും ? രാവിലത്തെ ദേഷ്യം വച്ച് അവള് കുത്തുമോ ? ഹേയ് ഇല്ലാരിക്കും. ഏതായാലും ഒരു അറ്റത്ത്‌ കൂടെ പോവുക തന്നെ.

    *                                     *                                      *                                        *

അപ്പു അല്ലെ ഇത് ? ഇവനെന്താ ഇങ്ങനെ പന്തം കണ്ട പെരുച്ചാഴിയെ പോലെ ? ആകെ ക്ഷീണിച്ച്....
ഇനി രാവിലത്തെ ദേഷ്യം കാണുമോ ഇവനു? പണ്ടത്തെ കറവക്കാരന്‍ പറഞ്ഞു കേട്ടിട്ടുണ്ട് എന്റെ ചവിട്ടിനു ഭയങ്കര വേദന ആണെന്ന് . ഇനി അതിനു പകരം വീട്ടാന്‍ എന്നെ അന്വേഷിച്ചു വന്നതാകുമോ ഇവന്‍ ? രാവിലെ വെള്ളം തരാത്തതില്‍ തീര്‍ന്നു എന്നാണ് കരുതിയത് . അടുത്തോട്ടു വരുന്നുണ്ട്. പക തന്നെ ആണെന്ന് തോന്നുന്നു ആ കണ്ണുകളില്‍. ഒരിഞ്ചു നീങ്ങാന്‍ പറ്റുന്നില്ല. കഴുത്തിലെ കെട്ട് നന്നായി മുറുകി. അവന്‍  അടുത്തെത്തി. തല ഒന്നു മാറ്റിയാല്‍ അവനു പോകാനുള്ള വഴി കിട്ടുമെന്നു തൊന്നുന്നു.

    *                                     *                                      *                                        *

പേടിച്ചു പേടിച്ചാണു അവളുടെ അടുത്തേക്കു നടന്നത്. പ്രതീക്ഷിക്കാതെ അവള്‍ കഴുത്ത് വെട്ടിച്ചു. അറിയാതെ പുറകോട്ടു കുതിച്ചു പോയി. ദൈവമേ അവള്‍ക്ക് ദേഷ്യം തെന്നെ എന്നാ തോന്നുന്നേ. ആ കൊമ്പ് എങ്ങാനും കൊണ്ടിരുന്നെങ്കില്‍ എന്റെ മുത്തപ്പാ....

വടി എടുത്തു അവളെ ഒതുക്കിയാലോ ? ഒരിത്തിരി സ്ഥലം കിട്ടിയാല്‍ മതിയായിരുന്നു. ഒറ്റ ഓട്ടത്തിനു വീടെത്തും. പക്ഷേ അവള്‍ക്കു ഒന്നിനെയും പേടിയില്ല. പ്രത്യെകിച്ച് എന്നെ.

    *                                     *                                      *                                        *
  
അവന്‍ വടി എടുത്തു. ഈശ് വരാ എന്ത് ചെയ്യും നേരത്തേ കഴുത് വെട്ടിച്ചതു കൊണ്ട് ചോര പൊടിഞ്ഞു എന്നാണ് തോന്നുന്നത് . അവന്‍ വടി എടുത്താലും അടി കൊള്ളുക എന്നല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല ഒരടി നീങ്ങാന്‍ കഴിയുന്നില്ല. കഷ്ട്ടിച്ചു രണ്ടാള്‍ക്കു മാത്രം നടക്കാന്‍ പറ്റുന്ന ഇട വഴി. എങ്ങനെ, എങ്ങോട്ടു മാറും?

    *                                     *                                      *                                        *

വടി വീശിയിട്ടും ഒരു രക്ഷയും ഇല്ല. അവള്‍ അനങ്ങുന്ന ലക്ഷണം ഇല്ല. അവളുടെ കഴുത്തിലെ കയര്‍  മുറുകിയിരിക്കുന്നു.അതാണോ ഇങ്ങനെ നടു വഴിയില്‍ നില്‍ക്കുന്നത് ?
അവളെ മാറ്റി കെട്ടിയാലൊ? പക്ഷേ ശരീരം തളരുന്നു. ഇനി ഒരടി നടക്കാന്‍ വയ്യാ.... അപ്പു നിലത്തിരുന്നു. ചാരാന്‍ ഒരു പോസ്റ്റ്‌ ഉള്ളത് നന്നായി.

    *                                     *                                      *                                        *

തിരിച്ചു കയറാന്‍ നോക്കണമായിരുന്നു. പക്ഷെ തല അനക്കാന്‍ പറ്റുന്നില്ല. ആകെ അറിയുന്ന കരച്ചില്‍, അതിനും ഫലം ഇല്ലേ ?
അപ്പുവിനോടോന്നു പറയാന്‍ കഴിഞ്ഞെങ്കില്‍ ആ കയര്‍ ഒന്ന് അഴിച്ചിരുന്നെങ്കില്‍....
ശ്വാസം എടുക്കാന്‍ തന്നെ ബുദ്ധിമുട്ട് . മരിച്ചു പോകുമോ ?

    *                                     *                                      *                                        *

ഹോ ... ഇവളുടെ കയറിനു ഇതിലും നീളം ഉണ്ടായിരുന്നല്ലോ രാവിലെ കെട്ടിയപ്പോള്‍. കയറിനു നീളം കൂട്ടി ചെയ്തതാണ്. കുറച്ചു നല്ല പുല്ലു തിന്നോട്ടെ എന്ന് കരുതി. അവള്‍ ഈ കെള (മതില്‍ / കിടങ്ങ് ) ചാടി താഴെ ഇറങ്ങും എന്ന് ഒര്ത്തതല്ല.
അല്ലെങ്കിലും അവളെന്തിനാ ഇവിടെ ഇറങ്ങിയത്? പുല്ല് ആവശ്യതിനു ആ പറമ്പില്‍ ഉണ്ടല്ലോ?

എന്നെ പൊലെ രാവിലെ തൊട്ടു വെള്ളം അവളും കുടിച്ചിട്ടില്ല എന്നു തൊന്നുന്നു. ദാഹം ആകുമോ അവളുടെയും പ്രശ്നം? ഇവളുടെ കയറിന്റെ നീളം എങ്ങനെ കുറഞ്ഞു?

ഇനി പുല്ലന്വേഷിച്ചു നടക്കുന്നതിനിടയില്‍ കയര്‍ മരം ചുറ്റി പോയതാണോ ?

ദാഹം, വിശപ്പ്, ക്ഷീണം .....
കണ്ണുകള്‍ അടഞ്ഞു പോകുന്നു. ഉറക്കം വരുന്നതാണോ ? കണ്ണ് തുറക്കാന്‍ കൂടെ കഴിയുന്നില്ല.

    *                                     *                                      *                                        *

കഴുത്തിലെ വേദന നന്നായി അറിയാന്‍ തുടങ്ങി.
അവന്‍ എന്തെ ഇരുന്നത് ? വയ്യാത്തത് പോലെ?
ഇനി അവനും എന്നെ പോലെ ദാഹം ആണോ ? എന്നാല്‍ ഈ തോട് അവന്‍ കണ്ടില്ലേ ?
കഴുത്തിലെ വേദന എറ്റവും കുറഞ്ഞ രീതിയില്‍ കിളയോടടുത്ത് നിന്നു.
അപ്പു ഉറങ്ങി പോയോ? അയ്യൊ അവനെന്തു പറ്റി?
ഇതു വഴി ഒരു മനുഷ്യന്‍ പോലും വരുന്നതു കാണുന്നില്ലല്ലോ..... ദൈവമേ....

വെയിലില്‍ അവരെ നോക്കി ചിരിച്ചു കൊണ്ട് തൊടിലെ വെള്ളം മാത്രം അതു വഴി ഒഴുകുന്നുണ്ടായിരുന്നു....